Advertisement

സോണിയാ ഗാന്ധി മാറണമെന്ന് ജി23 നേതാക്കള്‍ ആവശ്യപ്പെട്ടില്ല

March 13, 2022
Google News 2 minutes Read

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കടുത്ത നിലപാട് ഒഴിവാക്കി ജി 23 നേതാക്കള്‍. സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറണമെന്ന് പ്രവര്‍ത്തക സമിതിയില്‍ ജി 23 നേതാക്കള്‍ ആവശ്യപ്പെട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ന് വൈകീട്ട് 4 മണിക്ക് തുടങ്ങിയ പ്രവര്‍ത്തക സമിതി രാത്രി 8.30നാണ് അവസാനിച്ചത്. നാലര മണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് നിലവില്‍ അധ്യക്ഷ മാറേണ്ടെന്ന തീരുമാനത്തില്‍ യോഗം എത്തിയത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി വെയ്ക്കാന്‍ തയ്യാറാണെന്ന് ആമുഖ പ്രസംഗത്തില്‍ സോണിയാ ഗാന്ധി വ്യക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേതൃത്വം മാറുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ ദുര്‍ബലമാക്കും എന്ന വിലയിരുത്തലിലാണ് പ്രവര്‍ത്തക സമിതി യോഗം എത്തിയത്. സോണിയയുടെ നേതൃത്വത്തില്‍ തിരുത്തല്‍ നടപടികള്‍ നടത്താനാണ് തീരുമാനം.

ഗുജറാത്ത് ഉള്‍പ്പെടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കായി പാര്‍ട്ടിയെ സജ്ജമാക്കുമെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. നേതാക്കളുടെ ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കും. പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷമായിരിക്കും ചിന്തന്‍ ശിബിര്‍. പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആഴത്തിലുള്ള ചര്‍ച്ച നടക്കും. എല്ലാ അംഗങ്ങളും അഭിപ്രായം തുറന്ന് പറഞ്ഞെന്ന് രണ്‍ദീപ് സുര്‍ജേവാല വിശദമാക്കി.

രണ്ടു വര്‍ഷം മുന്‍പാണ് കോണ്‍ഗ്രസില്‍ സമൂലമായ മാറ്റവും മുഴുവന്‍ സമയ നേതൃത്വവും വേണമെന്ന് ആവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചത്. ഇവര്‍ ജി23 നേതാക്കള്‍ എന്ന് അറിയപ്പെട്ടു. വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് അംഗങ്ങളെ ശിപാര്‍ശ ചെയ്യാതെ സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം എന്നായിരുന്നു ജി23 നേതാക്കളുടെ മറ്റൊരു ആവശ്യം. 2019ലെ പൊതുതെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം പാര്‍ട്ടിയില്‍ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. പിന്നാലെയാണ് കോണ്‍ഗ്രസിന് മുഴുവന്‍ സമയ നേതൃത്വ വേണമെന്ന് ജി23 നേതാക്കള്‍ ആവശ്യപ്പെട്ടത്. പ്രവര്‍ത്തക സമിതിയില്‍ നിലവില്‍ ജി23 വിഭാഗത്തിലെ മൂന്ന് നേതാക്കള്‍ മാത്രമേയുള്ളൂ. ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് എന്നിവരാണ് ആ നേതാക്കള്‍. പുതിയ അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നോമിനേഷന്‍ ആഗസ്ത് മാസത്തില്‍ നല്‍കാം. ഈ സാഹചര്യത്തില്‍ കടുത്ത നിലപാടിലേക്ക് പോകേണ്ടെന്ന തീരുമാനത്തില്‍ പാര്‍ട്ടിയിലെ തിരുത്തല്‍വാദികള്‍ എത്തുകയായിരുന്നു.

Story Highlights: The G23 leaders did not want Sonia Gandhi to change

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here