യുക്രൈന്‍ വിടുന്നെങ്കില്‍ അത് സൈറയ്‌ക്കൊപ്പം മാത്രം; ഹൃദയസ്പര്‍ശിയായ കുറിപ്പ്

റഷ്യ-യുക്രൈന്‍ യുദ്ധം അഞ്ചാം ദിവസവും തുടരുകയാണ്. റഷ്യയുടെ സൈനിക ബലത്തിനുമുന്നില്‍ യുക്രൈന്‍ പിടിച്ചുനില്‍ക്കാന്‍ പോരാടുന്നു. യുദ്ധഭൂമിയില്‍ നിന്ന് രക്ഷതേടി ജനങ്ങള്‍ കൂട്ടപലായനം നടത്തുന്നു. ഒപ്പം ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ജീവന്‍ മാത്രം കയ്യില്‍ കരുതി ചിലര്‍ യുദ്ധഭൂമി വിട്ടോടിപ്പോകുന്നു. ചിലര്‍ക്ക് പ്രിയപ്പെട്ടവര്‍ കണ്‍മുന്നില്‍ തന്നെ നഷ്ടമാകുന്നു.
യുക്രൈനില്‍ പഠിക്കുന്ന മലയാളിയായ ആര്യയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെടുന്നുണ്ടെങ്കില്‍ അത് തന്റെ വളര്‍ത്തുനായ സൈറയോടൊപ്പമായിരിക്കും എന്ന് ആര്യ മനസിലുറപ്പിച്ചു. ഫേസ്ബുക്കില്‍ ‘നായപ്രേമിസംഘം’ എന്ന ഗ്രൂപ്പിലൂടെയാണ് ആര്യയുടെ കഥ പുറംലോകമറിയുന്നത്.
കുറിപ്പ് വായിക്കാം.
ഉക്രൈന്‍ വിഷയവുമായി ബന്ധപ്പെട്ടു യുദ്ധഭൂമിയില്‍ കുടുങ്ങി പോയ എന്റെ ഒരു നാട്ടുകാരി കുട്ടിയുടെ രക്ഷയ്ക്കായി ഞാന്‍ എംബസി വഴി ശ്രമിച്ചു. അത് വിജയകരമായപ്പോള്‍ കുറെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇത് കണ്ടാണ് ഈ ഫോട്ടോയില്‍ കാണുന്ന ഇടുക്കി സ്വദേശി ആര്യ എന്നെ വിളിച്ചത്. അവളുടെ കാര്യങ്ങള്‍ കേട്ടപ്പോള്‍ ഒരുപാട് ബഹുമാനം തോന്നി. ഉക്രൈനിലെ കീവില്‍ ആയിരുന്നു അവള്‍ പഠിച്ചു കൊണ്ടിരുന്നത്. അവിടെ മിസൈല്‍ സ്‌ഫോടനങ്ങള്‍ നടന്നപ്പോള്‍ ഇവള്‍ അവളുടെ നായയെയുമായി ബാങ്കറില്‍ ഒളിച്ചു. അതും നായയുടെ മാത്രം ഭക്ഷണം എടുത്തുകൊണ്ടു. അടുത്ത ദിവസം യുദ്ധഭൂമിയില്‍ ഓടിനടന്ന് നായയുടെ പാസ്സ് പോര്‍ട്ട് റെഡി ആക്കി.
ഇന്നലെ രാത്രി കീവില്‍ നിന്നും റൊമാനിയന്‍ ബോഡറിലേക്ക് ഒരു ബസ്സില്‍ യാത്ര ആയി. ഒറ്റയ്ക്കല്ല നായയുമായി. ഒരിയ്ക്കലും എന്ത് സാഹചര്യം വന്നാലും നായയെ ഉപേക്ഷിച്ചു പോകില്ലെന്ന് അവള്‍ പറയുന്നു. റൊമാനിയയ്ക്ക് 12 കിലോമീറ്റര്‍ ദൂരത്തു വച്ചു വണ്ടി ഡ്രൈവര്‍ നിര്‍ത്തി. മുന്‍പോട്ട് പോകുവാന്‍ അനുവാദം ഇല്ലാത്തതിനാല്‍…
രാത്രി അവള്‍ എന്നോട് സംസാരിച്ചു. അവളെ കുറിച്ച് അവള്‍ക്കൊരു ആശങ്കയും ഇല്ല. മറിച്ചു ഒരു ചോദ്യം… സര്‍ ഇവളെ കൊണ്ടുപോകുവാന്‍ ആകുമോ…. ഒരുപാട് വിഷമം തോന്നി ആ ചോദ്യം. ഇന്നലെ രാത്രിയില്‍ 12 കിലോമീറ്റര്‍ അവള്‍ ഈ നായയെ എടുത്തു കൊണ്ട് നടന്നു. ഭാരം താങ്ങാതെ ആയപ്പോള്‍ ബാഗിലെ വെള്ളം വഴിയില്‍ കളഞ്ഞു. തണുപ്പ് കാരണം നായയുടെ കാലുകള്‍ മരവിച്ചിരുന്നു. രാത്രി രണ്ടു മണിയ്ക്ക് എന്നെ വിളിക്കുമ്പോള്‍ തണുപ്പില്‍ തണുത്തു വിറയ്ക്കുകയായിരുന്നു.അതിര്‍ത്തി കടക്കുവാന്‍ കാത്തു നില്‍ക്കുന്ന ലക്ഷകണക്കിന് ആളുകളില്‍ അവളും ഉണ്ട്.ഒറ്റയ്ക്കല്ല അവളുടെ അരുമ നായയുമുണ്ട്. ഈ ബോഡര്‍ കടന്നു പോകണമെങ്കില്‍ എന്റെ നായയും കൂടെ കാണും എന്ന നിശ്ചയവുമായി……..
ബിഗ് സല്യൂട്ട്…… ആര്യ…
Story Highlights: arya from ukraine, russia-ukraine war, pet love
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here