ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയ്ക്ക് നാളെ തുടക്കം; സഞ്ജുവിന് സാധ്യത

ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയ്ക്ക് നാളെ തുടക്കം. ഇന്ത്യൻ ടീമിൽ പരുക്കേറ്റ സൂര്യകുമാർ യാദവ്, ദീപക് ചഹാർ, കെഎൽ രാഹുൽ എന്നിവർക്കൊപ്പം വിശ്രമം അനുവദിച്ച ഋഷഭ് പന്ത്, വിരാട് കോലി എന്നിവരും കളിക്കില്ല. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ടീമിലുണ്ട്. സൂര്യകുമാർ യാദവിൻ്റെ അഭാവത്തിൽ സഞ്ജു കളിക്കാനുള്ള സാധ്യത ഏറെയാണ്. (srilanka series sanju samson)
ഐപിഎലിലെ മികച്ച പ്രകടനങ്ങളാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നത്. 2015ൽ തന്നെ സഞ്ജു സിംബാബ്‌വെക്കെക്കെതിരായ ടി-20യിൽ അരങ്ങേറി. എന്നാൽ, ആ കളിയിൽ 19 റൺസ് മാത്രമെടുത്ത് പുറത്തായ സഞ്ജുവിന് പിന്നെ ടീമിൽ കളിക്കാൻ അവസരം ലഭിച്ചത് അഞ്ച് വർഷങ്ങൾക്കു ശേഷമാണ്. 2020ൽ ശ്രീലങ്കക്കെതിരായ മൂന്നാം ടി-20യിൽ കളിച്ച സഞ്ജു ഒരു സിക്സർ മാത്രം നേടി പുറത്തായി. പിന്നീട് ന്യൂസീലൻഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ശ്രീലങ്കക്കെതിരെയുമൊക്കെ കളിച്ചെങ്കിലും മികച്ച പ്രകടനം നടത്താൻ സഞ്ജുവിനു സാധിച്ചില്ല. ശ്രീലങ്കക്കെതിരെ ഏകദിനത്തിലും അരങ്ങേറിയ സഞ്ജു 46 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ടി-20 ടീമിൽ നിന്ന് ഏറെക്കുറെ പുറത്തായ സഞ്ജുവിനെ ഇന്ത്യൻ ടീമിലെ പുതിയ ക്യാപ്റ്റൻ്റെയും പരിശീലകൻ്റെയും പ്രതീക്ഷകളാണ് വീണ്ടും ടീമിലെത്തിച്ചത്. സഞ്ജുവിൻ്റെ കരിയറിൽ ഏറെ നിർണായകമായ ഒരു പരമ്പരയാണ് ഇത്. പരമ്പരയിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ ടി-20 ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ സഞ്ജുവിനു സാധിക്കും.
Read Also : സഞ്ജു അതിശയിപ്പിക്കുന്ന താരം; ലോകകപ്പ് ടീമിൽ പരിഗണിക്കും: രോഹിത് ശർമ്മ
അതിശയിപ്പിക്കുന്ന താരമാണ് സഞ്ജു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് പറഞ്ഞു. എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ഇന്നിങ്‌സ് സഞ്ജുവിൽ നിന്ന് നമ്മൾ കണ്ടിട്ടുണ്ട്. വിജയിക്കാനുള്ള കഴിവ് അദ്ദേഹത്തിലുണ്ട്. അതാണ് ഇവിടെ പ്രധാനം. കഴിവുള്ള ഒരുപാട് താരങ്ങളുണ്ട്. ആ കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തുക എന്നത് സഞ്ജുവിൻ്റെ കയ്യിലാണ്. ടീം മാനേജ്മെൻ്റ് എന്ന നിലയിൽ അദ്ദേഹത്തിൽ ഒറ്റക്ക് കളി ജയിപ്പിക്കാനുള്ള കഴിവ് ഞങ്ങൾ കാണുന്നു. ഞങ്ങൾക്കായി അദ്ദേഹം കളിക്കുമ്പോൾ അദ്ദേഹത്തിന് ആ ആത്മവിശ്വാസം നൽകാൻ ശ്രമിക്കും. ലോകകപ്പ് ടീമിൽ സഞ്ജുവിനെ പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയത്. അദ്ദേഹത്തിൻ്റെ ബാക്ക്ഫൂട്ടിലെ കളി വിസ്മയിപ്പിക്കുന്നതാണ്. ഐപിഎലിൽ നിങ്ങൾ കണ്ടിട്ടുള്ള ചില ഷോട്ടുകൾ, പിക്കപ്പ് പുൾ, കട്ട് ഷോട്ട്, ബൗളറുടെ തലയ്ക്ക് മുകളിലൂടെയുള്ള ഷോട്ടുകളൊക്കെ കളിക്കാൻ ബുദ്ധിമുട്ടാണ്. ഓസ്ട്രേലിയയിലേക്ക് പോകുമ്പോൾ അത്തരം ഷോട്ടുകൾ കളിക്കാനുള്ള കഴിവാണ് വേണ്ടത്. അത് സഞ്ജുവിലുണ്ട് എന്നും രോഹിത് പറഞ്ഞു.
Story Highlights: srilanka series sanju samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here