സിനിമാകഥകളെ വെല്ലുന്നതായിരുന്നു ഭരതന്റേയും കെപിഎസി ലളിതയുടേയും പ്രണയകഥ

ഭരതന്റേയും ശ്രീവിദ്യയുടേയും പ്രണയം മലയാള സിനിമാ ലോകത്ത് ചർച്ചയായിരുന്ന കാലം…അന്ന് ആ വിഖ്യാത പ്രണയത്തിനായി ഭരതന് വേണ്ട സഹായങ്ങൾ ചെയ്തിരുന്നത് കെപിഎസി ലളിതയായിരുന്നു. ( kpac lalitha bharathan love story )
ശ്രീവിദ്യയെ ഫോൺ ചെയ്യുന്നതിനായി ചെന്നൈയിൽ പരാംഗുശപുരത്ത് താമസിക്കുന്ന ഭരതൻ ലളിത താമസിക്കുന്ന സ്വാമിയാർ മഠത്തിലെ വീട്ടിൽ എത്തുമായിരുന്നു. സ്ത്രീകൾ വിളിച്ചാൽ മാത്രമേ ശ്രീവിദ്യയ്ക്ക് ഫോൺ കൊടുക്കുമായിരുന്നുള്ളു. അതുകൊണ്ട് ലളിതയാണ് ഭരതന് ഫോൺ വിളിച്ചുകൊടുത്തിരുന്നത്.
സിനിമാ ഷൂട്ടിങ്ങിനിടെ താനും ജയഭാരതിയും ചേർന്ന് ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിന്റെ പുരോഗതി ഒളിച്ചും മറഞ്ഞും നോക്കി നടന്നതിനെപ്പറ്റി പിന്നീട് കെപിഎസി ലളിത തന്നെ എഴുതിയിട്ടുണ്ട്. ലളിത പറഞ്ഞതിങ്ങനെ : ‘അസൂയയോ കുശുമ്പോ ഒന്നുമല്ല, ആകാംക്ഷമാത്രം’. എന്നാൽ ഭരതന്റേയും ശ്രീവിദ്യയുടേയും പ്രണയം അധികകാലം നീണ്ടുനിന്നില്ല. ‘രാജഹംസ’ത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഭരതനും ശ്രീവിദ്യയും പിണങ്ങി. അവർ വേർ പിരിഞ്ഞു.

Read Also : മഹേശ്വരിയമ്മ എങ്ങനെ ലളിതയായി ? അഭിനയലോകത്തേക്ക് മഹാനടി എത്തിയതിങ്ങനെ
ഭരതനും ലളിതയും തമ്മിൽ മുൻപേ മുതൽ നല്ല സൗഹൃദത്തിലായിരുന്നു. തന്റെ ആദ്യ സിനിമയുടെ പ്രിവ്യൂ കാണാനൊക്കെ ഭരതൻ ലളിതയെ ക്ഷണിച്ചിരുന്നു. പക്ഷേ ആ സൗഹൃദത്തെ പ്രണയമായി പലരും തെറ്റിദ്ധരിച്ചു. ഒടുവിൽ ‘രതിനിർവേദം’ എന്ന ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലെത്തിയ ലളിതയെ അന്വേഷിച്ച് ഭരതൻ എത്തി. ‘നമുക്കിത് സീരിയസായി എടുക്കാം’ എന്നായിരുന്നു ഭരതൻ ലളിതയോട് പറഞ്ഞ പ്രണയത്തിന്റെ ആദ്യവാചകം. ലളിത സമ്മതം ചൊല്ലി. ഭരതന്റെ വീട്ടുകാർക്ക് എന്നാൽ ഈ ബന്ധത്തോട് യോജിപ്പില്ലായിരുന്നു. അങ്ങനെ വിവാഹം നീട്ടിവച്ചു.

1978 മേയ് 21ന് മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ ലളിതയെ ഭരതൻ ആളെ വിട്ടു വിളിപ്പിച്ചു. ഭരതൻ, പത്മരാജൻ എന്നിവരുടെ കൂടിയാലോചനയിൽ വിവാഹം വച്ചുനീട്ടേണ്ടതില്ലെന്ന തീരുമാനം ഉടലെടുത്തു. ഈ തീരുമാനം അറിയിക്കാനാണ് ലളിതയെ വിളിക്കാൻ ആളുവന്നത്. പിറ്റേന്നു തന്നെ വിവാഹം നടത്താനായിരുന്നു തീരുമാനം. രഹസ്യം പുറത്താവാതാരിക്കാൻ തക്കലയ്ക്കടുത്ത് കുമരൻകോവിൽ വിവാഹത്തിനായി തെരഞ്ഞെടുത്തു. ഷൂട്ടിംഗിനിടെയാണ് ലളിത വിവാഹത്തിനായി പോയത്. നികുഞ്ജം കൃഷ്ണൻനായരുടെ കാറിലായിരുന്നു യാത്ര. മുൻകൂട്ടി അപേക്ഷ നൽകാഞ്ഞതിനാൽ ക്ഷേത്രത്തിന് പുറത്തുവച്ചായിരുന്നു വിവാഹം നടന്നത്. തൊട്ടടുത്ത ദിവസം തന്നെ രജിസ്ട്രാറെ രഹസ്യമായി വീട്ടിൽ വരുത്തി വിവാഹം രജിസ്റ്റർ ചെയ്തു.

വിവാഹം കഴിഞ്ഞ് രാത്രി സെറ്റിലേക്ക് മടങ്ങിയെത്തുമ്പോൾ ഷൂട്ടിങ് നിർത്തിവച്ച് സെറ്റ് കല്യാണാഘോഷത്തിന്റെ ആവേശത്തിലായിരുന്നു. തുടർന്ന് വീട്ടിൽ വിവരം അറിയിക്കാനായി ഭരതൻ വീട്ടിലേക്ക് പോയി. അപ്പോഴേക്കും പക്ഷേ, പത്രങ്ങളിലെ വാർത്തയും ചിത്രവും കണ്ട് കുടുംബം ദേഷ്യത്തിലായിരുന്നു. ഭരതൻ പക്ഷേ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കി. അങ്ങനെ കുടുംബത്തോടൊപ്പം വീണ്ടുമൊരു വിവാഹാഘോഷം ജൂൺ 2ന് ഗുരുവായൂരിൽ നടന്നു.

ഭരതനും കെപിഎസി ലളിതയ്ക്കും രണ്ട് മക്കളുണ്ട്. മകൻ സിദ്ധാർത്ഥ് ഭരതൻ, മകൾ ശ്രീക്കുട്ടി.
Story Highlights: kpac lalitha bharathan love story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here