അലഞ്ഞ് തിരിയുന്ന കന്നുകാലികളെ സംരക്ഷിക്കുന്ന കർഷകർക്ക് മാസംതോറും പ്രതിഫലം; യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ അധികാരത്തിലെത്തിയാൽ അലഞ്ഞ് തിരിയുന്ന കന്നുകാലികളെ പുനഃരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി അലഞ്ഞ് തിരിയുന്ന കന്നുകാലികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന കർഷകർക്ക് മാസം തോറും 900 മുതൽ 1000 രൂപ വരെ പ്രതിഫലമായി നൽകും. അമേതിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യോഗി.
കന്നുകാലികൾ കൃഷികൾ നശിപ്പിക്കുന്നത് യുപിയിൽ പതിവാണ്. അതിനാൽ അലഞ്ഞ് തിരിയുന്ന കന്നുകാലികളിൽ നിന്ന് കർഷകരുടെ കൃഷിപ്പാടങ്ങൾ സംരക്ഷിക്കുമെന്നും യോഗി പറഞ്ഞു. അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ പൂർണ്ണമായും നിർത്തലാക്കി. ഗോമാതാവിനെ കശാപ്പുചെയ്യുന്നത് ബിജെപി സർക്കാർ അനുവദിക്കില്ലെന്നും യോഗി കൂട്ടിച്ചേർത്തു. യുവാക്കൾക്ക് 5 ലക്ഷം സർക്കാർ ജോലികൾ നൽകിയെന്നും യോഗി പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും.
അതേസമയം യുപിയിൽ വീണ്ടും അധികാരത്തിലെത്തിയാൽ തെരുവു കന്നുകാലികളുടെ പ്രശ്നത്തിനു പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉറപ്പു നൽകിയിരുന്നു. അലഞ്ഞുതിരിയുന്ന മൃഗങ്ങൾ മൂലം നിങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാർച്ച് 10 ന് ശേഷം ഒരു പുതിയ സംവിധാനം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പാൽ നൽകാത്ത മൃഗത്തിന്റെ ചാണകത്തിൽ നിന്ന് വരുമാനം നേടാനുള്ള സംവിധാനം ഉണ്ടാക്കുമെന്നുംമോദി കഴിഞ്ഞയാഴ്ച നടന്ന റാലിയിൽ പറഞ്ഞിരുന്നു.
Story Highlights: Will give Rs 900 monthly stipend for keeping cow- Yogi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here