Advertisement

‘റഷ്യ- യുക്രൈന്‍ വിഷയത്തില്‍ കൃത്യമായ നിലപാടില്ല’; സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം

March 2, 2022
Google News 1 minute Read

റഷ്യ-യുക്രൈന്‍ വിഷയത്തിലെ പാര്‍ട്ടി നിലപാട് ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. യുദ്ധത്തിനെതിരെ കൃത്യമായ ഒരു നിലപാട് പറയാനായില്ലെന്നാണ് പ്രതിനിധികളുടെ വിമര്‍ശനം. വിഷയത്തില്‍ നിലപാട് കടുപ്പിക്കണമായിരുന്നുവെന്നാണ് പ്രതിനിധികളുടെ അഭിപ്രായം. റഷ്യയ്‌ക്കെതിരെയോ യുദ്ധത്തിനെതിരെയോ ഉള്ള പരാമര്‍ശം പാര്‍ട്ടി പ്രമേയത്തിലില്ല എന്നത് ചൂണ്ടിക്കാണിച്ചും വിമര്‍ശനമുണ്ടായി. നിരവധി മലയാളികളുടെ ജീവന്‍ അപകടത്തിലാണെന്ന് പ്രതിനിധികള്‍ ഓര്‍മിപ്പിച്ചു.

പാര്‍ട്ടിയിലെ വിഭാഗീയതയ്‌ക്കെതിരെയും നേതൃത്വം കടുത്ത നിലപാട് എടുക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചില ജില്ലകളില്‍ അവശേഷിക്കുന്ന വിഭാഗീയതയ്ക്ക് എതിരെയാണ് പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തിയത്. കര്‍ശന നടപടിയെടുത്ത് വിഭാഗീയത അവസാനിപ്പിച്ചാല്‍ ഒറ്റക്കെട്ടായി നീങ്ങാനാകുമെന്നും പ്രതിനിധികള്‍ ഓര്‍മിപ്പിച്ചു.

എറണാകുളം മറൈന്‍ഡ്രൈവില്‍ രാവിലെ 9.30 ന് മുതിര്‍ന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് പതാകയുയര്‍ത്തിയത്. വിഎസ് അച്യുതാനന്ദന്റെ അഭാവത്തിലാണ് അദ്ദേഹം പതാക ഉയര്‍ത്തിയത്. സാധാരണ ഗതിയില്‍ പാതാക ഉയര്‍ത്തലില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നതാണ്. എന്നാല്‍, കൊവിഡ് സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.

സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ജി സുധാകരന്‍ കത്ത് നല്‍കിയിരുന്നു. ആവശ്യം ഉന്നയിച്ച് കോടിയേരി ബാലകൃഷ്ണനാണ് സുധാകരന്‍ കത്ത് നല്‍കിയത്. സംസ്ഥാന സമിതിയില്‍ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. കത്ത് നല്‍കിയതായി താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ജി സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ല എന്ന നിലപാടില്‍ ആണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികള്‍ പടനിലം സ്‌കൂളുമായി ബന്ധപ്പെട്ട കോഴ വിഷയത്തില്‍ ആരോപണവിധേയനായ കെ.രാഘവനെ ജി.സുധാകരന്‍ പിന്തുണച്ചുവെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. സുധാകരന്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എച്ച്.സലാമിനെ തോല്‍പ്പിക്കാന്‍ നോക്കി എന്നായിരുന്നു അമ്പലപ്പുഴയിലെ പ്രതിനിധിയുടെ വിമര്‍ശനം. അധികാര മോഹിയാണ് സുധാകരന്‍ എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമര്‍ശനം.

Story Highlights: cpim sammelanam russia ukraine war discussion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here