Advertisement

‘എസ്പി ഭരണം വരാതിരിക്കാന്‍ ദളിത് വോട്ടുകള്‍ ബിജെപിയിലേക്ക് പോയി’; പരാജയ കാരണങ്ങള്‍ പറഞ്ഞ് മായാവതി

March 11, 2022
Google News 2 minutes Read

ബിഎസ്പിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച ശേഷം പ്രതികരണമറിയിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുടെ കാലത്തെ കാട്ടുഭരണം ആവര്‍ത്തിക്കാതിരിക്കാന്‍ ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ ബിജെപിയുടെ ഒപ്പം നിന്നതാണ് പരാജയകാരണമെന്ന് മായാവതി പറഞ്ഞു. ബിജെപിയോടുള്ള എതിര്‍പ്പ് കാരണം ന്യൂനപക്ഷ വിഭാഗങ്ങള്‍ അഖിലേഷിനൊപ്പം നിന്നു. ഇത് തങ്ങള്‍ക്ക് തിരിച്ചടിയായെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. അഖിലേഷ് ഒരിക്കല്‍ക്കൂടി ഭരണത്തിലെത്തുമോ എന്ന ജനങ്ങളുടെ ഭയമാണ് ബിഎസ്പിക്ക് തിരിച്ചടിയായതെന്ന വാദമാണ് മായാവതി മുന്നോട്ടുവെച്ചത്. തന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ശേഷം ഇതാദ്യമായാണ് മായാവതി മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

ബിഎസ്പിക്കൊപ്പം നിന്നിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ ഉറപ്പിക്കാന്‍ കഴിയാത്തത് പാളിച്ചയായി മായാവതി വിലയിരുത്തുന്നുണ്ട്. ഇത് തങ്ങളെ സംബന്ധിച്ച് നിഷ്ഠുരമായ ഒരു പാഠമാണ്. തങ്ങള്‍ മുസ്ലീം വിഭാഗത്തെ വിശ്വസിച്ചിരുന്നുവെന്നും ഈ പരാജയത്തിന്റെ പാഠങ്ങള്‍ മനസില്‍ സൂക്ഷിച്ച് തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. മുസ്ലീം വിരുദ്ധ പ്രചരണപരിപാടികളിലൂടെയാണ് ഉത്തര്‍പ്രദേശ് ബിജെപി പിടിച്ചെടുത്തതെന്നും മായാവതി ആരോപിച്ചു.

Read Also : ‘യന്ത്രങ്ങളിലെ ക്രമക്കേടാണ് ബിജെപിയെ ജയിപ്പിച്ചത്,ജനങ്ങളല്ല’;ആഞ്ഞടിച്ച് മമത ബാനര്‍ജി

ബിഎസ്പിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ ജനങ്ങള്‍ കണ്ടത്. 2007ല്‍ 206 സീറ്റുകള്‍ നേടിയ ബിഎസ്പി 2022ല്‍ വെറും ഒരൊറ്റ സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ച ഒരേസമയം ദയനീയവും കൗതുകകരവുമായിരുന്നു.

2017ല്‍ യോഗി തരംഗത്തിനിടെ ബിഎസ്പി 19 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ ഞെട്ടലോടെയായിരുന്നു രാജ്യം ആ പരാജയത്തെ നോക്കിക്കണ്ടത്. ഇത്തവണ പാര്‍ട്ടി നാമാവശേഷമായതോടെ ബിഎസ്പി ഗുരുതരമായ അസ്തിത്വ പ്രതിസന്ധി നേരിടുകയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. മായാവതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിരന്തരം ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ ബിഎസ്പിയുടെ ആനയ്ക്ക് കൂച്ചുവിലങ്ങിട്ടതോടെ അവര്‍ക്ക് ബിജെപിയെ എതിരിടാനുള്ള ശക്തി നഷ്ടപ്പെടുകയായിരുന്നു.

Story Highlights: mayawati reaction after election results great loss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here