മണിപ്പൂരിൽ എയിംസ് കൊണ്ടുവരാൻ കോൺഗ്രസിന് കഴിഞ്ഞില്ല: അമിത് ഷാ

15 വർഷത്തെ ഭരണത്തിൽ മണിപ്പൂരിൽ എയിംസ് കൊണ്ടുവരാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് വീണ്ടും സർക്കാർ രൂപീകരിച്ചാലുടൻ, എയിംസ് നിർമ്മിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഷാ കൂട്ടിച്ചേർത്തു. തൗബാലിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സർക്കാർ മണിപ്പൂരിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കായി പ്രവർത്തിച്ചുവെന്നും കോൺഗ്രസിന് അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് എന്നിവർക്കൊപ്പം തൗബാലിലെ ബിജെപി സ്ഥാനാർത്ഥി ശ്യാം സിംഗിന്റെ വീട്ടിൽ ഷാ ഉച്ചഭക്ഷണം കഴിച്ചു.
മണിപ്പൂരിൽ എയിംസ് സെന്റർ സ്ഥാപിക്കുമെന്നും കായിക അടിസ്ഥാന സൗകര്യ വികസനത്തിനും സ്റ്റാർട്ടപ്പുകൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ബിജെപി സർക്കാർ ഏറ്റെടുക്കുമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. “ഈ ദശകം വികസനത്തിന്റെയും പുരോഗതിയുടെയും ദശാബ്ദമാണ്. മണിപ്പൂർ ഇന്ന് ഈ ദിശയിലേക്ക് അതിവേഗം നീങ്ങുകയാണ്” പ്രധാനമന്ത്രി മോദി പറഞ്ഞു. മണിപ്പൂർ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മാർച്ച് 5 ന് നടക്കും. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.
Story Highlights: congress-couldnt-bring-an-aiims-to-manipur