ഹിജാബ് നിരോധനം: കർണാടകയിൽ മുസ്ലീം സംഘടനകളുടെ ബന്ദ്, ആശങ്ക അറിയിച്ച് പാകിസ്താൻ

ഹിജാബ് വിവാദത്തിലെ ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് കർണാടകയിലെ മുസ്ലീം സംഘടനകൾ സംസ്ഥാനത്ത് ബന്ദ് ആചരിക്കുന്നു. അമീർ-ഇ-ശരിയത്ത് (പ്രധാന പുരോഹിതൻ) മൗലാന സഗീർ അഹമ്മദ് ഖാൻ റഷാദിയാണ് സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തത്. സമാധാനപരമായി ബന്ദ് നടത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു മതിലുകളിലും പ്രത്യക്ഷപ്പെട്ട ഹിജാബ് അനുകൂല മുദ്രാവാക്യങ്ങൾ നീക്കം ചെയ്തു തുടങ്ങി.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അംഗങ്ങൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ്. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഉഡുപ്പി, ചിക്കമംഗളൂരു, ശിവമോഗ തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. അതേസമയം ഗവൺമെന്റ് പിയു കോളജിലെ പെൺകുട്ടികൾ ക്ലാസിനും പരീക്ഷയ്ക്കും ഹാജരാകാതെ പ്രതിഷേധിച്ചു. ഹിജാബ് ധരിക്കാതെ കോളജിൽ പ്രവേശിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പെൺകുട്ടികൾ.
ഹിജാബ് വിവാദത്തിൽ വീണ്ടും പ്രതികരണവുമായി പാകിസ്താൻ രംഗത്തെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ വിധിയിൽ പാകിസ്താൻ ആശങ്ക രേഖപ്പെടുത്തുന്നു. മതാനുഷ്ഠാന സ്വാതന്ത്ര്യം എന്ന തത്വം ഉയർത്തിപ്പിടിക്കുന്നതിൽ ഈ വിധി പരാജയപ്പെട്ടിരിക്കുന്നു. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Story Highlights: muslim-groups-bandh-in-karnataka-today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here