Advertisement

‘യന്ത്രങ്ങളിലെ ക്രമക്കേടാണ് ബിജെപിയെ ജയിപ്പിച്ചത്,ജനങ്ങളല്ല’;ആഞ്ഞടിച്ച് മമത ബാനര്‍ജി

March 11, 2022
Google News 2 minutes Read

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി വിജയിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി മമത ബാനര്‍ജി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒപ്പമുള്ളതുകൊണ്ടും വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താന്‍ സാധിച്ചതുകൊണ്ടുമാണ് ബിജെപിക്ക് വിജയം നേടാനായതെന്ന് മമത ആരോപിച്ചു. ബിജെപിയുടെ വിജയം അവരുടെ ജനപ്രീതിയിലേക്കല്ല പകരം വോട്ടെണ്ണലിലെ ക്രമക്കേടിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് മമതയുടെ വിമര്‍ശനം. 2024ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ എതിരിടാന്‍ കരുത്തുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടെ കോണ്‍ഗ്രസിനേയും ചേര്‍ക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

‘ബിജെപിയെ രാഷ്ട്രീയമായി എതിരിടണമെന്ന് ആഗ്രഹിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണം. കോണ്‍ഗ്രസിനെ ഇനിയും ആശ്രയിക്കുന്നതില്‍ യാതൊരു കാര്യവുമില്ല. കോണ്‍ഗ്രസ് ഒരു കാലത്ത് സംഘടനാ പ്രവര്‍ത്തനം കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കിയിരുന്നു. എന്നാല്‍ ഇന്ന് അവര്‍ക്ക് അതിനൊന്നും യാതൊരു താല്‍പ്പര്യവുമില്ല. അവരുടെ വിശ്വാസ്യത തന്നെ ജനങ്ങള്‍ക്കുമുന്നില്‍ നഷ്ടമായിരിക്കുന്നു. എല്ലാ പ്രാദേശിക പാര്‍ട്ടികളും ഈ വിശാല ലക്ഷ്യത്തിനായി ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്’. മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തിലായിരുന്നു മമതയുടെ പ്രതികരണം.

Read Also : ദേശീയ തലത്തിലെ രാഷ്ട്രീയ ചിത്രം മാറുന്നു; യോഗിയും കെജ്രിവാളും ദേശീയ നേതാക്കളായി ഉയരുമ്പോള്‍ പ്രതീക്ഷിക്കേണ്ടതെന്ത്?

ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയുടെ പരാജയത്തില്‍ അഖിലേഷ് യാദവ് നിരാശനാകരുതെന്നും മമത പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിയതുമായി ബന്ധപ്പെട്ട് വാരണാസിയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. അഖിലേഷ് മനസ് തളരാതെ ഇതെല്ലാം ജനങ്ങളോട് കൃത്യമായി ആശയവിനിമയം നടത്തണം. വലിയ അട്ടിമറി നടന്നിട്ടുണ്ടെന്നും അഖിലേഷ് ഇതിനെതിരെ പോരാടണമെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

Story Highlights: mamata banerjee press meet after bjp victory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here