Advertisement

ക്വാഡ് ഉച്ചകോടി ഇന്ന്; ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും

March 3, 2022
Google News 2 minutes Read

യുക്രൈൻ-റഷ്യ യുദ്ധത്തിനിടെ ക്വാഡ് ഉച്ചകോടി ഇന്ന്. ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ഓസ്‌ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുക്കും. യുക്രൈൻ-റഷ്യ വിഷയം ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്നാണ് വിലയിരുത്തൽ . ഓസ്‌ട്രേലിയയും ജപ്പാനും യുഎസും യുക്രൈനിലെ നടപടികളുടെ പേരിൽ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

റഷ്യക്കെതിരെ ഇന്ത്യ ഉപരോധ നയം സ്വീകരിച്ചിട്ടില്ല. തുടക്കത്തിൽ റഷ്യയുടെ നടപടികളെ വിമർശിക്കുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. യുക്രൈനിലെ സംഘർഷമേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് കേന്ദ്രസർക്കാർ മുൻഗണ നൽകുന്നത്. എന്നിരുന്നാലും, പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു.

അതേസമയം, യുക്രൈന്‍ രക്ഷാദൗത്യത്തിലെ വ്യോമസേനയുടെ മൂന്നാമത്തെ സി 17 വിമാനവും ഇന്ത്യയില്‍ തിരിച്ചെത്തി. ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് 208 യാത്രക്കാരുമായി വിമാനമെത്തിയത്. മൂന്ന് വ്യോമസേനാ വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. അടുത്ത 24 മണിക്കൂറില്‍ 15 രക്ഷാദൗത്യ വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും. ഹംഗറിയില്‍ നിന്നും റൊമേനിയയില്‍ നിന്നുമാണ് ഈ വിമാനങ്ങളെത്തുക.

Read Also : റഷ്യ-യുക്രൈന്‍ യുദ്ധം; 10 ലക്ഷം കടന്ന് അഭയാര്‍ത്ഥികള്‍

200 യാത്രക്കാരുമായി ആദ്യ വിമാനവും 220 യാത്രക്കാരുമായി രണ്ടാം വിമാനവും ഇന്ന് പുലര്‍ച്ചെയോടെ യുക്രൈനില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്നു. യുദ്ധം എട്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കും. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖാര്‍ക്കീവില്‍ നിന്ന് ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗം വഴി ഇന്ത്യക്കാരെ റഷ്യയിലെത്തിക്കാനാണ് തീരുമാനം.പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ നിര്‍ണായക ചര്‍ച്ചയിലാണ് തീരുമാനം.

Story Highlights: Quad leaders to hold virtual meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here