‘മകൾക്ക് ഭക്ഷണം പോലും നൽകിയിരുന്നില്ല’; സ്ത്രീധനത്തിന്റെ പേരിൽ മർദിക്കപ്പെട്ട യുവതിയുടെ മാതാപിതാക്കൾ 24നോട്

അങ്കമാലിയിൽ യുവതിയെ മർദിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ മാതാപിതാക്കൾ. സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മാനസികമായി പീഡിപ്പിച്ചതായി മാതാപിതാക്കൾ ട്വന്റിഫോറിനോട് പറഞ്ഞു. ( angamaly woman family against in laws )
‘മകളെ കാണാൻ പോയ ഞങ്ങളേയും മർദിച്ചു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. മകൾക്ക് ഭക്ഷണം പോലും നൽകിയിരുന്നില്ല’- മാതാപിതാക്കൾ ട്വന്റിഫോറിനോട് പറഞ്ഞു’.
അങ്കമാലിയിൽ കൊരട്ടി സ്വദേശിയായ യുവതിക്ക് നേരെ ക്രൂരമർദനമുണ്ടായെന്ന വാർത്ത പുറത്ത് വരുന്നത് ഇന്നലെയാണ്. ഭർത്താവിന്റെ അമ്മയുടെ സുഹൃത്ത് മർദിച്ചെന്നാണ് യുവതിയുടെ പരാതി. മർദനത്തിൽ യുവതിയുടെ മുഖത്തിന് സാരമായി പരുക്കേറ്റു. മുഖത്തെ എല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്. യുവതി അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭർത്താവിന്റെ അമ്മ തന്നെ ഭർതൃവീട്ടിൽ വച്ച് നിരവധി തവണ മർദിച്ചിരുന്നതായി യുവതി ട്വന്റിഫോറിനോട് പറഞ്ഞു. ഭർത്താവിന്റെ അനുജനും തന്നെ ഉപദ്രവിച്ചു. ഒരാഴ്ചയോളം തന്നെ പട്ടിണിക്കിട്ടു. ശുചിമുറിയിലെ വെള്ളം കുടിച്ചാണ് കഴിഞ്ഞിരുന്നത്. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ വൈകിയെന്നും യുവതി പറഞ്ഞു.
ഭർത്താവിന്റെ അമ്മയും സുഹൃത്തും തമ്മിലുള്ള ഫോൺ സംഭാഷണം യുവതി റെക്കോർഡ് ചെയ്തിരുന്നു. ഇത് കാരണമാണ് മർദിച്ചതെന്ന് യുവതി പറഞ്ഞു.
Story Highlights: angamaly woman family against in laws
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here