Advertisement

പോക്‌സോ കേസ്, ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രണ്ട് വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ നിന്ന് പിടിയില്‍

February 26, 2022
Google News 2 minutes Read

അമ്മയെയും മകളെയും പീഡിപ്പിച്ച കേസില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ 2 വര്‍ഷത്തിനുശേഷം കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹര്‍ ബാലവേദി ജില്ലാ വൈസ് ചെയര്‍മാനുമായ ചിറക്കടവം തഴയശേരില്‍ ആകാശിനെയാണ് ഒളിവില്‍ കഴിയവേ കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

പരിചയക്കാരിയായ യുവതിയെയും വിദ്യാര്‍ത്ഥിനിയായ മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ 2019 ഡിസംബറിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ആകാശ് തഴശ്ശേരിക്കെതിരെ പൊലീസ് കേസെടുക്കുന്നത്. ഇതിന് ശേഷമാണ് പ്രതി ഒളിവില്‍ പോയത്.

ഹൈദരാബാദിലെ മാധാപ്പൂരില്‍ ഒളിച്ച് താമസിക്കവേയാണ് പ്രതി പിടിയിലായത്. 2 വര്‍ഷത്തിലധികമായി ബംഗളൂരു, മധ്യപ്രദേശ,് ഭോപ്പാല്‍, തെലങ്കാന, അന്ധ്രപ്രദേശ്, കര്‍ണ്ണാടക, ഗോവ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ഇയാള്‍ പല പേരുകളിലായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു.

ഇയാള്‍ ഉപയോഗിച്ചുവന്നിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തുമ്പ് ലഭിച്ചത്. സ്വന്തം പേരിലുള്ള മൊബൈല്‍ നമ്പരുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇയാള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ വിദേശത്തുള്ള സുഹൃത്തിന്റെ വിദേശ നമ്പര്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് വഴി അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടിരുന്നു.

Read Also : തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നയാള്‍ കസ്റ്റഡിയില്‍

ഈ നമ്പര്‍ ട്രാക്ക് ചെയ്തതിലൂടെയാണ് പ്രതി ഹൈദരാബാദിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. ഹൈദരാബാദിലെത്തിയ പൊലീസ് സംഘം ആഴ്ചകളോളം അവിടെ താമസിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. അഡ്വ. ആദിത്യവര്‍മ്മ എന്ന പേരില്‍ ഹൈദരാബാദിലെ മാധാപ്പൂരിലാണ് പ്രതി ഒളിച്ചു കഴിഞ്ഞത്. ഇവിടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഈ സമയം ഇവിടുത്തെ ഒരു ഹോസ്റ്റലിലായിരുന്നു പ്രതി താമസിച്ചുവന്നിരുന്നത്. തുടര്‍ന്ന് ഈ ഹോസ്റ്റലിലെ ഉടമസ്ഥന്റെ കൈയ്യില്‍ നിന്നും ഹോസ്റ്റല്‍ ഉടമസ്ഥാവകാശം തട്ടിയെടുത്തു. അതിന് ശേഷം അവിടെ സ്വന്തമായി ഒരു വനിതാ ഹോസ്റ്റല്‍ അടക്കം 4 ഹോസ്റ്റലുകള്‍ നടത്തുകയായിരുന്നു ആകാശ്.

ഇതിനിടയില്‍ ഹോസ്റ്റല്‍ ഉടമയുടെ ഭാര്യയെയും മകളെയും കാണാനില്ലെന്ന് കാട്ടി ഹൈദരാബാദിലെ മേധാപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഹോസ്റ്റല്‍ ഉടമയുടെ ഭാര്യയെയും മകളെയും ആകാഷിനൊപ്പം പൊലീസ് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയശേഷം കായംകുളത്തെത്തിച്ചു. കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Story Highlights: Pocso case: Youth Congress activist arrested in Hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here