യോഗ്യതയുള്ളവര്‍ ഇല്ലാതിരുന്നതിനാല്‍ അഴിമതിക്കാരനെ നിയമിക്കേണ്ടിവന്നു; സിറിയക് ജോസഫിനെതിരെ കെ.ടി ജലീല്‍
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ആരോപണങ്ങളുമായി കെ ടി ജലീല്‍ എംഎല്‍എ. ലോകായുക്ത ബോധപൂര്‍വം ആരുടെയൊക്കെയോ ചട്ടുകമായി പ്രവര്‍ത്തിച്ചെന്നാണ് സംശയിക്കുന്നത്. കേസിന്റെ നടപടി ക്രമങ്ങള്‍ 10 ദിവസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. അര്‍ഹരായ മറ്റാരും ഇല്ലാത്തതിനാല്‍ (അവെയ്‌ലബിലിറ്റി) ആണ് ലോകായുക്തയായി സിറിയക് ജോസഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമിച്ചതെന്നും ജലീല്‍ ട്വന്റിഫോറിനോട് പറഞ്ഞു.
യോഗ്യതയുള്ളവര്‍ അപ്പോള്‍ ഇല്ലാതിരുന്നത് കൊണ്ട് ഒരു അഴിമതിക്കാരനെ ആ സ്ഥാനത്ത് നിയമിക്കേണ്ടിവന്നതാണ്. താന്‍ നേരത്തെ പല തവണ പറഞ്ഞതാണ്, അഭയ കേസ് അട്ടിമറിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചെന്ന കാര്യം സുവ്യക്തമാണ്. തന്റെ പരിധിയില്‍ വരാത്ത കേസില്‍ സിറിയക് ജോസഫ് ഇടപെട്ടത് എന്തിനാണ്? സ്ഥാനം ഒഴിയണമെന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെ. സിറിയക് ജോസഫിനെതിരെ ഉന്നയിക്കുന്നത് വ്യക്തിപരമായ പകപോക്കലല്ലെന്നും താന്‍ വെളിപ്പെടുത്തുന്നത് വസ്തുതകളാണെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു. ഏറ്റവും കുറഞ്ഞ കേസുകളില്‍ വിധി പറഞ്ഞ ന്യായാധിപനാണ് സിറിയക് ജോസഫ്. ബന്ധുനിയമന കേസില്‍ തനിക്ക് പറയാനുള്ള ഭാഗം കേള്‍ക്കാതെയാണ് അദ്ദേഹം വിധി പറഞ്ഞതെന്നും ജലീല്‍ പറഞ്ഞു.
അതിനിടെ പച്ച കലര്‍ന്ന ചുവപ്പ് എന്ന പേരില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന ജലീലിന്റെ പുസ്തകത്തില്‍ സിറിയക് ജോസഫിന്റെ മുന്‍കാല ചരിത്രവുമായി ബന്ധപ്പെട്ട് തനിക്ക് ബോധ്യമുള്ള ചില വെളിപ്പെടുത്തലുകളും ഉണ്ടാകുമെന്ന് ജലീല്‍ പറഞ്ഞു.
Read Also : ഈ വിഴുപ്പുഭാണ്ഡം ഇനിയും എന്തിന് ചുമക്കണം, ലോകായുക്തയ്‌ക്കെതിരെ വീണ്ടും കെ.ടി. ജലീല്‍
അതേസമയം ന്യായാധിപനെന്നുള്ള നിലയില്‍ ഇരിക്കുന്ന സ്ഥാനത്തോട് കുറച്ചെങ്കിലും ബഹുമാനമുണ്ടെങ്കില്‍ ലോകായുക്ത ജസ്റ്റിസ് സ്ഥാനം ഡോ. സിറിയക് ജോസഫ് രാജി വയ്ക്കണമെന്ന് കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ മൊഴി കൊടുത്ത അഭയാ കേസ് കുറ്റപത്രത്തിലെ തൊണ്ണൂറ്റി ഒന്നാം സാക്ഷിയായ ഡോ. എസ.് മാലിനി, അത് രേഖപ്പെടുത്തി റിപ്പോര്‍ട്ടാക്കി സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച സി.ബി.ഐ ഡിവൈ.എസ്.പി നന്ദകുമാര്‍ നായര്‍, അത് ജനങ്ങളോട് വെളിപ്പെടുത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, ഇത് ഉയര്‍ത്തിക്കൊണ്ടുവരുന്ന ഞാന്‍ എന്നിവര്‍ക്കെതിരായി നടപടിക്ക് അദ്ദേഹം തയ്യാറാകണമെന്നും ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Story Highlights: kt jaleel, lokayukta justice cyriac joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here