Advertisement

ഗോവയില്‍ കോണ്‍ഗ്രസ് -ബിജെപി പോരാട്ടം; 2017 -ലെ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ്

March 10, 2022
Google News 2 minutes Read

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഭരണമാറ്റവും ഭരണത്തുടർച്ചയുമൊക്കെ ഇന്ന് തെളിയും. ഗോവയില്‍ കോണ്‍ഗ്രസും BJP-യും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് . ഇരു പാര്‍ട്ടികള്‍ക്കും മുന്‍‌തൂക്കം നല്‍കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പിന് ശേഷം നടന്ന എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പുറത്തുവന്നത്. ഇതോടെ കോണ്‍ഗ്രസ്‌ പാളയത്തില്‍ ആശങ്ക ഉടലെടുത്തിട്ടുണ്ട്.

ഗോവയില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് ന്യൂസ് എക്‌സും കോണ്‍ഗ്രസിന് സാധ്യതയെന്ന് ഇന്ത്യ ടുഡേയും ടൈംസ് നൗവും പ്രവചിക്കുന്നു. ഗോവയില്‍ കോണ്‍ഗ്രസിന്റെ ജയം പ്രഖ്യാപിച്ചാണ് ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് 16 സീറ്റുകളും ബിജെപി 14 സീറ്റുകളും നേടും. ആംആദ്മി പാര്‍ട്ടി 4, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.

ഗോവയില്‍ 15 മുതല്‍ 20 വരെ സീറ്റ് കോണ്‍ഗ്രസ് നേടുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വേ പ്രവചനം. ബിജെപി 14-18, ടിഎംസി 02-5, മറ്റുള്ളവര്‍ 4 സീറ്റുകളും നേടിയേക്കും.
17 മുതല്‍ 19 സീറ്റ് വരെ നേടി ഗോവയില്‍ ബിജെപി ജയം നേടുമെന്ന് ന്യൂസ് എക്‌സ് സര്‍വേ എക്‌സിറ്റ് പോള്‍ പറയുന്നത്. കോണ്‍ഗ്രസിന് 11 മുതല്‍ 13 വരെ നേടിയേക്കും. മറ്റുള്ളവര്‍ 2-7, എഎപി 1-4 എന്നിങ്ങനെയാണ് സര്‍വേ ഫലം.

Read Also : ഗോവയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രമോദ് സാവന്ത്; കോൺ​ഗ്രസ് സ്ഥാനാർത്ഥികൾ റിസോർട്ടിൽ ഒത്തുകൂടിയത് പിറന്നാളാഘോഷത്തിനെന്ന് ദിഗംബർ കാമത്ത്

2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോവയിൽ സംഭവിച്ച അബദ്ധം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരെയും ചേര്‍ത്ത് ബിജെപി ഭരണം പിടിച്ചു. രണ്ട് സ്വതന്ത്രരും ബി ജെ പിയെ പിന്തുണയ്ക്കുകയായിരുന്നു. എം ജി പി 3, ജി എഫ് പി 3, എന്‍ സി പി 1, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാര്‍ട്ടികളുടെ കക്ഷി നില. ബി ജെ പി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ ചില എം എല്‍ എമാരും കൂറുമാറി ബി ജെ പിയിലെത്തി.

സമാനമായ കുതിരക്കച്ചവടത്തിന് ഗോവ വീണ്ടും സാക്ഷിയാകാനാണ് സാധ്യത. 40 സീറ്റുകളാണ് ഗോവ നിയമസഭയിലുള്ളത്. 21 സീറ്റ് നേടുന്ന കക്ഷിക്ക് ഭരിക്കാന്‍ സാധിക്കും. ഒരു കക്ഷിക്കും മാന്ത്രിക സംഖ്യ കടക്കാനായില്ലെങ്കില്‍ സഖ്യ ഭരണം വരും. ഈ വേളയിലാണ് വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാധ്യത.

Story Highlights: Congress-BJP clash in Goa election result 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here