കുടുംബത്തെക്കാളും ഞാന്‍ സ്‌നേഹിച്ചത് എന്റെ ചേച്ചിയെ; കെപിഎസി ലളിതയെ കുറിച്ച് വിലാസിനി

കഴിഞ്ഞ പന്ത്രണ്ടുവര്‍ഷക്കാലം കെപിഎസി ലളിതയുടെ ജീവിതത്തോടൊപ്പം സഞ്ചരിച്ച വ്യക്തിയാണ് വിലാസിനി. ലളിത ചേച്ചി എന്ന ആ അഭിസംബോധനയില്‍ വിലാസിനി വിങ്ങുകയാണ്. കെപിഎസി ലളിതയുടെ അവസാന നാളുകളെ കുറിച്ചും ആ ബന്ധത്തെ കുറിച്ചും ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ട്വന്റിഫോറിനോട്..
‘രണ്ട് ശരീരവും ഒരു ഹൃദയവുമായി കഴിഞ്ഞവരാണ് ഞാനും ലളിത ചേച്ചിയും. ഞാനുമായി വലിയ അടുപ്പമായിരുന്നു. പക്ഷേ മൂന്ന് മാസത്തോളമായി ആള്‍ക്ക് ഒരു സംസാരവും ഉണ്ടായിരുന്നില്ല. എന്റെ കുടുംബത്തെക്കാളും അവരെയാണ് ഞാന്‍ സ്‌നേഹിച്ചത്. മകളുടെ വിവാഹത്തിന് ഒരു കൂടപ്പിറപ്പിനെ പോലെ എനിക്കൊപ്പം നിന്നു. എല്ലാ സഹായങ്ങളും ചെയ്തുതന്നു. ചേച്ചിയില്ലായിരുന്നെങ്കില്‍ മകളുടെ വിവാഹം പോലും നല്ല രീതിയില്‍ നടത്താന്‍ കഴിയുമായിരുന്നില്ല.
സ്‌നേഹത്തിനൊപ്പം പരസ്പരം പിണങ്ങിയിട്ടുമുണ്ട് ഞങ്ങള്‍. പക്ഷേ ചേച്ചി തന്നെ ഇങ്ങോട്ട് വരും. അസുഖം കൂടുതലുള്ള അവസാന സമയങ്ങളില്‍ ഞാനൊപ്പമുണ്ടായിരുന്നില്ല. ആ ദുഖമാണിപ്പോഴും. എന്റെ വീട്ടുകാരെക്കാളും അവരെയാണ് ഞാന്‍ സ്‌നേഹിച്ചത്. സര്‍ജറിക്ക് ശേഷം ഫ്‌ളാറ്റില്‍ കുറച്ചുകാലം ഞാനുമുണ്ടായിരുന്നു. ചേച്ചി പോയപ്പോള്‍ എന്റെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നതുപോലെയാണ്…’ വിലാസിനി പറഞ്ഞു.
Read Also : സിനിമാകഥകളെ വെല്ലുന്നതായിരുന്നു ഭരതന്റേയും കെപിഎസി ലളിതയുടേയും പ്രണയകഥ
ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത ലോകത്തോട് വിട പറഞ്ഞത്. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും.
അഞ്ചുപതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം അവസാനിപ്പിച്ചുകൊണ്ടാണ് മലയാളികളുടെ പ്രിയപ്പെട്ട നടി കെപിഎസി ലളിതയുടെ വിയോഗം. മലയാളത്തിലും തമിഴിലുമായി 550ഓളം സിനിമകളിലാണ് ലളിത അഭിനയിച്ചത്. മഹേശ്വരിയമ്മ എന്നായിരുന്നു കെപിഎസി ലളിതയുടെ യഥാര്‍ത്ഥ പേര്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് സജീവമായത്. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവര്‍ ചലച്ചിത്ര സംവിധായകന്‍ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അടുത്ത കാലം വരെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.
Story Highlights: kpac lalitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here