Advertisement

പി.ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ സോഷ്യല്‍മീഡിയില്‍ വിമര്‍ശനം ശക്തം

March 6, 2022
Google News 2 minutes Read

സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് പി.ജയരാജനെ തഴഞ്ഞതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുന്നു. വിഭാഗീയത അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയതിന് പിന്നാലെയാണ് പി.ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തതിരുന്ന സംഭവം പുതിയ മാനങ്ങളിലേക്ക് നീങ്ങുന്നത്.

ഇതിന്റെ തനിയാവര്‍ത്തനം നാലുവര്‍ഷം മുമ്പ് നടന്ന തൃശൂര്‍ സമ്മേളനത്തിലുമുണ്ടായിരുന്നു. അന്ന് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി.രാജീവിനെയും കെ.എന്‍.ബാലഗോപാലിനെയും സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടും ജയരാജനെ ഉള്‍പ്പെടുത്തിയില്ലെന്നതായിരുന്നു വിമര്‍ശനം. ഇപ്രാവശ്യം കേന്ദ്ര കമ്മിറ്റി അംഗമായ എം.വി.ഗോവിന്ദനെ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടും ജയരാജനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പി.ജയരാജനെ ഉള്‍പ്പെടുത്താതിരിക്കുന്നതിനായി കണ്ണൂരില്‍ നിന്ന് തന്നെ വേറെ ആരേയും സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ആരോപിക്കുന്നു. റെഡ് ആര്‍മിയെന്ന ഫേസ്ബുക്ക് പേജിലും ഇടത് അനുകൂല പേജിലുമെല്ലാം ജയരാജനെ പിന്തുണച്ചുള്ള പ്രതിഷേധം ശക്തമാണ്.

കഴിഞ്ഞ ദിവസം ജയരാജന്റെ മകന്‍ തന്നെ ഇത്തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനിച്ചിരുന്നു. സ്വന്തം നിലപാട് പി ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി. പാര്‍ട്ടിയില്‍ പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടിയില്‍ പറയണമെന്നും ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് കോടിയേരി മറുപടി നല്‍കി.

ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ് ഇട്ട പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ”ആരുടെ മകനായാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണമെന്നും ഫേസ്ബുക്കിലല്ല പറയേണ്ടത് ” എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാംതവണയും തെരഞ്ഞെടുക്കപ്പെട്ടതിന് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തിന് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.

പി,ജയരാജന്റെ വീഡിയോ ഷെയര്‍ ചെയ്ത് ‘ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇടനെഞ്ചില്‍ത്തന്നെ’ എന്നായിരുന്നു മകന്‍ ജെയ്ന്‍ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിന് താഴെ പിന്തുണ അറിയിച്ചിരിക്കുന്നത്. സമ്മേളനത്തിന് പിന്നാലെ വ്യക്തികളെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടരുതെന്ന പാര്‍ട്ടിയുടെ നിര്‍ദേശം വകവയ്ക്കാതെയാണ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. അതേസമയം, പദവിയല്ല നിലപാടാണ് പ്രധാനമെന്ന് വിവാദങ്ങള്‍ക്ക് മറുപടിയുമായി മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പ്രതികരിച്ചു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഐഎം. ഓരോ പ്രവര്‍ത്തകനും സിപിഐഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും സ്വയം വിമര്‍ശനം നടത്തുകയും ചെയ്യുന്നു. വിമര്‍ശനവും സ്വയം വിമര്‍ശനവുമുള്ള ഏകപാര്‍ട്ടിയാണ് സിപിഐഎം. തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ ആദ്യമേ അറിയിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഒളിഞ്ഞുനോട്ടം നടത്തുകയാണ് ചെയ്യുന്നത്. തന്നെ തഴഞ്ഞോ എന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Story Highlights: Criticism is strong on social media for not including P Jayarajan in the secretariat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here