Advertisement

യുക്രൈനിൽ കൊല്ലപ്പെട്ടത് 14,000 റഷ്യൻ സൈനികർ

March 18, 2022
0 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദിവസങ്ങൾക്കകം വിജയം നേടുമെന്ന് റഷ്യ കരുതിയ യുക്രൈൻ യുദ്ധം മൂന്നാഴ്ചയിലേറെ പിന്നിടുമ്പോൾ റഷ്യൻ സൈന്യത്തിന് യുക്രൈനിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇതുവരെ നാലു ജനറൽമാർ ഉൾപ്പെടെ റഷ്യയുടെ 14,000 സൈനികരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടെന്നാണ് യുക്രൈനിന്റെ കണക്ക്. റഷ്യയുടെ 444 ടാങ്കുകളും 1435 കവചിതവാഹനങ്ങളും 86 യുദ്ധവിമാനങ്ങളും തകർന്നുവെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കരയുദ്ധത്തിൽ ഒട്ടേറെ സൈനികർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെ പാശ്ചാത്യ ഉപരോധം മൂലം റഷ്യയുടെ സാമ്പത്തികരംഗവും താറുമാറായെങ്കിലും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനു കുലുക്കമില്ല. സൈനികനടപടി മുൻനിശ്ചയിച്ച പ്രകാരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽ യുദ്ധവിരുദ്ധ നിലപാടു പ്രചരിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികൾ ആണെന്നും പുട്ടിൻ പറഞ്ഞു. യുക്രൈൻ യുദ്ധം സംബന്ധിച്ചു തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ 15 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന നിയമം റഷ്യയിൽ നിലവിൽ വന്നു. യുദ്ധവിരുദ്ധ പ്രചാരണങ്ങൾ തടയാനാണിത്.

മരിയുപോൾ റീജനൽ ഡ്രാമ തിയറ്റർ കഴിഞ്ഞദിവസം റഷ്യൻ വ്യോമാക്രമണത്തിൽ തകർന്നപ്പോൾ. 2014 നു ശേഷം റഷ്യ കൈയേറിയ പ്രദേശങ്ങളിലടക്കം പരമാധികാരം യുക്രൈനാണെന്നു നിലപാട് ഉഭയകക്ഷി ചർച്ചയിൽ ആവർത്തിച്ചതായി പ്രസിഡന്റ് സെലെൻസ്കിയുടെ ഓഫിസ് വ്യക്തമാക്കി. യുക്രൈൻ നിഷ്പക്ഷ രാജ്യമായിരിക്കണമെന്ന റഷ്യയുടെ ആവശ്യം യുക്രൈൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പുട്ടിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നു യൂറോപ്യൻ യൂണിയനോടു യുക്രൈൻ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നികോവ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡ‍ന്റ് ജോ ബൈഡനും പുട്ടിനെ യുദ്ധക്കുറ്റവാളിയെന്നു വിശേഷിപ്പിച്ചിരുന്നു.

അതിനിടെ ചെർണിവിലുണ്ടായ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അമേരിക്കൻ പൗരനും കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വടക്കൻ യുക്രൈനിലെ നഗരമായ ചെർണിവിലുണ്ടായ ഷെല്ലാക്രമണത്തിൽ നിരവധി പേരാണ് മരിച്ചത്. ഇതിൽ യുഎസ് പൗരനുമുൾപ്പെട്ടുവെന്നാണ് യുക്രൈൻ പൊലീസിനെ ഉദ്ദരിച്ച് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മരണം സ്ഥിരീകരിക്കുകയും കുടുംബത്തെ അനുശോചനമറിയിക്കുകയും ചെയ്തു.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ബ്രീഫിങ്ങിനിടയിൽ ഒരു അമേരിക്കൻ പൗരൻകൊല്ലപ്പെട്ടതിനെ കുറിച്ച് മാധ്യമ പ്രവർത്തകർ ആരാഞ്ഞപ്പോൾ ഒരു അമേരിക്കൻ പൗരൻ കൊലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്നതായും എന്നാൽ കൂടുതൽ വിവരങ്ങൾ നിലവിൽ ഇല്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബിങ്കൺ മറുപടി നൽകി. റഷ്യ യുക്രൈൻ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ രൂക്ഷമായ ഷെല്ലാക്രമാണ് യുക്രൈൻ നഗരങ്ങളിൽ നടക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ സൈന്യം വെടിവെച്ചതിനെ തുടർന്ന് പത്ത് പേർ കൊല്ലപ്പെട്ടു. കീവിലെ അമേരിക്കൻ എംബസിയാണ് വാർത്ത പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.അധിനിവേശത്തിന്റെ ഇരുപത്തിയൊന്നാം ദിനത്തിൽ യുക്രൈന്റെ കൂടുതൽ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ. കരിങ്കടലിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം റഷ്യൻ സേന ഏറ്റെടുത്തിരുന്നു. ഇതോടെ യുക്രൈന്റെ കടൽവഴിയുള്ള അന്താരാഷ്ട്രവ്യാപാരവും നിലച്ചു.

അതേസമയം, യുക്രൈന്റെ കിഴക്കൻ മേഖലകളിൽ റഷ്യയുടെ ഷെല്ലാക്രമണത്തിൽ 21 പേർ മരിച്ചെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. അധിനിവേശം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ ചെച്നിയൻ സൈനികർ യുക്രൈൻ അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

റഷ്യൻ അധിനിവേശ പശ്ചാത്തലത്തിൽ ആയിരക്കണക്കിന് പേർക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു തീയറ്ററിനുനേരെ റഷ്യൻ സൈന്യം ആക്രമണം നടത്തിയെന്ന ആരോപണവും യുക്രൈൻ ഉന്നയിച്ചിരുന്നു. റഷ്യൻ വിമാനമെത്തി നാടക തീയറ്ററിന്റെ മധ്യഭാഗം തകർത്തെന്നാണ് മരിയുപോൾ സിറ്റി കൗൺസിലർ ആരോപിച്ചിരിക്കുന്നത്. ആയിരങ്ങൾക്ക് രക്ഷയായിരുന്ന ഈ കെട്ടിടം തകർക്കാനുള്ള റഷ്യയുടെ മനപൂർവമായ ശ്രമം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് കൗൺസിലർ പറഞ്ഞു. ആക്രമണത്തിൽ എന്തൊക്കെ നാശനഷ്ടങ്ങളുണ്ടായെന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വൻ നഗരങ്ങൾ വൈകാതെ കീഴടക്കുമെന്ന് റഷ്യൻ പ്രതിരോധ വക്താവ് പറഞ്ഞു. കീവിലെ പാർപ്പിട സമുച്ചയത്തിനു നേരെ കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

Story Highlights:

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement