Advertisement

ഒരാഴ്ചയ്ക്കിടെ സെലന്‍സ്‌കി മരണമുഖത്തുനിന്ന് രക്ഷപ്പെട്ടത് മൂന്നു തവണ

March 4, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റഷ്യന്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ സെലന്‍സിയെ ലക്ഷ്യമിട്ട് നിരവധി തവണ വധശ്രമനീക്കം നടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നു തവണയാണ് വധശ്രമങ്ങളില്‍നിന്ന് സെലന്‍സ്‌കി രക്ഷപ്പെട്ടതെന്ന് ‘ദ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. നീക്കം മണത്തറിഞ്ഞ് യുക്രൈന്‍ സുരക്ഷാസേന മൂന്നു ശ്രമങ്ങളും പരാജയപ്പെടുത്തുകയായിരുന്നു. തുണയായത് റഷ്യയിലെ യുദ്ധവിരുദ്ധര്‍ റഷ്യന്‍ പാരാമിലിട്ടറി വിഭാഗമായ വാഗ്‌നര്‍ ഗ്രൂപ്പ്, ചെച്നിയന്‍ പാരാമിലിട്ടറി സംഘമായ കദിറോവ്റ്റ്സി എന്നിവയുടെ നേതൃത്വത്തിലാണ് വധശ്രമം നടന്നതെന്ന് ദ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘത്തെ അയച്ച വിവരം റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസില്‍(എഫ്.എസ്.ബി) യുദ്ധവിരുദ്ധ നിലപാടുള്ള ഒരു വിഭാഗം യുക്രൈന്‍ വൃത്തങ്ങള്‍ക്ക് രഹസ്യവിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാവിഭാഗത്തിന്റെ കടുത്ത ജാഗ്രതയിലാണ് സെലന്‍സ്‌കിയെ രക്ഷിക്കാനായതെന്ന് യുക്രൈന്‍ നാഷനല്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി ഒലെക്സി ദാനിലോവ് വെളിപ്പെടുത്തി.

സിറിയന്‍ ആഭ്യന്തര യുദ്ധമടക്കം വിവിധ സൈനിക നടപടികളുടെ ഭാഗമായ സംഘമാണ് വാഗ്‌നര്‍ ഗ്രൂപ്പ്. 2014 മുതല്‍ 2015 വരെ സിറിയന്‍ ഭരണകൂടത്തിനു വേണ്ടിയായിരുന്നു വാഗ്‌നര്‍ സംഘത്തിന്റെ ഓപറേഷന്‍. ഡോണ്‍ബാസ് യുദ്ധത്തിലും വിമതവിഭാഗങ്ങള്‍ക്കു വേണ്ടി സംഘം ആയുധമെടുത്തിരുന്നു. യുക്രൈനിലെ സ്വയം പ്രഖ്യാപിത ഡോണെസ്‌ക്, ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപബ്ലിക്കുകളിലെ വിമതസേനകളെ സഹായിക്കാനായിരുന്നു വാഗ്‌നര്‍ ഗ്രൂപ്പ് എത്തിയത്. മുന്‍ ചെചന്‍ നേതാവ് അഹ്മദ് കദിറോവിന്റെ നേതൃത്വത്തിലുള്ള വിമതസൈന്യത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ടതാണ് കദിറോവ്റ്റ്സി. ചെചന്‍ യുദ്ധത്തിലടക്കം ഭാഗമായ സംഘം ഇപ്പോള്‍ ചെചന്‍ റിപബ്ലിക് തലവന്റെ സുരക്ഷാ വിഭാഗമായാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.

അതേസമയം, ചെര്‍ണിവില്‍ ഇന്നലെയുണ്ടായ വ്യോമാക്രമണത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് യുക്രൈന്‍ അറിയിച്ചു. ജനവാസ മേഖലയിലുണ്ടായ ആക്രമണത്തില്‍ 38 പുരുഷന്മാരും 9 സ്ത്രീകളുമാണ് മരിച്ചത്. ചെര്‍ണിവ് റീജിയണല്‍ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷനാണ് വിവരം സ്ഥിരീകരിച്ചത്. പരുക്കേറ്റ 18 പേര്‍ രക്ഷപെട്ടിട്ടുണ്ട്. നേരത്തെ ആക്രമണം രൂക്ഷമായതിനാല്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്നതായി യുക്രൈനിലെ എമര്‍ജന്‍സി സ്റ്റേറ്റ് സര്‍വീസ് അറിയിച്ചു.

യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്കനുസരിച്ച് ഒരു ദശലക്ഷത്തിലധികം ആളുകളാണ് യുക്രൈനില്‍ നിന്ന് ഇതിനോടകം അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.

അതേസമയം ഇന്ന് യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യയുടെ വ്യോമാക്രമണമുണ്ടായി. സാപ്രോഷ്യ ആണവനിലയത്തിന് സമീപം തീയും പുകയുമാണെന്നാണ് റിപ്പോര്‍ട്ട്. സാപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ് അന്താരാഷ്ട്ര ആണവോര്‍ജ എജന്‍സി അറിയിച്ചിട്ടുണ്ട്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് സാപ്രോഷ്യ. ഇവിടെയുണ്ടാകുന്ന ആക്രമണം 1986 ലെ ചെര്‍ണോബൈല്‍ ദുരന്തത്തേക്കാള്‍ ഭീകരമായിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ആണവനിലയത്തിലെ റിയാക്ടറിനെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. റിയാക്ടറിന് കേടുപാടുകള്‍ സംഭവിച്ചാല്‍ വന്‍ ദുരന്തത്തിനാകും ലോകം സാക്ഷ്യം വഹിക്കുക.

വ്യോമാക്രമണത്തിനെതിരായി റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേറ്റോ രംഗത്തെത്തിയിരുന്നു. ആക്രമണം നിരുത്തരവാദപരമാണെന്ന് നേറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബെര്‍ഗ് വിമര്‍ശിച്ചു. എതയും വേഗം യുക്രൈനില്‍ നിന്ന് റഷ്യന്‍ സേനയെ പിന്‍വലിക്കണമെന്നും നേറ്റോ ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകള്‍ക്കാണ് നേറ്റോ ശ്രമിക്കുന്നത്. നേരിട്ട് യുദ്ധത്തിലേക്കിറങ്ങിയാല്‍ അതൊരു ആണവ യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് കണക്കുകൂട്ടല്‍.

Story Highlights: Volodymyr Zelensky survives three assassination attempts in days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement