ലഹരിപാര്‍ട്ടി കേസ് ഗൂഡാലോചന; ആര്യന്‍ ഖാന് പങ്കുള്ളതിന് തെളിവില്ലെന്ന് പ്രത്യേക അന്വേഷണസംഘം

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഗൂഡാലോചനയില്‍ പങ്കുള്ളതായി തെളിവില്ലെന്ന് എന്‍സിബി. കേസിലെ നടപടികളിലും ലഹരി കണ്ടെത്താനായി അടക്കമുള്ള റെയ്ഡിലും പിഴവുകള്‍ പറ്റിയതായാണ് എസ്‌ഐടിയുടെ റിപ്പോര്‍ട്ട്.
പലരില്‍ നിന്നായി പിടികൂടിയ മയക്കുമരുന്ന ഒരു റിക്കവറി ആയി രേഖപ്പെടുത്തി. റെയ്ഡ് നടപടികള്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തില്ലെന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ആര്യന്‍ ഖാന് മേല്‍ എന്‍ഡിപിഎസ് ചാര്‍ജ് ചുമത്തണോ എന്നതില്‍ നിയമോപദേശം തേടുമെന്നും എന്‍സിബി ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ 2നാണ് ലഹരിപാര്‍ട്ടിക്കിടെ എന്‍സിബി റെയ്ഡ് നടത്തിയത്. എന്‍സിബി ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പല ചട്ടങ്ങളും റെയ്ഡ് നടത്തിയ ഘട്ടത്തില്‍ ലംഘിക്കപ്പെട്ടെന്നും നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും എന്‍സിബി പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ആര്യനില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിരുന്നില്ല. എന്നിട്ടും ആര്യന്റെ ഫോണ്‍ പിടിച്ചെടുത്തതും വാട്‌സാപ്പ് ചാറ്റുകള്‍ പരിശോധിച്ചതും തെറ്റായിപ്പോയി. ഫോണില്‍ നിന്ന് ഒരു ഗൂഡാലോചനാ സൂചനയും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ ആര്യനെതിരെ ഗൂഡാലോചനയില്‍ തെളിവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിലും വ്യക്തമാക്കിയിരുന്നു.
Read Also : ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിനാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാനെ അറസ്റ്റുചെയ്തത്. ഒക്ടോബര്‍ 3നായിരുന്നു അറസ്റ്റ്. എന്‍സിബി നടത്തിയ മിന്നല്‍ റെയ്ഡില്‍ എട്ട് പേരാണ് പിടിയിലായത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഐ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ എന്‍സിബി പിടികൂടിയിരുന്നു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തിലാണ് എന്‍സിബി സംഘം കപ്പലിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആര്യനടക്കം എട്ട് പേരും പാര്‍ട്ടിയുടെ സംഘാടകരും പിടിയിലാവുകയായിരുന്നു.
Story Highlights: aryan khan, mumbai drugs case, NCB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here