Advertisement

അത്രയും പ്രായമൊന്നും എനിക്ക് ആയിട്ടില്ല; ഫ്ളവേഴ്സിന്റെ വേദിയിലെ ലളിതാമ്മ നിമിഷങ്ങൾ ഓർത്തെടുത്ത് പ്രേക്ഷകർ…

February 23, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിട പറഞ്ഞിരിക്കുന്നത് ഒരിക്കലും മറക്കാനാകാത്ത അഭിനയ വിസ്മയം. നികത്താനാകാത്ത നഷ്ടമെന്ന് വാക്കുകളാൽ പറഞ്ഞാൽ ആ അഭിനയ പ്രതിഭയ്ക്ക് മുന്നിൽ വാക്കുകൾ പോലും ചെറുതാകുകയുള്ളു. ഓർത്തിരിക്കാൻ കുന്നോളം സിനിമകളും ഒത്തിരിയേറെ നിമിഷങ്ങളും മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട് കെപിഎസി ലളിത. തുടക്കം മുതലേ ഫ്ളവേഴ്സിനും പ്രേക്ഷകർക്കും ഒപ്പം കെപിഎസി ലളിതയുടെ സാന്നിധ്യം ഒഴിവാക്കാൻ പറ്റാത്തതായിരുന്നു. ഫ്‌ളവേഴ്‌സ് സംപ്രേഷണം ചെയ്യുന്ന പല പ്രോഗ്രാമുകളിലും ലളിതാമ്മ അതിഥിയായി എത്തി. അഭിനയത്തിന്റെ എല്ലാം കുപ്പായവും അഴിച്ചുവെച്ചാലും മലയാളികൾക്ക് കെപിഎസി ലളിത എന്ന പേരിന്റെയും വ്യക്തിയുടെയും സ്ഥാനം ഹൃദയത്തിൽ തന്നെയാണ്. കേരളക്കരയുടെ മുഴുവൻ അമ്മയായി എത്തിയ മലയാളികളുടെ പ്രിയനടി വിടപറഞ്ഞപ്പോൾ ഫ്ളവേഴ്സിനൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് പ്രേക്ഷകർ.

ഫ്ളവേഴ്സിലെ ജനപ്രിയ പ്രോഗ്രാമായിരുന്ന കോമഡി സൂപ്പർനൈറ്റ് 2 ൽ അതിഥിയായി എത്തിയിരുന്നു കെപിഎസി ലളിത. ചിരിക്കാനും ചിരിപ്പിക്കാനും കുറെയധികം നിമിഷങ്ങളാണ് അന്ന് പ്രേക്ഷകർക്ക് ലളിതാമ്മ സമ്മാനിച്ചത്. പാട്ടും നൃത്തവുമായി ആരവങ്ങൾക്കിടയിലൂടെ ചിരിക്കുന്ന മുഖവുമായി ലളിതാമ്മ ആ വേദിയിലെത്തിയത്. പ്രേക്ഷകർക്കും ഫ്‌ളവേഴ്‌സ് ചാനലിനും സമ്മാനിച്ച വിലയേറിയ നിമിഷങ്ങൾക്ക് പകരം വെക്കാൻ ഇന്ന് മറ്റൊന്നില്ല. മലയാള സിനിമ കണ്ടുതുടങ്ങുന്നത് മുതൽ തന്നെ സിനിമയുടെ ഭാഗമാണ് കെപിഎസി ലളിത. ആമുഖത്തിലെ അവതാരകയുടെ ഈ വാക്കുകൾക്കാണ് എനിക്ക് അത്രയും പ്രായമൊന്നും ആയിട്ടില്ല എന്ന ഒറ്റ കൗണ്ടറിൽ ലളിതാമ്മ വേദിയിൽ ചിരി പകർത്തിയത്. ഒരു മുഴുനീളൻ സിനിമ തന്നെ വേണമെന്നില്ല വെറും നിമിഷങ്ങൾ മതി കെപിഎസി ലളിത എന്ന അഭിനയത്രിയ്ക്ക് പ്രേക്ഷകരെ കയ്യിലെടുക്കാൻ. പ്രേക്ഷകർക്കൊപ്പം സിനിമയിലെയും ജീവിതത്തിലെയും അനുഭവങ്ങൾ കോമഡി സൂപ്പർ നൈറ്റിലൂടെ ലളിതാമ്മ പങ്കുവെച്ചു. ഒപ്പം ചിരിക്കാൻ ഒത്തിരിയേറെ നിമിഷങ്ങളും…

Read Also : ‘അമ്മ മഴക്കാറിന് കൺനിറഞ്ഞു’; കെപിഎസി ലളിതയുടെ വിയോഗത്തിൽ മോഹൻലാൽ

ആ നടിയുടെ ഓരോ വളർച്ചയും പ്രേക്ഷകർക്ക് മുന്നിലൂടെ ആയിരുന്നു. പഴയ തലമുറ മുതൽ യുവ അഭിനേതാക്കളുടെ വരെ അമ്മയായി ലളിതാമ്മ വേഷ പകർച്ച നടത്തിയിട്ടുണ്ട്. സ്നേഹം മാത്രമല്ല കരുണയും ദേഷ്യവും കുശുമ്പും ഹാസ്യവുമെല്ലാം ആ കൈകളിൽ അത്രമേൽ ഭദ്രമായിരുന്നു. ജീവിതത്തിലെ ഓരോ പ്രതിസന്ധികളിലൂടെയും അവർ പോരാടി കൊണ്ടേയിരുന്നു. പ്രിയപ്പെട്ടവർക്ക് അമ്മയായും ചേച്ചിയായും കൂട്ടുകാരിയായും മലയാള സിനിമയുടെയും മലയാളികളുടെയും പ്രിയപെട്ടവളായി കെപിഎസി ലളിത ചേർന്ന് നിന്നു. അതുകൊണ്ട് തന്നെയാണ് കെപിഎസി ലളിതയുടെ വിയോഗം അത്രമേൽ വേദന മലയാളക്കരയ്ക്ക് ഏൽപ്പിച്ചത്.

മലയാളത്തിലും തമിഴിലുമായി 550 ലേറെ ചിത്രങ്ങളിൽ കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്ന കെപിഎസി ലളിത ചൊവ്വാഴ്ച രാത്രിയാണ് വിട പറഞ്ഞത്. ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകീട്ട് നാലരയോടെ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.

Story Highlights: Remembering KPAC Lalitha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement