ആക്രമണം കടുപ്പിച്ച് റഷ്യ; രണ്ട് ചരക്കുകപ്പലുകള്‍ തകര്‍ത്തു

റഷ്യ മൂന്നാം ദിവസവും ആക്രമണം കടുപ്പിച്ചു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സൈന്യം ശക്തമായി ആക്രമണം അഴിച്ചുവിടുകയാണ്. യുക്രൈനിലെ രണ്ട് ചരക്കുകപ്പലുകള്‍ തകര്‍ത്തു. ഒഡേസ തുറമുഖത്ത് മാള്‍ഡോവ, പാനമ കപ്പലുകള്‍ റഷ്യ തകര്‍ത്തു. താപവൈദ്യുതനിലയം ആക്രമിച്ചു. മെട്രൊ സ്‌റ്റേഷന്‍ തകര്‍ത്തു.
കഴിഞ്ഞ മണിക്കൂറുകളില്‍ നഗരപ്രാന്തങ്ങളില്‍ സ്ഫോടന പരമ്പരകളാണ് റിപോര്‍ട്ട് ചെയ്തത്. കീവിലെ താപവൈദ്യുതനിലയം ആക്രമിക്കുകയും സ്ഫോടനങ്ങള്‍ നടത്തുകയും ചെയ്തു. അഞ്ച് വലിയ സ്ഫോടനങ്ങളാണ് കീവിന്റെ പരിസരത്ത് നടന്നത്. നാലുഭാഗത്തുനിന്നുമായി റഷ്യന്‍ സൈന്യം നഗരം വളഞ്ഞിരിക്കുകയാണ്. സൈന്യം കീവിലേക്ക് ഇരച്ചുകയറുമെന്ന് റഷ്യന്‍ പ്രസിഡന്റ് വല്‍ദ്മിര്‍ പുടിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈനിക പിന്‍മാറ്റം ആവശ്യപ്പെടുന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ ‘യുക്രൈന്‍ പ്രമേയത്തെ’ അനുകൂലിച്ച് വോട്ട് ചെയ്യാതെ ഇന്ത്യ. ചൈനയും യുഎഇയും ഇന്ത്യയൊടൊപ്പം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു.
15 അംഗ സുരക്ഷാ കൗണ്‍സിലില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. അതേസമയം യുക്രൈന്‍ തലസ്ഥാനമായ കീവില്‍ കൂടുതല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. കീവ് വൈദ്യുത നിലയത്തിനു സമീപം സ്ഫോടനങ്ങള്‍ ഉണ്ടായതായി കീവ് മേയര്‍ പ്രതികരിച്ചു. മൂന്ന് മിനിറ്റിനുള്ളില്‍ അഞ്ച് സ്ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും കീവ് മേയര്‍ അറിയിച്ചു.
നാടുവിട്ടു പോയിട്ടില്ലെന്ന വിശദീകരണവുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പ്രതികരിച്ചു. ഞങ്ങള്‍ കീവിലുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരും. ട്വിറ്ററില്‍ പങ്കുവച്ച പുതിയ വിഡിയോയിലാണു സെലെന്‍സ്‌കി നിലപാടു പങ്കുവച്ചത്. യുദ്ധം മാനവികതയുടേയും രാഷ്ട്രീയത്തിന്റേയും പരാജയമെന്നു മാര്‍പാപ്പ പ്രതികരിച്ചു. പൈശാചിക ശക്തികള്‍ക്കു മുന്നില്‍ അടിയറവു പറയലാണു യുദ്ധം. ഓരോ യുദ്ധവും ലോകത്തെ മുന്‍പുള്ളതിനേക്കാള്‍ മോശമാക്കുമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
Story Highlights: Russia intensifies attack; Two cargo ships were wrecked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here