‘ഫാഫിനു ക്യാപ്റ്റൻസി കൈമാറുന്നതിൽ സന്തോഷം’; പ്രതികരിച്ച് കോലി

ഫാഫ് ഡുപ്ലെസിസിന് ക്യാപ്റ്റൻസി കൈമാറുന്നതിൽ സന്തോഷമെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുൻ ക്യാപ്റ്റൻ വിരാട് കോലി. ഫാഫിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കോലിയുടെ പ്രതികരണം. ഡുപ്ലെസിയെ വർഷങ്ങളായി തനിക്ക് അറിയാമെന്നും അദ്ദേഹം നല്ല സുഹൃത്താണെന്നും ആർസിബിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കോലി പറഞ്ഞു. (faf plessis kohli rcb)
“ഒരു നല്ല സുഹൃത്തിന് ക്യാപ്റ്റൻസി കൈമാറുന്നതിൽ സന്തോഷമേയുള്ളൂ. വർഷങ്ങളായി എനിക്ക് ഡുപ്ലെസിയെ അറിയാം. ക്രിക്കറ്റിനു പുറത്ത് എനിക്കറിയാവുന്ന ചിലരിൽ ഒരാളാണ് ഡുപ്ലെസി. അദ്ദേഹം ആർസിബിയെ നയിക്കുന്നതിലും അദ്ദേഹത്തിനു കീഴിൽ കളിക്കാനും ആകാംക്ഷയുണ്ട്.”- കോലി പ്രതികരിച്ചു.
Read Also : പുതിയ ഐപിഎൽ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് മൂന്ന് ടീമുകൾ
ഇന്നലെയാണ് തങ്ങളുടെ ക്യാപ്റ്റനായി ആർസിബി ഡുപ്ലെസിയെ പ്രഖ്യാപിച്ചത്. ദിനേശ് കാർത്തിക്, ഗ്ലെൻ മാക്‌സ്‌വെൽ, മനീഷ് പാണ്ഡെ എന്നിവരുടെ പേരുകളും ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്കൻ വെറ്ററൻ താരം ഐപിഎൽ ടീമിനെ നയിക്കുന്നത്. ഇത്തവണ മെഗാതാരലേലത്തിലാണ് ആർസിബി ഡു പ്ലെസിയെ സ്വന്തമാക്കിയത്.
വിരാട് കോലി ഒഴിഞ്ഞതോടെയാണ് ആർസിബിക്ക് പുതിയ നായകനെ തേടേണ്ടി വന്നത്. കോലി 10 സീസണിൽ ആർസിബിയുടെ ക്യാപ്റ്റനായിരുന്നു. എന്നാൽ ഒരിക്കൽ പോലും കിരീടത്തിലേക്ക് നയിക്കാനായില്ല. 2012 മുതൽ 2015 വരേയും പിന്നീട് 2018 മുതൽ 2021 വരേയും ഫാഫ് ചെന്നൈ ജേഴ്‌സിയിലാണ് കളിച്ചിരുന്നത്. എന്നാൽ ഇത്തവണ ചെന്നൈക്ക് ഫാഫിനെ ടീമിനൊപ്പം നിലനിർത്താൻ സാധിച്ചിരുന്നില്ല. 2016, 2017 സീസണിൽ റൈസിംഗ് പൂനെ സൂപ്പർജയന്റ്‌സിനൊപ്പവും താരം കളിച്ചു.
മെഗാ താരലേലത്തിന് മുമ്പ് വിരാട് കോലി, ഗ്ലെൻ മാക്സ്വെൽ, മുഹമ്മദ് സിറാജ് എന്നിവരെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തിയത്. ഹർഷൽ പട്ടേൽ, വനിന്ദു ഹസരങ്ക, ജോഷ് ഹേസൽവുഡ്, ഫാഫ് ഡുപ്ലസിസ്, ദിനേശ് കാർത്തിക് തുടങ്ങിയവരെ ആർസിബി ലേലത്തിലൂടെ സ്വന്തമാക്കി.
ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.
Story Highlights: faf du plessis virat kohli rcb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here