Advertisement

കൂടുതല്‍ വിമാനങ്ങള്‍ എത്തിച്ച് വിദ്യാര്‍ത്ഥികളെ വേഗം ദൗത്യത്തിന്റെ ഭാഗമാക്കണം; ആവശ്യവുമായി മാതാപിതാക്കള്‍

February 27, 2022
Google News 1 minute Read

കീവിലും ഖാര്‍കീവിലുമുള്‍പ്പെടെ റഷ്യന്‍ സേന അധിനിവേശ നീക്കങ്ങളുമായി പ്രവേശിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ കടുത്ത ആശങ്കയില്‍. കുട്ടികളെ വേഗത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചുകൊണ്ട് മലയാളി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ രംഗത്തെത്തി. ഓരോ ദിവസവും വളരെക്കുറച്ച് വിദ്യാര്‍ത്ഥികളെ മാത്രം ഇന്ത്യയിലെത്തിക്കുന്ന രീതിക്ക് പകരമായി കൂടുതല്‍ വിമാനങ്ങള്‍ അതിര്‍ത്തിയിലെത്തിച്ച് ദിവസവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ രക്ഷാദൗത്യത്തിന്റെ ഭാഗമാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

അതിര്‍ത്തികളിലേക്ക് എത്തിപ്പെടുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ ആരും എത്തുന്നില്ലെന്ന ആരോപണവും മാതാപിതാക്കള്‍ ഉന്നയിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെത്തുന്നുണ്ടെങ്കിലും ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടാകുന്നില്ലെന്നും മാതാപിതാക്കള്‍ കുറ്റപ്പെടുത്തി.

Read Also : ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുക്രൈന്‍ സൈന്യത്തിന്റെ ക്രൂരത; അതിര്‍ത്തി കടക്കാനെത്തിയവരെ തിരിച്ചയച്ചെന്ന് ആരോപണം

യുക്രൈനിലെ റഷ്യന്‍ അധിനിവേശം കൂടുതല്‍ മേഖലകളിലേക്ക് കടന്നുകയറുന്ന പശ്ചാത്തലത്തില്‍ ഭീതിയിലും അനിശ്ചിതത്വത്തിലും കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയാണുള്ളത്. രക്ഷാദൗത്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അതിര്‍ത്തികളിലേക്ക് സ്വന്തം റിസ്‌കില്‍ എത്തണമെന്ന് എംബസികള്‍ ആവശ്യപ്പെട്ടെന്നാണ് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ എംബസി നിര്‍ദേശിച്ച പ്രകാരം ഷെല്‍ട്ടറുകളിലെത്തിയിട്ടും എംബസികള്‍ തങ്ങളെ കൈയൊഴിയുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. എംബസിയുടെ ട്രക്കുകള്‍ പാതിവഴിയില്‍ കുടുങ്ങിക്കിടക്കുന്നതായുള്ള ചില സംശയങ്ങളും യുക്രൈനില്‍ നിന്നും ചില മലയാളി വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറുമായി ഇന്നലെ പങ്കുവെച്ചിരുന്നു.

എംബസികള്‍ പറഞ്ഞ ഷെല്‍ട്ടറുകളിലേക്കെത്താന്‍ എട്ട് മണിക്കൂറിലേറെ നടന്നെന്നും ഇനി നടന്നാല്‍ തങ്ങള്‍ മരിച്ചുപോകുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. എംബസി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ സ്ഥിതിഗതികള്‍ തീരെ സുരക്ഷിതമല്ലെന്ന ഗുരുതരമായ ആരോപണങ്ങളും ചില വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്. പോളണ്ട് അതിര്‍ത്തി കടത്തിവിടാന്‍ എംബസി നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍ തങ്ങള്‍ക്ക് യുക്രൈനില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എല്ലാവരും ആശങ്കയിലാണെന്ന് ചൂണ്ടിക്കാട്ടി വൈകാരികമായാണ് ഇന്നലെ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത്.

എംബസിയുടെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തി പരസ്യമാക്കി യുക്രൈനിലെ ഇന്ത്യന്‍ എംബസിക്ക് സമീപം ഇന്നലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കല്‍ സംബന്ധിച്ച് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും അതിനാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. സ്വന്തം ഉത്തരവാദിത്തത്തില്‍ കിഴക്കന്‍ യുക്രൈന്‍ വഴി രക്ഷപ്പെട്ടോളൂ എന്ന എംബസിയുടെ നിലപാട് തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

Story Highlights: parents ukraine malayali students indian embassy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here