പരുക്കേറ്റ് ജയിലിലെത്തിയ പിണറായിയുടെ പരിചരണ ചുമതല; 15-ാം വയസില്‍ തന്റെ രാഷ്ട്രീയം ശരിയെന്നുറപ്പിച്ചു, കോടിയേരി മൂന്നാമൂഴമെത്തുമ്പോള്‍

അടിയന്തരാവസ്ഥയ്‌ക്കെതിരേ നാടെങ്ങും ചോരയില്‍ മുക്കിയ പ്രതിരോധങ്ങള്‍. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രതിഷേധങ്ങള്‍ കലാലയം മുതല്‍ കവലകളിലേക്കു വരെ… ചോരയില്‍ കുതിര്‍ന്ന വഴിത്താരകള്‍… വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടതുപക്ഷ ജനപ്രതിനിധികള്‍ക്കും ഉള്‍പ്പെടെ ക്രൂരമായ പൊലീസ് അതിക്രമങ്ങള്‍. 1975ലെ ആ പകല്‍ അതൊരു വഴിത്തിരിവായിരിന്നിരിക്കാം.
അടിയന്തരാവസ്ഥയ്‌ക്കെതിരേ തലശേരി ചിറക്കര ഹൈസ്‌കൂളിലെ കുട്ടികളെ സംഘടിപ്പിച്ച് പ്രകടനം നയിച്ച വെളുത്തു മെലിഞ്ഞ ഇരുപതുകാരന്‍. സ്വാഭാവികം; പ്രകടനം പൊലീസ് തടഞ്ഞു, ക്രൂരമായ മര്‍ദനങ്ങള്‍ക്കൊടുവില്‍ ആ ഇരുപതുകാരനെ ലോക്കപ്പിലടച്ചു. ഇന്ദിരാഗാന്ധിയ്‌ക്കെതിരേ സംഘടിച്ചതിന് മാത്രമായിരുന്നില്ല ആ ക്രൂര മര്‍ദനം. ഭരണകൂടം കാലങ്ങളായി അടക്കി വച്ച അമര്‍ഷങ്ങളുടെ പൂര്‍ത്തീകരണം കൂടിയായിരുന്നു. കാരണം ഇദ്ദേഹം കര്‍ഷതൊഴിലാളികളുടേയും നാടിന്റേയും പ്രിയ പുത്രനായിരുന്നു. എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി. ഭരണകൂടത്തിന്റെയും വര്‍ഗീയവാധികളുടെയുംപേടി സ്വപ്നം.
ക്രൂരമായ ആക്രമണങ്ങളുടെ വേദന ഉള്ളിലൊതുക്കി ജയിലഴിക്കുള്ളില്‍ നില്‍ക്കുമ്പോഴാണ് മര്‍ദിച്ച വശനായി ചോരകിനിയുന്ന ശരീരവുമായി തന്റെ പ്രിയ എംഎല്‍എയും ലോക്കപ്പിലേക്ക്. പിന്നീട് ഇരുവരും കണ്ണൂര്‍ ജയിലേക്ക്. ഇതോടെ പൊലീസ് മര്‍ദനത്തില്‍ പരുക്കേറ്റ ആ എംഎല്‍എയുടെ സംരക്ഷണ ചുമതല ഈ വിദ്യാര്‍ത്ഥി നേതാവനായി. ഇന്നും ആ ചുമതല തുടരുകയാണ്. കേരള സംസ്ഥാനത്തിന്റെ ഭരണ ചക്രം തിരിക്കുന്ന മുഖ്യമന്ത്രിയായി ആ എംഎല്‍എ മാറിയപ്പോള്‍, പാര്‍ട്ടി സെക്രട്ടറിയായി സര്‍ക്കാരിന് സംരക്ഷണം നല്‍കുകയാണ് ആ പഴയ ഇരുപതു വയസുകാരനും.
ഇരുപതമാത്തെ വയസില്‍ മിസാ തടവുകാരനായി ജയിലില്‍കഴിഞ്ഞ ബാലകൃഷ്ണന്‍ വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തിന്റെ ആഭ്യന്തരമന്ത്രിയാകുന്നതും പിന്നീട് സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗവും ഒടുവില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തുടരുമ്പോള്‍ കനല്‍വഴികളിലൂടെ അദ്ദേഹം താണ്ടിയ രാഷ്ട്രീയയാത്രകള്‍ക്കുള്ള അര്‍ഹമായ അംഗീകാരം തന്നെയാണ് മൂന്നാംവട്ടവും കോടിയേരിയെ സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ അമരത്തേക്ക് എത്തിക്കുന്നത്.
പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ ശേഷം സുഹൃത്തുക്കളോടൊപ്പം തലശേരി ടൗണിലൂടെ നടന്നുവരുന്ന കോടിയേരിയെ ആര്‍എസ്എസുകാര്‍ ഒരിക്കല്‍ വളഞ്ഞിട്ട് തല്ലി. തലേന്ന് നടന്ന സംഘട്ടനത്തിന്റെ ഭാഗമായാണ് ഒന്നും അറിയാതെ ഇരുവരും അക്രമിക്കപ്പെട്ടത്. തല പൊട്ടി ചോരയൊലിച്ചു. ഈ പരിക്കായിരുന്നു രാഷ്ട്രീയത്തില്‍ തുടരണമെന്ന മോഹം ബാലകൃഷ്ണനില്‍ ഉണ്ടാക്കിയത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആരംഭം മുതല്‍ കൊടിയ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയ കോടിയേരി അന്നേ ഉറപ്പിച്ചു തന്റെ ‘രാഷ്ട്രീയം ശരിയാണെന്ന്.
സിപിഐഎമ്മില്‍ വിഭാഗീയത കനലാട്ടം നടത്തുമ്പോഴും ഔദ്യോഗിക പക്ഷത്തെ പ്രധാനിയും പിണറായിയുടെ അടുപ്പക്കാരനുമായ കോടിയേരി പാര്‍ട്ടിയുടെ എതിര്‍വിഭാഗത്തിന്റെ പ്രത്യേകിച്ചും വിഎസിന്റെ ഭാഗത്തുനിന്നും എതിര്‍ക്കപ്പെട്ടില്ല എന്നതാണ് സത്യം. പാര്‍ട്ടിയില്‍ എല്ലാവരുടെയും വിശ്വസ്തനാണ് കോടിയേരി. ഗ്രൂപ്പ് വിവാദങ്ങളില്‍ അദ്ദേഹം വിട്ടുനിന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിഷ്പക്ഷനായി ചിരിച്ചു പ്രതികരിച്ചു. ഒടുവില്‍ പാര്‍ട്ടിയില്‍ വിഎസിനെ ഔദ്യോഗിക പക്ഷം ഒറ്റപ്പെടുത്തിയപ്പോഴും ഇടനിലക്കാരാനായ് നിന്ന് പാര്‍ട്ടിയെ ഒരു കൊടിക്കീഴില്‍ നിര്‍ത്തി.
ഒരു കോണ്‍ഗ്രസ് അനുഭാവി കുടുംബത്തില്‍ ഇല്ലായ്മകളുടെയും കഷ്ടപ്പാടുകളുടെയും ബാല്യമായിരുന്നു ബാലനായ ബാലകൃഷ്ണന്റേത്. പത്രണ്ടാം വയസില്‍ അച്ഛന്‍ മരിച്ചു. പിന്നെയെല്ലാം അമ്മയായിരുന്നു. നാലു പെണ്‍കുട്ടികള്‍ക്കുശേഷം പിറന്ന മകനാണ്. അമ്മയുടെ കൈവശമുള്ള പത്തുസെന്റ് വിറ്റാണ് കോടിയേരിയെ പഠിപ്പിച്ചത്. ഡിഗ്രിക്ക് പഠിക്കുന്ന സമയത്തു രാവിലെ പാല്‍ വിറ്റശേഷം മാഹി വരെ നടന്നാണ് കോളജില്‍ പോയിരുന്നത്.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ നാട്ടിലെ ബീഡിക്കമ്പനിയിലെ തൊഴിലാളികളുമായി അദ്ദേഹം പുലര്‍ത്തി വന്ന ബന്ധമാണ് രാഷ്ട്രീയ വിദ്യാഭ്യാസത്തിലെ നാഴികക്കല്ല്. കണ്ണൂരിലെ ബീഡിക്കമ്പനികളില്‍ കമ്മ്യൂണിസ്റ്റുരാഷ്ട്രീയം പതഞ്ഞുപൊങ്ങുന്ന കാലത്ത് ബീഡിക്കമ്പനികളില്‍ തൊഴിലാളികള്‍ക്ക് അദ്ദേഹം രാഷ്ട്രീയ ഗുരുവായി മാറി. ബീഡിക്കമ്പനികളില്‍ അദ്ദേഹം തൊഴിലാളികള്‍ക്ക് പത്രം വായിച്ചു കൊടുക്കാറുണ്ടായിരുന്നു. പകരം ബസിനുള്ള യാത്രക്കൂലി തൊഴിലാളികള്‍ നല്‍കും. കണ്ണൂര്‍ ഡിവൈഎഫ്‌ഐ സമ്മേളനം നടക്കുന്ന ദിവസമായിരുന്നു കോടിയേരിയുടെ വിവാഹം. ഭാര്യയെ അമ്മയുടെ അടുത്താക്കി അന്നുതന്നെ സമ്മേളനത്തിനുപോയ വ്യക്തിയാണ് കോടിയേരി. ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ പോലും സിപിഎം കോണ്‍ഗ്രസിനും ബിജെപിക്കും വെല്ലു വിളിയായി മാറുമ്പോള്‍ അതില്‍ അര്‍ഹമായ സ്ഥാനം പിണറായിക്കും കോടിയേരിക്കും തന്നെയാണ്. ഭരണതുടര്‍ച്ച ഒരു സര്‍ക്കാരിനും അസാധ്യമെന്ന കേരള രാഷ്ട്രീയത്തില്‍ അപ്രഖ്യാപിത നയത്തിന് വെല്ലുവിളി തീര്‍ത്ത് ഇടതു സര്‍ക്കാരിന് രണ്ടാം വിജയം സമ്മാനിച്ചതും കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ തന്നെയായിരുന്നു. മുന്നണി ചര്‍ച്ച മുതല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരെ അപസ്വരങ്ങളില്ലാതെ വിജയം സമ്മാനിക്കാന്‍ തേരു തെളിച്ചത് അക്ഷരാര്‍ത്ഥത്തില്‍ കോടിയേരി തന്നെയായിരുന്നു. തന്റെ കുടുംബ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് വിള്ളലേല്‍ക്കുമെന്നായപ്പോള്‍ സ്വയം മാറി നിന്നു. പാര്‍ട്ടിയുടെ അമരത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ വീണ്ടുമെത്തുമ്പോള്‍ പാര്‍ട്ടി അണികളിലുണ്ടാക്കുന്ന ആവേശം ചെറുതല്ല.
Story Highlights: kodiyeri balakrishnan life story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here