Advertisement

ഇന്ത്യക്കാരെ അതിര്‍ത്തി വഴി ഒഴിപ്പിക്കാന്‍ സമ്മതമറിയിച്ച് റഷ്യ; കൂടുതല്‍ വിമാനങ്ങള്‍ ഇന്നെത്തും

March 3, 2022
Google News 2 minutes Read
indian from ukraine

യുക്രൈനില്‍ യുദ്ധം എട്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കാന്‍ സമ്മതമറിയിച്ച് റഷ്യ. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖാര്‍ക്കീവില്‍ നിന്ന് ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗം വഴി ഇന്ത്യക്കാരെ റഷ്യയിലെത്തിക്കാനാണ് തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി നടത്തിയ നിര്‍ണായക ചര്‍ച്ചയിലാണ് തീരുമാനം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. റഷ്യന്‍ അതിര്‍ത്തികളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കടത്തിവിടാത്തത് യുക്രൈനാണെന്നും റഷ്യ ആരോപിച്ചു.

അതേസമയം 200 ഇന്ത്യന്‍ പൗരന്മാരുമായുള്ള വ്യോമസേനയുടെ ആദ്യ രക്ഷാദൗത്യ വിമാനം ഇന്ത്യയിലെത്തി. വ്യോമസേനയുടെ സി 17 വിമാനം പിന്‍ഡന്‍ വിമാനത്താവളത്തിലെത്തി. പോളണ്ട്, ഹംഗറി എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ പോയ രണ്ട് സി 17 വിമാനങ്ങള്‍ ഇന്ന് രാവിലെ എട്ട് മണിയോടെ ഇന്ത്യയിലെത്തും. അടുത്ത 24 മണിക്കൂറില്‍ 15 രക്ഷാദൗത്യ വിമാനങ്ങളാണ് സര്‍വീസ് നടത്തുക.

Read Also : ജീവന്റെ കവചമായി ഇന്ത്യന്‍ പതാക; പാക് വിദ്യാര്‍ത്ഥികളും ഇന്ത്യന്‍ പതാകയേന്തി

യുക്രൈനുമേല്‍ റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ യുക്രൈന്‍ -റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് -ബെലാറസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന് റഷ്യന്‍ പ്രതിനിധി സംഘത്തലവന്‍ വ്‌ളാദിമിര്‍ മെഡിന്‍സ്‌കി അറിയിച്ചു. റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് ചര്‍ച്ചയ്‌ക്കൊരുങ്ങുമ്പോള്‍ യുക്രൈന്‍ വ്യക്തമാക്കുന്നത്. സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.

Story Highlights: indian from ukraine, russia-ukraine war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here