‘അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാളാണ് യാത്രയായത്’; കെപിഎസി ലളിതയെ ഓര്‍മിച്ച് മഞ്ജു വാര്യര്‍

കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുസ്മരിച്ച് മഞ്ജുവാര്യര്‍. അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാള്‍ ആണ് യാത്രയായതെന്ന് മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസില്‍ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്‍മകളില്ല. പക്ഷേ ഉള്ളതില്‍ നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും ചേര്‍ത്തു പിടിക്കലുമുണ്ട്. ‘മോഹന്‍ലാല്‍ ‘ എന്ന സിനിമയില്‍ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓര്‍മ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്‌നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട- മഞ്ജു കുറിച്ചു.
തൃപ്പൂണിത്തുറയിലെ മകന്റെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവര്‍ ചലച്ചിത്ര സംവിധായകന്‍ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. ഈയടുത്ത് വരെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.
Read Also : കെപിഎസി ലളിതയുടെ സംസ്‌കാരം ബുധനാഴ്‌ച വൈകുന്നേരം വീട്ടുവളപ്പില്‍; രാവിലെ എട്ട് മുതല്‍ പൊതുദര്‍ശനം
അന്തരിച്ച നടി കെപിഎസി ലളിതയുടെസംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
Story Highlights: Manju Warrier remembers KPAC Lalitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here