Advertisement

‘അവർക്ക് ഭക്ഷണവും താമസിക്കാൻ ഇടവും നൽകിയത് ഞാനാണ്, നിങ്ങളല്ല’; കേന്ദ്രമന്ത്രിയോട് കയർത്ത് റൊമേനിയൻ മേയർ

March 3, 2022
Google News 2 minutes Read

കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് കയർത്ത് റൊമേനിയൻ മേയർ. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കൽ നടപടികൾക്കായി റൊമേനിയയിൽ എത്തിയ മന്ത്രിയോടാണ് രാജ്യത്തെ ഒരു മേയർ കയർത്തത്. കോൺഗ്രസ് പുറത്തുവിട്ട ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

യുക്രൈനിൽ നിന്ന് റൊമേനിയയിലെത്തിയ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ‘എപ്പോഴാണ് അവരെ നാട്ടിലെത്തിക്കുക എന്ന് പറയൂ’ എന്ന് ആദ്യം മേയർ മന്ത്രിയോട് ആവശ്യപ്പെടുന്നു. ‘എനിക്ക് പറയാനുള്ളത് ഞാൻ ആദ്യം പറയട്ടെ’ എന്നാണ് സിന്ധ്യ അതിനു മറുപടി നൽകുന്നത്. അപ്പോൾ ‘അവർക്ക് ഭക്ഷണവും താമസിക്കാൻ ഇടവും നൽകിയത് ഞാനാണ്, നിങ്ങളല്ല’ എന്ന് മേയർ പറയുന്നു. മേയർ പറയുന്നത് തനിക്ക് മനസ്സിലാവുന്നുണ്ട് എന്ന് പറയുന്ന സിന്ധ്യ അവർക്ക് നന്ദിയും അറിയിക്കുന്നുണ്ട്.

അതേസമയം, യുക്രൈൻ റഷ്യ പ്രതിനിധികളുടെ രണ്ടാംവട്ട സമാധാന ചർച്ച തുടങ്ങി. ബലാറസ് -പോളണ്ട് അതിർത്തിയിലാണ് രണ്ടാംവട്ട ചർച്ച നടക്കുന്നത്.

രണ്ടു ദിവസം മുൻപ് ബലാറസിൽ നടന്ന റഷ്യ-യുക്രൈൻ സമാധാന ചർച്ച ഫലംകണ്ടിരുന്നില്ല. യുദ്ധഭൂമിയിൽ നിന്ന് നാട്ടുകാർക്ക് രക്ഷപ്പെടാനായി മാനുഷിക ഇടനാഴി സ്ഥാപിക്കുന്ന കാര്യമായിരിക്കും ആദ്യം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും യുക്രൈൻ സംഘത്തിലുള്ള ഡെവിഡ് അരാഖമിയ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഇതിനുശേഷമായിരിക്കും വെടിനിർത്തൽ, സേനാപിന്മാറ്റം അടക്കമുള്ള വിഷയങ്ങളിലേക്ക് യുക്രൈൻ കടക്കുക.

അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം, റഷ്യൻസേന പൂർണമായി യുക്രൈനിൽനിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈൻ മുന്നോട്ടുവച്ചിരുന്നത്. ഇക്കാര്യം അംഗീകരിക്കാൻ റഷ്യൻസംഘം തയാറാകാതിരുന്നതോടെയാണ് ആദ്യഘട്ട ചർച്ച ഫലമില്ലാതെ പിരിഞ്ഞത്.

അതേസമയം, യുക്രൈനിലെ റഷ്യയുടേയും റഷ്യൻ പൗരന്മാരുടേയും സ്വത്തുക്കൽ കണ്ടുകെട്ടും. സ്വത്തുക്കൾ കണ്ടുകെട്ടാൻ അധികാരം നൽകുന്ന നിയമത്തിന് യുക്രൈൻ പാർലമെന്റിന്റെ അനുമതി നൽകി.

Story Highlights: jyotiraditya scindia romanian mayor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here