സുമിയിലെ രക്ഷാദൗത്യത്തിന് നാല് ബസുകൾ പോൾട്ടോവ സിറ്റിയിലേക്ക്

സുമിയിലെ രക്ഷാദൗത്യത്തിന് നാല് ബസുകൾ പോൾട്ടോവ സിറ്റിയിലേക്ക്. രക്ഷാദൗത്യം ഏകോപിപ്പിക്കാൻ യുക്രൈനിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥ സംഘം പോൾട്ടോവ സിറ്റിയിലെത്തിയിട്ടുണ്ട്. ഏത് നിമിഷവും പുറപ്പെടാൻ തയാറായിരിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിർദേശം നൽകി. ഓരോ ബസിലും അൻപത് വിദ്യാർത്ഥികൾക്ക് പ്രവേശനമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഭക്ഷണമടക്കം സൗകര്യങ്ങൾ ഏർപ്പെടുത്തും. (ukraine russia sumy evacuation)
അതേസമയം, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 160 വിദ്യാർത്ഥികളെ കൂടി രാജ്യത്ത് എത്തിച്ചു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനം പുലർച്ചെ ഡൽഹിയിലെത്തി. കീവിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിംഗിനെ ഇന്ന് രാജ്യത്തെത്തിക്കും.
Read Also : സുമിയിലേക്ക് ആശ്വാസം എത്തുന്നു; യാത്രയ്ക്ക് തയാറെടുക്കാൻ വിദ്യാർത്ഥികളോട് എംബസി
ഖാർകീവിലെ ആണവ ഗവേഷണ കേന്ദ്രത്തിന് നേരെ റഷ്യ ഷെല്ലാക്രമണം നടത്തിയെന്ന് യുക്രൈൻ ആരോപിച്ചു. റഷ്യ വെടിനിർത്തൽ ലംഘിച്ചെന്നും മാനുഷിക ഇടനാഴിയിൽ ആക്രമണം തുടരുകയാണെന്നും യുക്രൈൻ ആരോപിച്ചു. ഇതേതുടർന്ന് യുക്രൈനിലെ മരിയുപോൾ നഗരപരിധിയിലെ ഒഴുപ്പിക്കൽ ഇന്നും പരാജയപ്പെട്ടു. ഇതിനിടെ വിന്നിറ്റ്സ്യ നഗരത്തിൽ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് യുക്രൈൻ ആരോപിച്ചു. എട്ട് മിസൈലുകൾ നഗരത്തിൽ പതിച്ചെന്നാണ് യുക്രൈൻ പറയുന്നത്. യുക്രൈന് മേൽ നോ ഫ്ലൈ സോൺ ഉടൻ ഏർപ്പെടുത്തണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു.
ആക്രമണം തുടരുന്നത് യുക്രൈനാണെന്നാണ് റഷ്യയുടെ വിശദീകരണം. ഇന്ത്യൻ സമയം രാത്രി 12.30 വരെ പതിനൊന്ന് മണിക്കൂർ നേരത്തേക്ക് ആക്രമണം നിർത്തിവയ്ക്കാനായിരുന്നു റഷ്യൻ സേനയും മരിയുപോൾ നഗര ഭരണകൂടവും തമ്മിൽ ധാരണയായത്. ബസുകളിലും കാറുകളിലുമൊക്കെയായി പരമാവധി പേരെ ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് റഷ്യ വെടിനിർത്തൽ ലംഘിച്ചുവെന്ന ആരോപണവുമായി യുക്രൈൻ രംഗത്തെത്തിയത്.
അതേസമയം സപ്രോഷ്യ ആണവനിലയം ആക്രമിച്ചത് റഷ്യയല്ലെന്നും യുക്രൈൻ തന്നെയാണെന്നും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ വിശദീകരിച്ചു. യുദ്ധം അവസാനിക്കണമെങ്കിൽ യുക്രൈൻ പോരാട്ടം നിർത്തണമെന്ന് പുടിൻ ആവർത്തിച്ചു. റഷ്യയുടെ ആവശ്യങ്ങൾ യുക്രൈൻ അംഗീകരിക്കണമെന്നും തുർക്കി പ്രസിഡൻറ് എർദോഗനുമായള്ള സംഭാഷണത്തിൽ പുടിൻ ആവശ്യപ്പെട്ടു.
കൃത്യമായ പദ്ധതിയോട് കൂടിയാണ് നിലവിലെ ഓപ്പറേഷൻ നടക്കുന്നത്. യാഥാർത്ഥ്യം ഉൾക്കൊണ്ട് ചർച്ചകളോട് യുക്രൈൻ ക്രിയാത്മകമായി ഇടപെടുമെന്നാണ് കരുതുന്നതെന്നും ക്രെംലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Story Highlights: ukraine russia sumy evacuation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here