ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലേക്ക്; ഭരണത്തുടർച്ച ചരിത്രത്തിൽ ആദ്യം

ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലേക്ക്. 44 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്ന ബിജെപി ഭരണത്തുടർച്ച ഉറപ്പിച്ചുകഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച ലഭിക്കുന്നത്. 22 സീറ്റുകളിലാണ് കോൺഗ്രസിനു ലീഡ് ഉള്ളത്. ഭരണത്തുടർച്ച ഉറപ്പിച്ചെങ്കിലും ഉത്തരാഖണ്ഡിൽ മന്ത്രി പുഷ്കർ സിംഗ് ധാമി പിന്നിലാണ്. ഖതിമ നിയോജക മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ഭുവൻ ചന്ദ്ര കപ്രിയാണ് ധാമിയ്ക്ക് തിരിച്ചടി നൽകുന്നത്.
2002ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആണ് ഉത്തരാഖണ്ഡിൽ അധികാരം പിടിച്ചത്. 70 സീറ്റുകളിൽ 36 എണ്ണം കോൺഗ്രസ് സ്വന്തമാക്കി. നാരായൺ ദത്ത് തിവാരി ആയിരുന്നു ആദ്യത്തെ മുഖ്യമന്ത്രി. 2007ൽ ബിജെപി അധികാരത്തിലെത്തി. 70ൽ 35 സീറ്റുകളിൽ വിജയിച്ച ബിജെപി ഉത്തരാഖണ്ഡ് ക്രാന്തി ദളിൻ്റെയും മറ്റ് സ്വതന്ത്രരുടെയും പിന്തുണയോടെ അധികാരത്തിലേറി. മുൻ കേന്ദ്ര മന്ത്രി ഭുവൻ ചന്ദ്ര ഖണ്ഡൂരി മുഖ്യമന്ത്രിയായി.
2012ൽ വീണ്ടും കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചു. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ കോൺഗ്രസിന് 32 സീറ്റും ബിജെപിയ്ക്ക് 31 സീറ്റും ലഭിച്ചു. വിജയ് ബഹുഗുണ ആയിരുന്നു മുഖ്യമന്ത്രി. 2014ൽ ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായി. കഴിഞ്ഞ തവണ ബിജെപി വീണ്ടും അധികാരത്തിലെത്തി. 57 മണ്ഡലങ്ങളിൽ വിജയിച്ച ബിജെപി ത്രിവേന്ദ്ര സിംഗ് റാവത്തിനെ മുഖ്യമന്ത്രിയാക്കി. 2021ൽ തിരാത്ത് സിംഗ് റാവത്തും തുടർന്ന് പുഷ്കർ സിംഗ് ധാമിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
ഹരിദ്വാർ റൂറലിൽ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് ലീഡ് ചെയ്യുന്നു. ബിജെപിയുടെ സ്വാമി യതീശ്വരാനന്ദുമായി 2700ലധികം വോട്ടുകൾക്കാണ് അനുപമ മുന്നിൽ നിൽക്കുന്നത്. ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ മുൻ മന്ത്രി ഹരക് സിംഗ് റാവത്തിൻ്റെ മരുമകൾ അനുകൃതി ഗുസൈൻ പിന്നിലാണ്. ബിജെപിയുടെ സിറ്റിംഗ് എംഎൽഎ ആയ ദലീപ് സിംഗ് റാവത്ത് ഇവിടെ 100ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.
സംസ്ഥാനത്ത് കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഹരീഷ് റാവത്ത് നൈനിറ്റാളിലെ ലാൽകുവൻ മണ്ഡലത്തിൽ 2713 വോട്ടുകൾക്ക് പിന്നിൽ നിൽക്കുന്നു.
Story Highlights: uttarakhand bjp government update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here