ജൂഡോയിലും കരാട്ടേയിലും ബ്ലാക്ക്‌ബെൽറ്റ്; ഇന്റലിജൻസ് ഓഫിസറിൽ നിന്ന് റഷ്യയുടെ അമരത്ത്; പുടിന്റെ കഥ

ജൂഡോയിലും കരാട്ടേയിലും ബ്ലാക്ക്‌ബെൽറ്റുള്ള, ഒഴിവുവേളകളിൽ ഇപ്പോഴും സ്ഥിരമായി പരിശീലനം നടത്തുന്ന മസിൽ മനുഷ്യന് പക്ഷേ, റഷ്യയിൽ എതിരാളികൾ ഇല്ലെന്നതാണു സത്യം. പ്രതിയോഗികൾ ഉണ്ട്. പക്ഷേ, പ്രയോജനമില്ല. ഇന്റലിജൻസ് ഓഫിസറിൽ നിന്നു റഷ്യയുടെ അമരത്തെത്തിയിട്ട് ഇരുപതാണ്ട് പിന്നിടുമ്പോഴും അജയ്യനാണു പുടിൻ. കഴിഞ്ഞ വർഷം നാലാം തവണയും പ്രസിഡന്റായപ്പോൾ വീണുകിട്ടിയത് ‘പുടിൻ 4.0’ എന്ന വിളിപ്പേര്. പുടിനു ലഭിച്ചത് 76.67% വോട്ട്. 21 കിലോഗ്രാം തൂക്കമുള്ള ഉലക്കമീനിനെ ഒറ്റയ്ക്കു പിടിച്ച സാഹസികൻ, കടുവാസങ്കേതത്തിലെത്തിയ സന്ദർശകർക്കുനേരെ ചാടുന്ന സൈബീരിയൻ കടുവയെ ഒതുക്കുന്ന ലാഘവത്തോടെ വിമതരുടെ യാഗാശ്വങ്ങളെ പിടിച്ചുകെട്ടുന്നു. അധികാരത്തിൽ ഓരോതവണയും പുതിയ അവതാരമെടുത്തു കരുത്തു പതിന്മടങ്ങാക്കുന്നു. ( story of vladimir putin )
രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിക്കുറിച്ച് വ്‌ളാഡിമിർ പുടിൻ എന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ റഷ്യ അടക്കിവാഴാൻ തുടങ്ങിയിട്ട് ഇരുപതാണ്ട് പൂർത്തിയാകുമ്പോഴും മറ്റൊരു പേരും ഉയർന്നു കേൾക്കുന്നില്ല. പ്രധാനമന്ത്രിയായും പ്രസിഡന്റായും രണ്ടു പതിറ്റാണ്ട് അധികാരത്തിന്റെ ചെങ്കോൽ ഈ കൈകളിൽ സുരക്ഷിതം. 1999 ഓഗസ്റ്റ് 9നാണ് അന്നത്തെ പ്രസിഡന്റ് ബോറിസ് യെൽസിൻ, ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്ന പുടിനെ ആക്ടിങ് പ്രധാനമന്ത്രിയായി നിയമിക്കുന്നത്. പുടിന്റെ മുൻഗാമികൾ പലരും വളരെ കുറച്ചുകാലം മാത്രം തുടർന്ന പദവി. യെൽസിന്റെ കാലയളവിൽ തന്നെ മൂന്നു പ്രധാനമന്ത്രിമാരാണ് സാമ്പത്തിക തകർച്ചയിൽ വലഞ്ഞ് രാജിവച്ചൊഴിഞ്ഞത്.
ജനനം, കുട്ടിക്കാലം, പഠനം, ഔദ്യോഗിക ജീവിതം
1952 ഒക്ടോബർ ഏഴിനു ലെനിൻഗ്രാഡിൽ (ഇപ്പോൾ സെന്റ് പീറ്റേഴ്‌സ്ബർഗ്) ഫാക്ടറി തൊഴിലാളിയുടെ മകനായാണു പുടിന്റെ ജനനം. തന്റെ മുത്തച്ഛൻ സോവിയറ്റ് നേതാക്കളായ ലെനിന്റെയും സ്റ്റാലിന്റെയും പാചകക്കാരനായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ലെനിൻഗ്രാഡ് സർവകലാശാലയിൽ നിയമപഠനത്തിനുശേഷം 1975ൽ റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ (കെജിബി) ഇന്റലിജൻസ് ഓഫിസറായി. ( story of vladimir putin )

ലെനിൻഗ്രാഡിലെത്തുന്ന വിദേശസന്ദർശകരുടെമേൽ ചാരക്കണ്ണുമായി പ്രതിഭ തെളിയിച്ചുകഴിഞ്ഞാണു രാഷ്ട്രീയത്തിലിറങ്ങിയത്. ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗകാലത്തു ജർമനും ഇംഗ്ലിഷും പഠിച്ചു. 1991ൽ, ലെനിൻഗ്രാഡ് മേയറായി മൽസരിച്ച അനറ്റൊലി സോബ്ചകിന്റെ ഉപദേശകനായാണു രാഷ്ട്രീയപ്രവേശം. ഇദ്ദേഹത്തിന്റെ മകളാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുടിന്റെ എതിർസ്ഥാനാർഥികളിലൊരാളായിരുന്ന സെനിയ സോബ്ചക്.
അനറ്റൊളി സോബ്ചക് അന്നത്തെ തിരഞ്ഞെടുപ്പു ജയിച്ചു മേയറായപ്പോൾ പുടിൻ രഹസ്യാന്വേഷണവിഭാഗം വിട്ടു.
ആറു വർഷം കഴിഞ്ഞ്, 1997ൽ പ്രസിഡന്റ് ബോറിസ് യെൽസിന്റെ കീഴിലുള്ള സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായി അദ്ദേഹം ഉദിച്ചുയർന്നു. 1999 ഓഗസ്റ്റിൽ യെൽസിൻ പുടിനെ റഷ്യൻ പ്രധാനമന്ത്രിയാക്കി. അതേവർഷം ഡിസംബറിൽ അപവാദങ്ങളെത്തുടർന്നു യെൽസിൻ അധികാരമൊഴിഞ്ഞപ്പോൾ അദ്ദേഹം ആക്ടിങ് പ്രസിഡന്റായി. 2000 മാർച്ചിൽ റഷ്യൻ പ്രസിഡന്റായി. 2004ൽ വീണ്ടും പ്രസിഡന്റായി. 2008ൽ പ്രധാനമന്ത്രിയായി. 2012ൽ മൂന്നാം തവണ പ്രസിഡന്റായി. തുടർച്ചയായി രണ്ടു തവണയിലേറെ പ്രസിഡന്റാകുന്നതിനാണു റഷ്യയിൽ വിലക്ക്.
സ്വകാര്യ ജീവിതം, എതിരാളികളെ ഒതുക്കൽ
‘ഇരുമ്പുമറ’യിട്ടു വ്യക്തിജീവിതത്തിന്റെ സ്വകാര്യത സൂക്ഷിക്കുന്ന വ്യക്തിയാണു വ്‌ളാഡിമിർ പുടിൻ. മുപ്പതു വർഷത്തെ ദാമ്പത്യത്തിനുശേഷം ഭാര്യ ലുഡ്മിളയിൽനിന്നു വിവാഹമോചനം നേടിയതു 2014ൽ. ഈ ബന്ധത്തിൽ രണ്ടു പെൺമക്കളുണ്ട് യെകാതറീന, മരിയ. ഒളിംപിക് ജിംനാസ്റ്റിക് താരം അലീന കബയേവയെ പുടിൻ വിവാഹം കഴിച്ചതായ വാർത്തകൾ വിവാദമായിരുന്നു.
റഷ്യയ്ക്കു വീരനായകനും പടിഞ്ഞാറിനു വില്ലനുമാണു പുടിൻ. റഷ്യൻ ഇരട്ടച്ചാരൻ സെർഗെയ് സ്‌ക്രീപലിനെ ബ്രിട്ടനിൽ വിഷരാസവസ്തു പ്രയോഗിച്ചു വധിക്കാൻ ശ്രമിച്ചതു പുടിന്റെ അറിവോടെയെന്ന ആരോപണങ്ങളാണ് ഏറ്റവും പുതിയത്.
യുക്രെയ്‌നിലെ ക്രൈമിയ 2014 മാർച്ച് 18നു റഷ്യയുടെ ഭാഗമായതു പടിഞ്ഞാറൻ രാജ്യങ്ങൾ നോക്കിനിൽക്കുമ്പോൾ. സിറിയയിലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് യുഎൻ സുരക്ഷാസമിതിയിൽ പ്രമേയം വന്നപ്പോഴെല്ലാം പ്രസിഡന്റ് ബഷാർ അൽ അസദിനെ രക്ഷിക്കാനായി 11 തവണയാണു റഷ്യ വീറ്റോ അധികാരം പ്രയോഗിച്ചത്. യുഎസിലും ഫ്രാൻസിലും പ്രസിഡന്റ് തിരഞ്ഞെടുപ്പുപ്രചാരണക്കാലത്ത് റഷ്യൻ സൈബർ ആക്രമണങ്ങൾ നടന്നതായും ആരോപിക്കപ്പെടുന്നു. ശത്രുക്കളാരെന്നു തിരിച്ചറിയുകയും അവരെയെല്ലാം നിഷ്‌ക്രിയരാക്കുകയും കലയാണു രാഷ്ട്രീയമെന്നു പറഞ്ഞ ഇവാൻ ഇൽയിനിന്റെ തത്വചിന്തയാണു വ്‌ളാഡിമിർ പുടിന്റെ വഴിവിളക്ക്.
അധികാരത്തിലെത്തിയ ശേഷം ആഭ്യന്തര ഭീകരവാദത്തോടു സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് പുടിനു സ്വീകാര്യത നൽകിയത്. 1999 സെപ്റ്റംബറിൽ റഷ്യയിലെ നിരവധി നഗരങ്ങളിൽ ബോംബാക്രമണങ്ങളിൽ നൂറുകണക്കിനു പേർ മരിച്ചുവീണു. അതിശക്തമായി തിരിച്ചടിക്കാൻ പുടിൻ ആഹ്വാനം ചെയ്തു. ചെച്‌നിയൻ തലസ്ഥാനത്ത് റഷ്യൻ സേന ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ഇസ്ലാമിക ഭീകരരാണ് റഷ്യയിലെ ആക്രമണത്തിനു പിന്നിലെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. എന്നാൽ റഷ്യൻ ചാരസംഘടനകൾ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന് പുടിന്റെ എതിരാളികളായ, നാടുകടത്തിയ കോടീശ്വരൻ ബോറിസ് ബെരെസോവ്‌സ്‌കിയും മുൻ റഷ്യൻ ചാരനായ അലക്‌സാണ്ടർ ലിത്വിനെങ്കോയും പ്രചരിപ്പിച്ചു.
2013ൽ ബെരെസോവ്‌സ്‌കിയെ ബ്രിട്ടനിലെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നായിരുന്നു വിലയിരുത്തൽ. ലിത്വിനെങ്കോയാകട്ടെ ലണ്ടനിൽ പൊളോണിയം210 ഉള്ളിൽ ചെന്നു മരിച്ചു. എന്തായാലും ചെച്‌നിയയിൽ നടത്തിയ ആക്രമണങ്ങളോടെ രാജ്യം പുടിനു പിന്നിൽ ഒറ്റക്കെട്ടായി. സാമ്പത്തികമായി തകർന്ന രാജ്യം അതിജീവനത്തിനുള്ള കൈത്താങ്ങായി പുടിനെ കണ്ടു. എസ് യു27 ജെറ്റ് വിമാനം പറത്തി ചെച്‌നിയൻ തലസ്ഥാനത്തേക്കു പറന്നതുൾപ്പെടെ വീരഗാഥകൾ നാടെങ്ങും പരന്നു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ കരുത്തിൽ
ലോകനേതാവെന്ന തരത്തിലേക്കു പുടിൻ വളർന്നുകയറി. 9/11 ആക്രമണത്തിനു ശേഷം അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷിനെ ആദ്യം വിളിച്ച ലോകനേതാവ് പുടിൻ ആയിരുന്നു. അഫ്ഗാൻ അധിനിവേശത്തിനായി മധ്യഏഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാക്കാൻ റഷ്യ സമ്മതം മൂളി. ഇതോടെ റഷ്യൻ വ്യോമാതിർത്തിയിലൂടെ അമേരിക്കൻ സൈന്യത്തിന് അഫ്ഗാനിലേക്കു പറക്കാൻ കഴിഞ്ഞു. ശീതയുദ്ധകാലത്ത് ആലോചിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു ഇത്. എന്നാൽ പിന്നീട് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം വിന്യസിക്കാനുള്ള യുഎസ് നീക്കത്തെ പുടിൻ എതിർത്തു.
2014ൽ റഷ്യ, ക്രീമിയ കീഴടക്കിയതോടെ അമേരിക്കയും സഖ്യരാജ്യങ്ങളും അതിശക്തമായ ഉപരോധന നടപടികളുമായി രംഗത്തെത്തി. എന്നാൽ പുടിൻ വഴങ്ങാൻ കൂട്ടാക്കിയില്ല. കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളിലൂടെ ഇതിനെ മറികടക്കാനായിരുന്നു പുടിന്റെ തീരുമാനം. ഏറെക്കുറെ വിജയകരമായി നടപ്പാക്കാൻ പുടിനു കഴിയുകയും ചെയ്തു. ആറു വർഷത്തെ കാലാവധി കഴിഞ്ഞ് 2024ൽ പുടിന് അധികാരം വിട്ടൊഴിയേണ്ടിവരും. എന്നാൽ ചൈനയിൽ ഷീ ചിൻപിങ് തുടരുന്നതു പോലെ പുടിനും അധികാരത്തിലുണ്ടാകുമെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.
വിദേശത്ത് പുടിൻ വില്ലനാണെങ്കിൽ റഷ്യയിൽ വീരനായകൻ
യെൽസിന്റെ കാലത്തുനിന്ന് വ്യത്യസ്തമായി വിദേശനയകാര്യങ്ങളിൽ പാശ്ചാത്യചേരിക്കെതിരെ നിലകൊള്ളാൻ പുടിൻ തയ്യാറായി. മൂന്നാമതും പ്രസിഡന്റായി 2012ൽ അധികാരമേറ്റതിനുശേഷമാണ് ഈ ദിശയിലുള്ള നയംമാറ്റം പുടിനിൽനിന്ന് ഉണ്ടാകുന്നത്. നാലുവർഷംമുമ്പ് ഉക്രെയിനിൽനിന്ന് ക്രിമിയ പിടിച്ചെടുത്തതും സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ബഷർ അൽ അസദ് സർക്കാരിന് അനുകൂലമായി യുദ്ധത്തിൽ പങ്കാളിയായതും പുടിന്റെ പ്രതിച്ഛായ വർധിപ്പിച്ചു. സോവിയറ്റ് പതനത്തിനുശേഷം ആദ്യമായി ലോകരാഷ്ട്രീയത്തിൽ റഷ്യക്ക് സുപ്രധാന സ്ഥാനം ലഭിച്ചു. ക്രിമിയ കീഴ്‌പെടുത്തിയ വേളയിൽ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യശക്തികൾ ഏർപ്പെടുത്തിയ ഉപരോധവും എണ്ണവിലയിലുണ്ടായ ഇടിവും റൂബിളിന്റെ തകർച്ചയും റഷ്യൻ സമ്പദ്വ്യവസ്ഥയെ ഉലച്ചെങ്കിലും അതൊന്നും ഒരു പ്രതിസന്ധിയിലേക്ക് നീങ്ങാതെ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ പുടിന് കഴിഞ്ഞു. അതായത് സാമ്പത്തികരംഗത്തും രാഷ്ട്രീയരംഗത്തും പുടിൻ നൽകിയ ഈ രാഷ്ട്രീയസ്ഥിരതയാണ് അദ്ദേഹത്തിന്റെ വർധിച്ച ജനപ്രീതിക്ക് കാരണം. ‘പുടിനില്ലെങ്കിൽ റഷ്യയുമില്ല’ എന്ന വ്യാചസ്ലാവ് വെളോഡിനിന്റെ പ്രസ്താവന ഈ സാഹചര്യത്തിലാണ് ഉണ്ടായത്. ( story of Vladimir Putin )
യുക്രൈന്‍ ആയുധം താഴെവച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ
യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി. ഇപ്പോള്‍ നടക്കുന്നത് അധിനിവേശമല്ലെന്നും, യുക്രൈനെ സ്വതന്ത്രരാക്കാനുള്ള നീക്കമാണെന്നും സെര്‍ജി ലാവ്‌റോവ് അറിയിച്ചു. റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയതോടെ യുദ്ധം നിര്‍ത്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു. അതിനോടുള്ള പ്രതികരണമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. റഷ്യയ്ക്ക് നേരെ യുക്രൈന്‍ പട്ടാളക്കാര്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്. യുക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനം റഷ്യ തകര്‍ത്തിരുന്നു. 118 യുക്രൈന്‍ സൈനിക കേന്ദ്രങ്ങളും അഞ്ച് വിമാനങ്ങളും തകര്‍ത്തതായി റഷ്യ അറിയിച്ചു. 150ല്‍ അധികം യുക്രൈന്‍ സൗനികര്‍ ആയുധം വെച്ച് കീഴടങ്ങിയെന്നാണ് റഷ്യയുടെ അവകാശവാദം.
കരിങ്കടലിലെ സിംനയ് ദ്വീപ് പിടിച്ചെടുത്തതിന് പിന്നാലെ 82 യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയതായി ഉക്രൈന്‍ തന്നെ അറിയിച്ചിട്ടുണ്ട്. നേരത്തേ, റഷ്യന്‍ പ്രവേശനം തടയാനായി കീവിലെ പാലം ഉക്രൈന്‍ സൈന്യം കത്തിച്ചിരുന്നു. എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്ത് റഷ്യന്‍ സേന മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് യുദ്ധം നിര്‍ത്താന്‍ ചര്‍ച്ചയാകാമെന്ന് യുക്രൈന്‍ അറിയിച്ചത്. യുക്രൈനില്‍ അതിക്രമിച്ച് കയറിയ 800 റഷ്യന്‍ സൈനികരെ വധിച്ചെന്നാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദം. 30 റഷ്യന്‍ ടാങ്കുകള്‍ വെടിവെച്ച് തകര്‍ത്തതായും അവര്‍ വെളിപ്പെടുത്തി. ( story of Vladimir Putin )
യുക്രൈനില്‍ ആക്രമണം നടത്തിയതിന് പിന്നാലെ റഷ്യയ്ക്ക് എതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്കയും ജപ്പാനും രംഗത്തെത്തി. അമേരിക്കയിലുള്ള റഷ്യയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കുമെന്ന് ജോബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധവും അമേരിക്ക കടുപ്പിച്ചിട്ടുണ്ട്.
എന്നാൽ, പാശ്ചാത്യമാധ്യമങ്ങൾക്ക് പുടിൻ ഒന്നാംനമ്പർ ശത്രുവും ഘാതകനും ഹിറ്റ്‌ലറും മുസ്സോളിനിയും മറ്റുമാണ്. എന്നാൽ, എഎഫ്പി വാർത്താ എജൻസി വിലയിരുത്തിയതുപോലെ ‘വിദേശത്ത് പുടിൻ വില്ലനാണെങ്കിൽ റഷ്യയിൽ അദ്ദേഹം വീരനായകനാണ്’.
പുടിന്റെ എതിരാളികളും അവരുടെ അന്ത്യവും
……………………………………………………………………….
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനി
വിമാനയാത്രയ്ക്കിടെ ബോധരഹിതനായി പുടിന്റെ കടുത്ത വിമർശകനാകുകയും അതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള അലക്‌സിയുടെ നേരെ നടന്നത് കൊലപാതക ശ്രമമാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിയും കുടുംബവും മാധ്യമങ്ങളും ആരോപിച്ചത്. നോവിച്ചോക്ക് എന്ന വിഷമാണ് നവൽനിക്ക് നൽകിയതെന്നായിരുന്നു ആരോപണം. പിന്നീട് നാട്ടിൽ തിരിച്ചെത്തിയപ്പോൾ നവൽനിയെ ജയിലിലാക്കി. പുടിൻ ഏറെ ഭയപ്പെടുന്ന നേതാവാണ് അലക്‌സി നവൽനി. പുടിന്റെ പല അഴിമതിക്കഥകളും പുറത്തുകൊണ്ടുവന്നത് നവൽനിയാണ്. ഇപ്പോഴും നവൽനി ജയിലിലാണ്.
ബോറിസ് നെംറ്റ്‌സോവ്, 2015
90കളിൽ റഷ്യൻ രാഷ്ട്രീയത്തിലെ താരമായിരുന്നു നെംറ്റ്‌സോവ്. ഉപ പ്രധാനമന്ത്രിവരെ ആയ നെംറ്റ്‌സോവിന്റെ രാഷ്ട്രീയ പതനം പുടിന്റെ വരവോടെയായിരുന്നു. പുടിന്റെ കടുത്ത വിമർശകനായി നെംറ്റ്‌സോവ് മാറി. പുടിന്റെ അഴിമതികളെക്കുറിച്ച് നിരന്തരം എഴുതിയ അദ്ദേഹം പുടിനെതിരെ ബഹുജന പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. നിരവധി തവണ അദ്ദേഹത്തെ പുടിൻ ജയിലിൽ അടച്ചു. 2015 ഫെബ്രുവരിയിൽ, ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക ഇടപെടലിനെതിരെ മാർച്ച് സംഘടിപ്പിച്ച് മണിക്കൂറുകൾക്കുള്ളിലാണ് നെംറ്റ്‌സോവ് അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നത്.
ബോറിസ് ബെറെസോവ്‌സ്‌കി, 2013
ഒരിക്കൽ പുടിന്റെ ഉറ്റ സുഹൃത്തായിരുന്നു ബെറെസോവ്‌സ്‌കി. പുടിനെ അധികാരത്തിലെത്താൻ സഹായിച്ചത് വ്യാവസായ പ്രമുഖനും ധനികനുമായ ബെറെസോവ്‌സ്‌കി ആയിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ തെറ്റി. ഇരുവരും തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക് ഇത് എത്തുകയും. എന്ത് വിലകൊടുത്തും പുടിനെ താഴെയിറക്കുമെന്ന് ഇദ്ദേഹം പ്രതിജ്ഞ ചെയ്തു. പക്ഷേ അധികം വൈകാതെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ ബെറെസോവ്‌സ്‌കിയെ കണ്ടെത്തി. കഴുത്തിൽ കയർ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും ആരോപണം ഉയർന്നെങ്കിലും യഥാർത്ഥ മരണകാരണം ഇന്നും അജ്ഞാതം.
സ്റ്റാനിസ്ലേവ് മർക്കലോവ് 2009
മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനും ആയിരുന്നു മർക്കലോവ്. പുടിനെക്കുറിച്ച് വിമർശനം ഉന്നയിച്ച് ലേഖനങ്ങൾ എഴുതി നിയമപ്രശ്‌നങ്ങളിൽ അകപ്പെടുന്ന മാധ്യമപ്രവർത്തകരെ സഹായിക്കാൻ തുടങ്ങിയതോടെയാണ് മർക്കലോവ് പുടിന്റെ കണ്ണിലെ കരടാകുന്നത്. ക്രെംവിന് സമീപത്ത് വെച്ച് മുഖംമൂടി ധരിച്ച ഒരാളുടെ വെടിയേറ്റാണ് മർക്കലോവ് കൊല്ലപ്പെടുന്നത്.
സെർജി മാഗ്‌നിറ്റ്‌സ്‌കി 2009
പോലീസ് കസ്റ്റഡിയിൽ ക്രൂരമായ മർദനത്തിനിരയായാണ് അഭിഭാഷകനായ സെർജി മാഗ്‌നിറ്റ്‌സ്‌കി മരിക്കുന്നത്. അദ്ദേഹത്തിന് വൈദ്യസഹായം പോലും നിഷേധിക്കപ്പെട്ടു. ബ്രിട്ടീഷ് അമേരിക്കൻ വ്യവസായി വില്യം ബ്രൗഡറിനുവേണ്ടി ഒരു നികുതി തട്ടിപ്പ് കേസ് അന്വേഷിക്കാൻ സെർജി നിയോഗിക്കപ്പെട്ടു. നികുതി തട്ടിപ്പിന് പിന്നിൽ പോലീസ് ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തിയതോടെ സെർജി അറസ്റ്റ് ചെയ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ വെച്ച് ഇദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തി.
സെർജി സ്‌ക്രിപാൽ 2018
മാർച്ച് നാലിന് മുൻ റഷ്യൻ ചാരൻകൂടിയായ സെർജി സ്‌ക്രിപാലിനും മകൾ യൂലിയക്കും വിഷബാധയേറ്റിരുന്നു. ബ്രിട്ടനിലെ സാലിസ്ബറി നഗരത്തിൽ ഒരു ബെഞ്ചിൽ അബോധാവസ്ഥയിലായ നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. നോവിചോക് എന്ന രാസവസ്തു വളരെ കുറഞ്ഞയളവിൽ ദ്രവരൂപത്തിലാക്കി പ്രയോഗിക്കുകയായിരുന്നെന്നാണ് കണ്ടെത്തിയത്. ഇരുവരും ചികിത്സയിലൂടെ രക്ഷപ്പെട്ടു.
പ്യോട്ടർ വെർസിലോവ് 2018
സെപ്റ്റംബറിൽ ക്രെംലിൻവിരുദ്ധ പൊതു പ്രവർത്തകനും പുതിന്റെ വിമർശകനുമായ പ്യോട്ടർ വെർസിലോവിനും വിഷബാധയുണ്ടായി. റഷ്യൻ ഏജന്റുമാരാണ് അതിനുപിന്നിലെന്ന് വെർസിലോവ് ആരോപിച്ചു. മോസ്‌കോയിൽനിന്ന് ബെർലിനിൽ എത്തിച്ചാണ് ജീവൻരക്ഷിച്ചത്. വിഷബാധയേറ്റതാണെന്ന് ബെർലിനിലെ ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു.
വ്‌ലാദിമിർ കാര മുർസ 2017
പുതിന്റെ വിമർശകനായ മാധ്യമപ്രവർത്തകൻ കാര മുർസ വിഷബാധയേറ്റ് അബോധാവസ്ഥയിലായി. 2015ലും അദ്ദേഹത്തിന് ഗുരുതരമായ വിഷബാധയേറ്റിരുന്നു. ശരീരത്തിൽ ലോഹാംശം വളരെ കൂടുതൽ ചെന്നതായാണ് അന്ന് കണ്ടെത്തിയത്. രക്ഷപ്പെട്ട അദ്ദേഹം ഇപ്പോൾ മോസ്‌കോയിൽ കഴിയുന്നു.
നതാലിയ എസ്റ്റെമിറോവ 2009
റഷ്യൻ സുരക്ഷാ സേനയുടെ തീവ്രവാദി വേട്ടയ്ക്കിടെ ബലിയാടാകുന്ന സാധാരണക്കാരെക്കുറിച്ച് നിരന്തരം വാർത്തകൾ എഴുതിയ മാധ്യമപ്രവർത്തകയാണ് നതാലിയ. പുടിൻ ഭരണകൂടത്തെ ചൊടിപ്പിക്കുന്നതായിരുന്നു നതാലിയയുടെ റിപ്പോർട്ടുകൾ ഓരോന്നും. നതാലിയയെ വീട്ടിൽ നിന്ന് തട്ടികൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു. ഇന്നും നതാലിയയുടെ ഘാതകർ ശിക്ഷിക്കപ്പെട്ടിട്ടില്ല.
അന്ന പൊളിറ്റ്‌കോവ്‌സ്‌കയാ 2006
നോവയ ഗസറ്റ എന്ന പത്രത്തിന്റെ റഷ്യൻ റിപ്പോർട്ടറായിരുന്നു അന്ന. ‘പുടിന്റെ റഷ്യ’ എന്ന പേരിൽ അന്ന ഒരു പുസ്തകം എഴുതിയിരുന്നു. അതിൽ പുടിൻ എങ്ങനെ റഷ്യയെ ഒരു പോലീസ് രാജ്യമാക്കി മാറ്റിയെന്ന് ആരോപിച്ചിരുന്നു. പോയിന്റ് ബ്ലാങ്കിലാണ് അന്നയ്ക്ക് വെടിയേൽക്കുന്നത്. അഞ്ച് പേർ സംഭവത്തിൽ ശിക്ഷിക്കപ്പെട്ടെങ്കിലും അതൊരു ക്വട്ടേഷൻ കൊലപാതകം ആണെന്ന് കോടതി തന്നെ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ കൊല്ലാൻ നിർദ്ദേശം നൽകിയവർ ഇന്നും കാണാമറയത്താണ്.
അലക്‌സാണ്ടർ ലിറ്റ്വിനെൻകോ, 2006
റഷ്യൻ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനായിരുന്നു അലക്‌സാണ്ടർ. ഒരു കപ്പ് ചായ കുടിച്ച് മൂന്നാഴ്ചയ്ക്ക് ഇപ്പുറമാണ് അലക്‌സാണ്ടറിന്റെ മരണം. ലണ്ടനിലെ ഒരു ഹോട്ടലിൽ വെച്ച് ചായയിൽ പൊളോണിയം കലർത്തി കൊലപ്പെടുത്തുകയായിരുന്നു. പുടിന്റെ നിർദ്ദേശപ്രകാരം റഷ്യൻ ഏജന്റാണ് ചായയിൽ വിഷം ചേർത്തതെന്ന് ബ്രിട്ടൻ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പക്ഷേ പുടിൻ നിഷേധിച്ചു.
സുരക്ഷാ സേനയിൽ നിന്ന് വിരമിച്ച ശേഷം അലക്‌സാണ്ടർ സേനയെ വിമർശിച്ചതാണ് പുടിനെ ചൊടിപ്പിച്ചത്.
സെർജി യുഷെൻകോവ് 2003
തന്റെ ലിബറൽ റഷ്യൻ മൂവ്‌മെന്റ് എന്ന പ്രസ്ഥാനത്തെ ഒരു രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സെർജി വെടിയേറ്റുമരിക്കുന്നത്. 1999ലെ അപ്പാർട്ട്‌മെന്റ് ബോംബിങ്ങിന് പിന്നിൽ പുടിൻ സർക്കാരാണെന്ന് വിശ്വസിച്ച സെർജെ ഇതിനുള്ള തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
യൂറി ഷെകെച്ചോഹിം,2003
ഒരു എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്നു യൂറി. പഴയ സോവിയറ്റ് യൂണിയന്റെ അഴിമതികളെക്കുറിച്ചും ധാരാളം എഴുതിയിരുന്ന ആളാണ്. അപ്പാർട്ട്‌മെന്റ് ബോംബിങ്ങുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനിടെ അജ്ഞാത രോഗം ബാധിച്ചാണ് യൂറി മരിക്കുന്നത്. അമേരിക്കയിലേക്ക് പോകാൻ ഇരിക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു യൂറിയുടെ മരണം. അദ്ദേഹത്തിന്റെ മെഡിക്കൽ രേഖകൾ ഇന്നുവരെയും പുറം ലോകം കണ്ടിട്ടില്ല.
പുടിന്റെ വിമർശകരെല്ലാം കൊല്ലപ്പെടുകയാണ്. അൽക്‌സി നവൽനി കോമയിലായിക്കഴിഞ്ഞു. എല്ലാം നിഷേധിക്കുമ്പോഴും വിമർശകർ നിശബ്ദരാക്കപ്പെടുകയോ ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെടുകയോ ചെയ്യുന്നത് പതിവാണ്. പുടിന്റെ റഷ്യയിൽ വിമർശനങ്ങൾ പാടില്ല, വിമർശിക്കപ്പെടുന്നവർക്ക് ആയുസ്സും കുറവാണ്.
Story Highlights: story of Vladimir Putin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here