Advertisement

അഫ്ഗാന്‍ ആഭ്യന്തര മന്ത്രിയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് താലിബാന്‍

March 6, 2022
Google News 2 minutes Read

താലിബാന്റെ പ്രമുഖ നേതാവും അഫ്ഗാന്‍ ആഭ്യന്തര മന്ത്രിയുമായ സിറാജുദ്ദീന്‍ ഹഖാനിയുടെ മുഖം പൂര്‍ണമായി വ്യക്തമാക്കുന്ന ചിത്രം ആദ്യമായി പരസ്യപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനയായ താലിബാന്‍ നേതൃത്വം. താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദാണ് ദേശീയ പൊലീസിന്റെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കുന്ന ഹഖാനിയുടെ ചിത്രം ട്വീറ്റ് ചെയ്തത്.

അദ്ദേഹം സല്യൂട്ട് സ്വീകരിക്കുന്ന ചിത്രങ്ങളും പൊലീസ് ഓഫീസര്‍ക്കൊപ്പം നടന്നുനീങ്ങുന്ന ചിത്രങ്ങളുമാണ് താലിബാന്‍ നേതൃത്വം പുറത്തുവിട്ടത്. കറുത്ത തലപ്പാവ് ധരിച്ച്, അതിന് മുകളില്‍ ഷാള്‍ പുതച്ച നിലയിലാണ് സിറാജുദ്ദീന്‍ ഹഖാനി ചടങ്ങിനെത്തിയത്. കഴിഞ്ഞ വര്‍ഷം അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാരിന്റെ ഭാഗമായിട്ടും ഹഖാനിയുടെ ചിത്രങ്ങള്‍ നേതൃത്വം പങ്കുവച്ചിരുന്നില്ല.
യു.എന്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹഖാനിയുടെ പകുതി മുഖം മറച്ച ചിത്രമാണ് ഇതുവരെ എല്ലായിടത്തും പ്രസിദ്ധീകരിച്ചിരുന്നത്.

2008 ല്‍ കാബൂള്‍ ഹോട്ടലില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് യു.എസ് ഹഖാനി ശൃംഖലയെ ഭീകര സംഘടനയായും സിറാജുദ്ദീന്‍ ഹഖാനിയെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ അഫ്ഗാനിലെ ഇന്ത്യക്കാര്‍ക്കെതിരെ നടന്ന നിരവധി ആക്രമണങ്ങളുടെ സൂത്രധാരന്‍ ഇയാളാണെന്നാണ് വിവരം.

സിറാജുദ്ദീന്‍ ഹഖാനിക്ക് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താലിബാന്‍ പുതിയ നീക്കവുമായെത്തിയതെന്ന വിമര്‍ശനമാണ് പൊതു സമൂഹത്തില്‍ നിന്ന് ഉയരുന്നത്.

Story Highlights: Taliban have released the first picture of an Afghan minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here