Advertisement

യുദ്ധഭൂമിയിൽ ഇങ്ങനെയും ചിലർ; താൻ രക്ഷിച്ച 400 മൃഗങ്ങളെ കൂടാതെ യുക്രൈൻ വിടാൻ വിസമ്മതിച്ച് ഇറ്റാലിയൻ പൗരൻ…

March 2, 2022
Google News 2 minutes Read

പ്രകൃതി ദുരന്തങ്ങളിലും യുദ്ധമേഖലകളിലും സംഘർഷമേഖലയിലും പെട്ടുപോകുന്ന മനുഷ്യരെ പോലെത്തന്നെയാണ് നായ, പൂച്ച, മറ്റ് മൃഗങ്ങൾ എന്നിവയുൾപ്പെടെയുള്ള വളർത്തുമൃഗങ്ങളുടെ അവസ്ഥയും. രക്ഷനേടാൻ ഒരിടമില്ലാതെ ആ ഭൂമിയിൽ അവർ ഒറ്റപെട്ടുപോകും. ഈ അവസ്ഥയിൽ മനുഷ്യർ പലയിടങ്ങളിലേക്കായി പലായനം ചെയ്യുമെങ്കിലും ഗത്യന്തരമില്ലാതെ ഇവരുടെ അരുമകളെ ഉപേക്ഷിക്കേണ്ടി വരുന്ന കാഴ്ചകളും നമുക്ക് അറിയാം. യുക്രൈൻ യുദ്ധഭൂമിയിൽ നിന്നും ഇത്തരം നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവനും കൊണ്ട് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതിനിടയിൽ തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കേണ്ടി വന്നവരും തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളെ കൂടാതെ സംഘർഷ മേഖല വിടാൻ വിസമ്മതിച്ചവരുടെയും വാർത്തകൾ നമ്മൾ കേട്ടറിഞ്ഞു.

ഇനി പറയുന്നത് ഒരു ഇറ്റാലിയൻ മനുഷ്യനെ കുറിച്ചാണ്. യുക്രൈനിലെ കീവിൽ മൃഗസംരക്ഷണ കേന്ദ്രം നടത്തുന്ന ആൻഡ്രിയ സിസ്‌റ്റെർനിനോയെ കുറിച്ച്. തന്റെ അഭയകേന്ദ്രത്തിലെ 400 മൃഗങ്ങളെ ഉപേക്ഷിച്ച് ആക്രമണത്തിനിരയായ യുക്രൈനിയൻ തലസ്ഥാനം വിടാൻ വിസമ്മതിച്ചിരിക്കുകയാണ് ആൻഡ്രിയ. ഇറ്റാലിയൻ മുൻ ഫാഷൻ ഫോട്ടോഗ്രാഫറായ ആൻഡ്രിയ കീവിൽ റിഫുജിയോ ഇറ്റാലിയ കെജെ2 എന്ന പേരിൽ മൃഗങ്ങൾക്കായി അഭയകേന്ദ്രം നടത്തുകയാണ്. സിസ്‌റ്റെർനിനോയും ഭാര്യ വ്‌ലാഡയും 2013-ൽ ഇന്റർനാഷണൽ ആനിമൽ പ്രൊട്ടക്ഷൻ ലീഗ് ചാരിറ്റി ഫണ്ട് സ്ഥാപിച്ചു. അടുത്ത വർഷം തന്നെ വീടില്ലാത്ത മൃഗങ്ങൾക്കായി അവർ ഒരു അഭയകേന്ദ്രം നിർമ്മിച്ചു. നിലവിൽ നായ്ക്കളും മറ്റുമായി നാനൂറോളം മൃഗങ്ങൾ ഈ അഭയകേന്ദ്രത്തിലുണ്ട്.

“എന്റെ മൃഗങ്ങൾക്കായി ഞാൻ ഇവിടെ മരിക്കും. ഞാൻ അവർക്ക് നൽകിയ ഒരു അഭയസ്ഥാനം സംരക്ഷിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കണം. എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പെടാൻ അർഹരായ 400 അതിഥികളാണ് ഇവർ” യുക്രൈൻ ആക്രമണത്തിന് പുടിൻ ഉത്തരവിട്ട ഫെബ്രുവരി 24-ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചതാണിത്. അതിനുശേഷം അദ്ദേഹം അഭയകേന്ദ്രത്തിന് സമീപം സൈനിക ഹെലികോപ്റ്ററുകൾ പറക്കുന്ന വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു.

താനും തന്റെ മൃഗങ്ങളും ഇപ്പോൾ സുരക്ഷിതരാണെന്നും തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞുമാണ് തന്റെ അവസാനത്തെ പോസ്റ്റ് ആൻഡ്രിയ ഫേസ്ബുക്കിൽ പങ്കിട്ടത്. അതിനിടെ, ചൊവ്വാഴ്‌ച, യുക്രൈനിയൻ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് ഒലെക്‌സി അരെസ്‌റ്റോവിച്ച്, യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ കീവിലും വടക്കുകിഴക്കൻ നഗരമായ ഖാർകിവിലും റഷ്യൻ സൈന്യം ഉപരോധം നടത്താൻ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു.

Read Also : പട്നയിലെ തെരുവിൽ ഭിക്ഷ യാചിച്ച് ജീവിച്ച അനാഥ പെൺകുട്ടി; ഇന്നവൾ കഫേ നടത്തുന്നു…

ഒറ്റരാത്രി കൊണ്ടാണ് റഷ്യൻ സൈന്യം കീവ്, ഖാർകിവ്, തെക്കൻ തുറമുഖ നഗരമായ മരിയുപോള് എന്നിവിടങ്ങളിൽ പീരങ്കി പ്രയോഗിച്ചത്. അതേസമയം യുക്രൈനിയൻ സൈന്യം തലസ്ഥാനത്തിന് ചുറ്റുമുള്ള റഷ്യൻ സൈനിക വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയെന്ന് ടെലിവിഷൻ ബ്രീഫിംഗിൽ അരെസ്റ്റോവിച്ച് പറഞ്ഞു. 1.5 ദശലക്ഷത്തോളം ജനസംഖ്യയുള്ള കിഴക്കൻ നഗരമായ ഖാർകിവിൽ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോകളിൽ സോവിയറ്റ് കാലഘട്ടത്തിലെ ഭരണപരമായ കെട്ടിടത്തിലും പാർപ്പിട പ്രദേശങ്ങളിലും സ്ഫോടനങ്ങൾ നടന്നതായും കാണിച്ചിട്ടുണ്ട്.

Story Highlights: Italian Man Refuses To Leave Ukraine Without The 400 Animals He Rescued

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here