Advertisement

ഇടതുപക്ഷ അടിത്തറ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം: കോടിയേരി ബാലകൃഷ്ണന്‍

March 1, 2022
Google News 1 minute Read

ഇടതുപക്ഷ അടിത്തറ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വലതുപക്ഷം മേല്‍കൈ നേടാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടിയാണ് ഇവിടെ ശ്രമിക്കുന്നത്. ആര്‍എസ്എസ് നേതൃത്വത്തില്‍ ഹിന്ദുത്വ വര്‍ഗീയത ശക്തിപ്പെടുത്താന്‍ വലിയ പ്രചാരവേലയാണ് നടത്തികൊണ്ടിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദം ശക്തമായി പ്രചരിപ്പിക്കാന്‍ ചില സംഘടകള്‍ രംഗത്തിറിങ്ങിയിരിക്കുകയാണ്. എസ്ഡിപിഐ ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത് പോലെ ആയുധ പരിശീലനവും മറ്റ് സംവിധാനവും ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്നുണ്ട്. മതന്യൂനപക്ഷ വിഭാഗങ്ങളിലുള്ള മുസ്‌ലീം സംഘടനകള്‍ക്ക് ഒരു ഭൗതീക കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനവും കേരളത്തില്‍ ശക്തിപ്പെട്ടിട്ടുണ്ട്. അവരുദ്ദേശിക്കുന്നത് ഒരു വര്‍ഗീയ ധ്രുവീകരണമാണ്. ഇത് വളരെ ജാഗ്രതയോടെ കണക്കിലെടുക്കണമെന്നാണ് പാര്‍ട്ടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.

കേരളത്തില്‍ ഒരു കാലാപം സൃഷ്ടിക്കണമെന്നാണ് ഇത്തരം മുന്നണികള്‍ കണക്കുകൂട്ടിയിട്ടുള്ളത്. എന്നാല്‍ ഇടതുപക്ഷ മുന്നണി കേരളം ഭരിക്കുന്നതിനാല്‍ മാത്രമാണ് ആ നീക്കം നടക്കാത്തത്. ആര്‍എസ്എസുകാര്‍ക്കിടയില്‍ 3000 പേര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഓരോ സ്ഥലത്തും വികേന്ദ്രീകരിച്ചുകൊണ്ടാണ് പരിശീലനം നടത്തിയത്. ഇതൊരു തയാറെടുപ്പാണ്. ഇതിന്റെ തുടര്‍ച്ചയായി സിപിഐഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്. എസ്ഡിപിഐയും ഇതേ തരത്തിലുള്ള അക്രമങ്ങള്‍ സംഘടിപ്പിക്കാന്‍ രംഗത്തിറങ്ങുന്നുണ്ട്. ഇത് ഗൗരവമായി കണക്കിലെടുത്ത് വര്‍ഗീയ ശക്തികളുടെ ഈ നീക്കത്തിനെതിരേ ജാഗ്രത പാലിച്ച് മതനിരപേക്ഷ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിക്കണമെന്നുള്ളതാണ് പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കേരളീയ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കികൊണ്ട് പറഞ്ഞിട്ടുള്ളത്.

ഇതോടൊപ്പം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി ഇടതുപക്ഷ പ്രവര്‍ത്തകര്‍ തയാറെടുക്കണം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണം. അത് സാധ്യമാകണമെങ്കില്‍ ഇടതുപക്ഷ ജനാധിപത്യ കക്ഷികളുടെ അംഗ ബലം വര്‍ധിപ്പിക്കണം. അതില്‍ നിര്‍ണായകമായ സംഭവാന നല്‍കേണ്ട സംസ്ഥാനമാണ് കേരളം. 2004ല്‍ വാജ്‌പേയി കേന്ദ്രം ഭരിക്കുമ്പോഴാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യ തിളങ്ങുന്നുവെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് അന്ന് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായി ഇടപെടുകയും കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റില്‍ 18 സീറ്റിനും അന്ന് എല്‍ഡിഎഫിന് ലഭിച്ചു. അന്ന് ഇടതുപക്ഷത്തിന് അത്രയും സീറ്റ് ലഭിച്ചതുകൊണ്ടും ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന് സീറ്റ് വര്‍ധിച്ചതുകൊണ്ടും വാജ്‌പേയി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പറ്റുമെന്നായിരുന്ന കോണ്‍ഗ്രസിന്റെ പ്രചരണം. കേരളത്തിലെ 20 സീറ്റില്‍ അന്ന് 19 സീറ്റും യുഡിഎഫ് ആണ് ജയിച്ചത്. പക്ഷേ കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ മുഖ്യപ്രതിപക്ഷമാവാന്‍ പോലും സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമായതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തിന് പിന്നില്‍ അണിനിരക്കണം. ഇതുസംബന്ധിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

പാര്‍ട്ടി സംഘടനാ രംഗത്തും വലിയമാറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സമ്മേളന കാലയളവില്‍ പാര്‍ട്ടി മെമ്പര്‍മാരുടെ എണ്ണം 4,63472 ആയിരുന്നു. ഇപ്പോഴത് 5,27378 ആയി വര്‍ധിച്ചിട്ടുണ്ട്. 63906 മെമ്പര്‍മാരുടെ വര്‍ധനവ് നാലുകൊല്ലം കൊണ്ട് ഉണ്ടായി. കഴിഞ്ഞ സമ്മേളന കാലഘട്ടത്തില്‍ 32967 ബ്രാഞ്ചുകളാണ് ഉണ്ടായത്. അതില്‍ വര്‍ധനവ് വരുത്താന്‍ സാധിക്കുകയും, 3682 ബ്രാഞ്ചുകള്‍ സംസ്ഥാനത്ത് പുതുതായി ഉണ്ടാകുകയും ചെയ്തു. ലോക്കല്‍ കമ്മിറ്റികളുടെ എണ്ണവും വര്‍ധിച്ചു. 126 എണ്ണം വര്‍ധിച്ചുവെന്നും കോടിയേരി പറഞ്ഞു.

Story Highlights: kodiyeri balakrishnan press meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here