Advertisement

ദേശീയ തലത്തിലെ രാഷ്ട്രീയ ചിത്രം മാറുന്നു; യോഗിയും കെജ്രിവാളും ദേശീയ നേതാക്കളായി ഉയരുമ്പോള്‍ പ്രതീക്ഷിക്കേണ്ടതെന്ത്?

March 10, 2022
Google News 2 minutes Read

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ദേശീയ തലത്തിലേക്കുള്ള രണ്ട് നേതാക്കളുടെ താരോദയമാണ് ചര്‍ച്ചയാകുന്നത്. പഞ്ചാബിലെ കരുത്തരെ കടപുഴക്കി ഒരു ജയിന്റ് കില്ലറായി അരവിന്ദ് കെജ്രിവാളും ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം നേടി ചരിത്രം കുറിച്ച് യോഗി ആദിത്യനാഥുമാണ് ദേശീയ തലത്തിലേക്ക് ഉയരുന്നത്. പ്രതിപക്ഷ നേതൃനിരയിലേക്ക് കെജ്രിവാള്‍ കൂടി ഉയര്‍ന്നുവരികയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്നതിനുമപ്പുറമുള്ള പദവികള്‍ നേടുന്നതിന് യോഗിയുടെ സാധ്യതയും ഉയരുകയാണ്.

35 വര്‍ഷത്തിനുശേഷം ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം നേടിയതോടെ യോഗിക്ക് ബിജെപിയില്‍ കൂടുതല്‍ നിര്‍ണായകമായ സ്ഥാനം ലഭിക്കുകയാണ്. ആര്‍എസ്എസ് പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ടുവെച്ച യോഗിയുടെ ഹിന്ദുത്വ ഐഡന്റിറ്റിയിലൂന്നിയ രാഷ്ട്രീയത്തിന് ദേശീയ തലത്തില്‍ സ്വീകാര്യത ലഭിക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മോദിക്കുശേഷം യോഗി ഇന്ത്യയുടെ പ്രധാനമന്ത്രിയായേക്കുമെന്ന വിശകലനങ്ങള്‍ വരെ ഈ ഘട്ടത്തില്‍ വരുന്നുണ്ട്. മിതവാദിയായിരുന്ന വാജ്‌പേയിയുടെ സ്ഥാനത്തേക്ക് എത്താന്‍ യോഗി ആദിത്യനാഥിന് കൂടി സാധ്യത തെളിയുമ്പോള്‍ സ്വാഭാവികമായും ബിജെപിയുടെ നയങ്ങളിലും ഫോക്കസിലും മാറ്റങ്ങള്‍ വരും.

Read Also : ഭരണവിരുദ്ധവികാരത്തെ മറികടന്ന ചിട്ടയായ പ്രവര്‍ത്തനം; യുപിയില്‍ ബിജെപിക്ക് തുടര്‍ഭരണം നേടാനായത് ഇങ്ങനെ

ക്ഷേത്രങ്ങളുടെ നവീകരണവും ഗോവധനിരോധനവും ലൗജിഹാദിനെതിരായ നിയമനിര്‍മ്മാണവും ഉള്‍പ്പെടെയുള്ള യോഗി സര്‍ക്കാരിന്റെ കര്‍മ്മ പരിപാടികള്‍ വിജയം കണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്. യുപിയില്‍ പയറ്റിത്തെളിഞ്ഞ ഈ മാതൃക യോഗിയോടൊപ്പം തന്നെ ദേശീയ തലത്തിലേക്ക് ഉയര്‍ന്നേക്കുമെന്നും വിശകലനങ്ങള്‍ വരുന്നുണ്ട്.

ഡല്‍ഹിക്ക് പുറത്തുള്ള അട്ടിമറി വിജയം ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാള്‍ എന്ന നേതാവിനും നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. പഞ്ചാബില്‍ വിജയിക്കാനായതോടെ ഡല്‍ഹിയിലേക്കാള്‍ ഭരണസ്വാതന്ത്ര്യം ആം ആദ്മി പാര്‍ട്ടിക്ക് ആസ്വദിക്കാനുമാകും. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേടിയ അട്ടിമറി വിജയം ബിജെപിക്ക് രാഷ്ട്രീയ ബദലാകാനുള്ള വിശാല പ്രതിപക്ഷത്തെ അരവിന്ദ് കെജ്രിവാള്‍ നയിക്കുമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാരഥി മമത ബാനര്‍ജി കൊതിച്ചിരുന്ന ഈ സ്ഥാനത്തേക്ക് കെജ്രിവാള്‍ ഉയര്‍ന്നുവരുന്നു എന്നതാണ് ഏറെ നിര്‍ണായകം.

അരാഷ്ട്രീയതയാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവെക്കുന്നതെന്ന വിമര്‍ശനം ആദ്യം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. അഴിമതിക്കെതിരായ പോരാട്ടം, അസമത്വത്തെ ഇല്ലാതാക്കല്‍, അടിസ്ഥാന സൗകര്യവികസം മുതലായ കാര്യങ്ങളിലൂന്നിയാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം. എന്നാല്‍ ഡല്‍ഹിയില്‍ പൊലീസ്, ലാന്‍ഡ്, ബ്യൂറോക്രസി മുതലായവയുടെ നിയന്ത്രണം ആപ്പ് സര്‍ക്കാരിന് ലഭിച്ചതുമില്ല. പൂര്‍ണ ഭരണ സ്വാതന്ത്ര്യം അനുഭവിക്കാനാകുന്നതോടെ ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായി പ്രചരണം നടത്തുന്ന മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കൂടുതല്‍ അവസരം ലഭിക്കും. ഈ മാതൃക പരീക്ഷിച്ച് വിജയം കണ്ടാല്‍ അത് ദേശീയ രാഷ്ട്രീയ ചിത്രത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള വലിയ പ്രതിഭാസമായി വളരും. സ്വാതന്ത്ര്യസമരത്തിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവെക്കുന്ന നവ രാഷ്ട്രീയ സങ്കല്‍പ്പം ഉയര്‍ന്നുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story Highlights: aravind kejriwal and yogi adityanath national leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here