താഴത്തില്ലടാ….!അപ്രതീക്ഷിതമായി പുലിയെത്തി; പതറാതെ നിന്ന നായയുടെ ധൈര്യത്തെ നമിച്ച് സോഷ്യല്‍ മീഡിയ

ഏത് നിമിഷവും അപകടം കുതിച്ചെത്താവുന്ന ഒരു കാട്ടുപാത. പാതയുടെ നടുവിലൂടെ ഒറ്റയ്ക്ക് നടന്നുപോകുമ്പോള്‍ പെട്ടെന്ന് മുന്നില്‍ ഒരു പുലി കുതിച്ചെത്തിയാലോ? ഒട്ടുമിക്ക പേരും വിരണ്ടു പോകും. പുലിയ്‌ക്കൊപ്പം വേഗതയില്‍ ഓടാന്‍ കഴിവോ ഒളിച്ചിരിക്കാന്‍ മറവോ കൂടി ഇല്ലാത്ത ഒരു സന്ദര്‍ഭം പലര്‍ക്കും ഗൗരവത്തോടെ ചിന്തിക്കാന്‍ പോലും പ്രയാസമാകും. ഭയം കൊണ്ട് പല്ലുകള്‍ കൂട്ടിയിടിച്ചുപോകുന്ന ഈ സന്ദര്‍ഭത്തില്‍ പോലും സ്വന്തം ആറ്റിറ്റിയൂഡ് കൊണ്ട് മറുപടി നല്‍കാമെന്ന് നെറ്റിസണ്‍സിനെ പഠിപ്പിച്ചിരിക്കുകയാണ് ഒരു നായ. ഞെട്ടിത്തരിച്ചുപോയ സന്ദര്‍ഭത്തില്‍ ഒരു നിമിഷാര്‍ദ്ധം പോലും വൈകാതെ പെട്ടെന്ന് സ്വന്തം മനോധൈര്യം കൊണ്ട് മരണത്തെ പ്രതിരോധിക്കുന്ന ഒരു നായയുടെ വിഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു കാട്ടുപാതയില്‍ വിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു നായയുടെ നേര്‍ക്ക് ഒരു പുലി പാഞ്ഞടുക്കുന്നതും ചാടിയെഴുന്നേറ്റ നായ പുലിയെ കുരച്ചോടിക്കുന്നതുമായ ദൃശ്യങ്ങളാണ് വൈറല്‍ വിഡിയോയിലുള്ളത്. പുലി കുതിച്ച് മുഖാമുഖം വന്നുനില്‍ക്കുമ്പോള്‍ ഒട്ടും പതറാതെ തന്റെ സര്‍വശക്തിയുമെടുത്ത് കുരച്ചുകൊണ്ടേയിരിക്കുന്ന നായയുടെ മനോധൈര്യത്തിന് മുന്നിലാണ് സോഷ്യല്‍ മീഡിയ നമിച്ചത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ ഇരയ്ക്ക് മേല്‍ പിടിമുറുക്കി കടിച്ചുകുടയാനാകുന്ന പുലി നായയുടെ കുരയ്ക്ക് മുന്നില്‍ പതറിപ്പോകുന്നതായി വിഡിയോയിലുണ്ട്. വിശപ്പാണ് വന്യമൃഗങ്ങളെ ഇരയെ പിടിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നതിനാല്‍ ഇത് ഇരപിടുത്തവുമായി ബന്ധിപ്പിക്കാനാകുന്ന സന്ദര്‍ഭമല്ലെങ്കിലും പുലിയെ കാട്ടിനുള്ളിലേക്ക് മടക്കിയയച്ച നായയുടെ ധീരതയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്.
പുലിയെ കാണുമ്പോള്‍ മറ്റ് മൃഗങ്ങള്‍ പിന്തിരിഞ്ഞ് ജീവനും കൊണ്ട് ഓടാറാണ് പതിവെങ്കിലും ഈ നായ പിന്നോട്ട് പോകാതെ പുലിക്ക് നേര്‍ക്ക് കുരച്ചടുത്തതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. വിഡിയോ ആരാണ് എടുത്തത് എന്ന് വ്യക്തമല്ല. ഒരു കാറിന്റെ ചില ഭാഗങ്ങള്‍ വിഡിയോയില്‍ കാണുന്നുണ്ട് എന്നതിനാല്‍ കാട്ടിലെത്തിയ സഞ്ചാരികളാകാം വിഡിയോ ക്യാമറയില്‍ പകര്‍ത്തിയതെന്ന് നെറ്റിസണ്‍സ് അനുമാനിക്കുന്നുണ്ട്. ഇതാണ് ആറ്റിറ്റിയൂഡ്… താഴത്തില്ലടാ… എന്ന കമന്റുകളോടെയാണ് സോഷ്യല്‍ മീഡിയ നായയെ ഏറ്റെടുത്തത്.
Story Highlights: viral video of dog and leopard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here