പുതിയ ജഴ്സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്; അഭിനയിച്ചുതകർത്ത് സഞ്ജുവും ചഹാലും

പുതിയ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്. ഒരു തകർപ്പൻ വിഡിയോയിലൂടെയാണ് രാജസ്ഥാൻ ജഴ്സി അവതരിപ്പിച്ചത്. ഓസ്ട്രേലിയൻ മോട്ടോർ ബൈക്ക് സ്റ്റണ്ട് പെർഫോമറായ റോബി മാഡിസൺ ഉൾപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പല കടമ്പകളും കടന്ന് ജഴ്സി ഡെലിവറി ചെയ്യുന്ന മാഡിസണും അത് സ്വീകരിക്കുന്ന സഞ്ജുവും ചഹാലുമാണ് വിഡിയോയിലുള്ളത്.
ഐപിഎലിൽ നിയമപരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടീമിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച് 12 താരങ്ങളെ ഫീൽഡിലിറക്കാൻ സാധിക്കില്ലെങ്കിൽ കളി മാറ്റിവെക്കും എന്നതാണ് സുപ്രധാന തീരുമാനം. ഡിആർഎസ് ഒന്നിൽ നിന്ന് രണ്ടിലേക്ക് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം ഫീൽഡർ ക്യാച്ച് ചെയ്ത് ബാറ്റർ പുറത്തായാൽ അടുത്ത ബാറ്റർ സ്ട്രൈക്കർ എൻഡിൽ കളിക്കുമെന്നതും പുതിയ പരിഷ്കാരങ്ങളിൽ പെടുന്നു.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കളി മാറ്റിവെക്കാൻ 12 പേരിൽ കുറവ് താരങ്ങളുണ്ടാവണം എന്നതിനൊപ്പം ഈ 12 പേരിൽ 7 പേരെങ്കിലും ഇന്ത്യൻ താരങ്ങളാവണം. കളി മാറ്റിവെക്കാൻ പറ്റുമെങ്കിൽ മാറ്റിവെക്കും. അതിനു സാധിച്ചില്ലെങ്കിൽ തീരുമാനം ഐപിഎൽ ടെക്നിക്കൽ കമ്മറ്റിയുടേതാവും. പ്ലേ ഓഫിൽ സൂപ്പർ ഓവറിലും കളി തീർപ്പായില്ലെങ്കിൽ ലീഗ് ഘട്ടത്തിൽ ഉയർന്ന പൊസിഷനിൽ ഫിനിഷ് ചെയ്ത ടീമിനെ വിജയികളാക്കി പ്രഖ്യാപിക്കും.
ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദിലാവും.
Story Highlights: rajasthan royals new jersey reveal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here