ബ്ലാസ്റ്റേഴ്സിൽ കാവലായി പ്രബ്സുഖൻ ഗിൽ തുടരും

യുവ ഗോൾ കീപ്പർ പ്രഭ്സുഖൻ ഗിൽ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. താരം ക്ലബുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടു. 2024 വരെയാണ് ഗിൽ കരാർ നീട്ടിയിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് സൂചനകൾ. സീസണിൽ 7 ക്ലീൻ ഷീറ്റുമായി ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയിരിക്കുന്ന താരമാണ് പ്രഭ്സുഖൻ ഗിൽ.
ഇന്ത്യൻ ആരോസിൽ കളി തുടങ്ങിയ ഗിൽ 2019-20 സീസണിൽ ബെംഗളൂരു എഫ്സിയിൽ കളിച്ചു. 2000ൽ ക്ലബിലെത്തിയെങ്കിലും പ്രധാന ഗോൾ കീപ്പർ ആൽബീനോ ഗോമസിൻ്റെ പരുക്കാണ് ഗില്ലിന് ബ്ലാസ്റ്റേഴ്സ് ഗോൾ പോസ്റ്റിൽ അവസരം നൽകിയത്. അവസരം ഇരു കൈകളും നീട്ടി സ്വീകരിച്ച ഗിൽ തകർപ്പൻ പ്രകടനങ്ങളാണ് ഇതുവരെ നടത്തിയത്. ഇക്കുറി സെമി കളിച്ച ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനങ്ങളിൽ ഗിൽ നിർണായക സ്വാധീനം ചെലുത്തി. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ നടത്തിയ തകർപ്പൻ പ്രകടനങ്ങൾ ഗില്ലിനെ ഇന്ത്യൻ ടീമിൻ്റെ സാധ്യതാ സ്ക്വാഡിലും എത്തിച്ചു.
ഐഎസ്എൽ ആദ്യ സെമിയിലെ ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. മലയാളി താരം സഹൽ അബ്ദുൽ സമദ് കേരളത്തിൻ്റെ വിജയ ഗോൾ നേടി. പ്രതിരോധത്തിൽ നിറഞ്ഞുനിന്ന യുവതാരം റുയിവ ഹോർമിപാം ആണ് കളിയിലെ താരം.
Story Highlights: prabhsukhan gill kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here