ഇതൊക്കെയാണ് നമ്മെ ഒരുമിപ്പിക്കുന്നത്; വൈറലായ മുത്തപ്പൻ തെയ്യക്കോലത്തിന്റെ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി
ഒരുപക്ഷെ ഇതൊക്കെയാകാം ഈ നാട് നമുക്ക് പ്രിയപെട്ടതാക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുമ്പോൾ ഓർമയിൽ ഇത്രയെങ്കിലും ഉണ്ടായാൽ മതി മനുഷ്യരെല്ലാം ഒന്നാണെന്ന് ചിന്തിക്കാൻ. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായ മലബാറിലെ മുത്തപ്പന്‍ തെയ്യക്കോലത്തെ ഓർക്കുന്നില്ലേ. ആ ഒരൊറ്റ വീഡിയോ നമുക്ക് നൽകിയത് സ്നേഹത്തിന്റെയും ചേർത്തുനിർത്തലിന്റെയും ഒരു നൂറ് പാഠങ്ങളാണ്. കേരളക്കര മാത്രമല്ല പലയിടത്തും ആ ദൃശ്യങ്ങളും അതിലെ മുത്തപ്പനും ചർച്ചയായി. ഇന്നിതാ ആ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ എടുത്തുമാറ്റി ഒരു മുസ്ലിം യുവതിയെ ചേർത്തുനിർത്തുന്ന മുത്തപ്പന്റെ വീഡിയോ ഇന്നലെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അതാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ രാഹുൽ ഗാന്ധി പങ്കിട്ടിരിക്കുന്നത്. “എല്ലാ സംസ്‌കാരങ്ങളെയും ഉൾക്കൊള്ളുക, വ്യത്യസ്തതകൾ ആഘോഷിക്കുക, പരസ്പരം നിലകൊള്ളുക ഇതൊക്കെയാണ് ഇന്ത്യ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഈ കഥ ഭാരതീയതയുടെ മനോഹരമായ ഉദാഹരണമാണ്” എന്ന കുറിപ്പോടു കൂടിയാണ് രാഹുൽ ഗാന്ധി വീഡിയോ പങ്കിട്ടിരിക്കുന്നത്.
മലബാർ മേഖലയിലെ പ്രധാന തെയ്യക്കോലമാണ് മുത്തപ്പൻ. മുത്തപ്പൻ വെള്ളാട്ടം ഒരു മുസ്ലിം സ്ത്രീയോട് സ്നേഹത്തോടെയും അനുകമ്പയോടെയും സംസാരിക്കുന്നതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തത്. നിരവധി ആളുകൾ ഇതിനോടകം വീഡിയോ പങ്കുവെച്ചു കഴിഞ്ഞു. മുത്തപ്പന്റെ മുന്നിലേക്ക് വരാതെ മാറിനിന്ന യുവതിയെ അടുത്തേക്ക് വിളിച്ച് ‘നീ വേറെയൊന്ന്വല്ല. ഇങ്ങ് വാ… അങ്ങനെ തോന്നിയാ?’ എന്ന് ചോദിച്ച് അടുത്തേക്ക് വിളിച്ചാണ് മുത്തപ്പൻ വെള്ളാട്ടം അനുകമ്പയോടെ സംസാരിച്ച് തന്റെ അനുഗ്രഹങ്ങൾ ചൊരിയുന്നത്. സ്ത്രീ വിതുമ്പുന്നതും, മുത്തപ്പൻ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
Read Also : 9000 വർഷം പഴക്കമുള്ള ആരാധനാലയം; ജോർദാൻ മരുഭൂമിയിൽ കണ്ടെത്തിയ പുതിയ അവശേഷിപ്പുകൾ…
‘പള്ളിയും പള്ളിയറയും മടപ്പുരയും വേറിട്ടല്ല നിൽക്കുന്നത്. ജാതികൊണ്ടും മതം കൊണ്ടും ഞാൻ വേറെ ആണെന്ന ചിന്ത നിനക്കു തോന്നിയോ..എങ്കിൽ അത് വേണ്ട.’ എന്ന മുത്തപ്പന്റെ വാക്കുകൾ ജാതിയുടെയും മതത്തിന്റെയും ചങ്ങലക്കെട്ടുകൾ അത്രമേൽ മധുരമായാണ് പൊട്ടിച്ചുകളഞ്ഞത്. മനുഷ്യരായി ചേർന്നുനിൽക്കുന്നതിനേക്കാൾ ഭംഗിയുള്ള മറ്റെന്തുണ്ട് ഈ ഭൂമിയിൽ. സകല ദുരിതങ്ങളും പ്രയാസങ്ങളും മുത്തപ്പൻ മാറ്റി തരുമെന്നും ഇത് മുത്തപ്പന്റെ വാക്കുകളാണെന്നും പറഞ്ഞാണ് ആ യുവതിയുടെ കണ്ണുനീർ തുടയ്ക്കുന്നത്.
മതത്തിന്‍റെ പേരില്‍ ഏറെ ആക്രമണങ്ങളും വാക്ക് പോരുകളും നടക്കുന്ന കാലഘട്ടത്തിൽ ഇത്തരം കാഴ്ചകൾ നൽകുന്ന സന്തോഷവും തുടച്ചുനീക്കുന്ന പോരുകളും വളരെ വലുതാണ്. ചേർത്തുനിർത്തലിന്റെ കരങ്ങളായി മാറാൻ മനുഷ്യനായി പിറന്ന നമുക്കോരോരുത്തർക്കും സാധിക്കട്ടെ…
Story Highlights: Rahul Gandhi shares video of viral Muthappan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here