Advertisement

എന്താണ് മറക്കപ്പെടാനുള്ള അവകാശം?; നടന്‍ അശുതോഷ് സമര്‍പ്പിച്ച ഹര്‍ജിയെക്കുറിച്ച് അറിയേണ്ടതെല്ലാം

February 20, 2022
Google News 1 minute Read

നടനും റിയാലിറ്റി ഷോ സെലിബ്രിറ്റിയുമായ അശുതോഷ് കൗശിക് മറക്കപ്പെടാനുള്ള തന്റെ അവകാശം സംരക്ഷിക്കുന്നതിനായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റിവെച്ച പശ്ചാത്തലത്തില്‍ ഈ അപൂര്‍വ ഹര്‍ജിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. ഒരു ദശാബ്ദത്തിന് മുന്‍പ് താന്‍ ചെയ്ത തെറ്റിന്റെ പേരില്‍ ഇപ്പോഴും തന്റെ സ്വസ്ഥതയെ നശിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് താരം ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. മറക്കപ്പെടാനുള്ള അവകാശത്തിനായുള്ള നിയമപോരാട്ടം ഇന്ത്യന്‍ സാഹചര്യത്തില്‍ എത്രകണ്ട് പ്രാവര്‍ത്തികമാകുമെന്നതടക്കമുള്ള വിഷയങ്ങള്‍ അശുതോഷിന്റെ ഹര്‍ജിയോടെ വീണ്ടും ചര്‍ച്ചയാകുകയാണ്.

എന്തിനാണ് അശുതോഷ് കോടതിയെ സമീപിച്ചത്?

മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 2009ല്‍ മുംബൈ ട്രാഫിക് പൊലീസിന്റെ പരിഗണനയിലെത്തിയ ഒരു കേസാണ് ഈ അപൂര്‍വ ഹര്‍ജിക്ക് ആധാരം. മദ്യപിച്ച് അര്‍ധബോധാവസ്ഥയിലായ താരത്തിന്റെ നിരവധി ഫോട്ടോകളും വിഡിയോകളും അന്ന് പലരും പകര്‍ത്തിയിരുന്നു. അന്ന് പറ്റിപ്പോയ കൈയബദ്ധത്തിന്റെ പേരില്‍ ഒരു പതിറ്റാണ്ടിലധികം കാലത്തിന് ശേഷവും താന്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അശുതോഷ് ഹര്‍ജി സമര്‍പ്പിച്ചത്. ഡ്യൂട്ടിയിലിരുന്ന ഉദ്യോഗസ്ഥരെ അനുസരിക്കാതെ അവരോട് മോശമായി പെരുമാറിയ ദൃശ്യങ്ങള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചതാണ് ഹര്‍ജിയുടെ പശ്ചാത്തലം.

എന്താണ് മറക്കപ്പെടാനുള്ള അവകാശം?

ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 21ല്‍ നിര്‍വചിച്ചിരിക്കുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ഭാഗമായിത്തന്നെ മറക്കപ്പെടാനുള്ള അവകാശത്തെയും കാണണമെന്നാണ് ഹര്‍ജിയിലൂടെ അശുതോഷ് സൂചിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറ്റിയ തെറ്റിന്റെ പേരില്‍ ഇനിയും അപമാനിക്കപ്പെടാതിരിക്കാനും ഫോട്ടോകളും വിഡിയോകളും ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യാനും കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് ആവശ്യം.

യൂറോപ്യന്‍ യൂണിയനിലാണ് മറക്കപ്പെടാനുള്ള അവകാശത്തെ കൃത്യമായി നിയമസംവിധാനം തിരിച്ചറിഞ്ഞ് സംരക്ഷിക്കുന്നത്. കോണ്‍ട്രാക്ടുകളോ ബന്ധങ്ങളോ ജോലിയോ അവസാനിപ്പിച്ചാല്‍ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നീക്കം ചെയ്യാനായി ഈ അവകാശപ്രകാരം കോടതിയെ സമീപിക്കാനാകും.

ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ അവകാശത്തിന്റെ പ്രായോഗികതയെന്ത്?

സ്വകാര്യതയ്ക്കുള്ള അവകാശം ഒരു മൗലികാവകാശമായ പശ്ചാത്തലത്തില്‍ മറക്കപ്പെടാനുള്ള അവകാശം സംരക്ഷിക്കപ്പെടുമെന്നാണ് അശുതോഷ് ഉള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷിക്കുന്നത്. പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലിന്റെ ക്ലോസ് 20ന് കീഴില്‍ മറക്കപ്പെടാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. തന്നെക്കുറിച്ച് പ്രചരിക്കുന്ന ഒരു വിവരം മറക്കപ്പെടേണ്ടതാണ് എന്ന് നിശ്ചയിക്കാനുള്ള അവകാശം ആ വ്യക്തിയ്ക്ക് മാത്രമായി നല്‍കാനാകില്ലെന്നതാണ് ഏറെ ശ്രദ്ധേയം. അശുതോഷിന്റെ ഹര്‍ജി പരിഗണിച്ചശേഷം കോടതി എടുക്കുന്ന തീരുമാനങ്ങള്‍ നിയമചരിത്രത്തില്‍ത്തന്നെ അതിനാല്‍ നിര്‍ണായകമാകും.

Story Highlights: what is right to forgotten

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here