Advertisement

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ പൊലീസ്

March 18, 2022
Google News 2 minutes Read

ചെര്‍ണിവിലുണ്ടായ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അമേരിക്കന്‍ പൗരനും കൊല്ലപ്പെട്ടുവെന്ന് യുക്രൈന്‍ പൊലീസ്. വ്യാഴാഴ്ച വടക്കന്‍ യുക്രൈനിലെ നഗരമായ ചെര്‍ണിവിലുണ്ടായ ഷെല്ലാക്രമണത്തില്‍ നിരവധി പേരാണ് മരിച്ചത്. ഇതില്‍ യുഎസ് പൗരനുമുള്‍പ്പെട്ടുവെന്നാണ് യുക്രൈന്‍ പൊലീസിനെ ഉദ്ദരിച്ച് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മരണം സ്ഥിരീകരിക്കുകയും കുടുംബത്തെ അനുശോചനമറിയിക്കുകയും ചെയ്തു.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബ്രീഫിങ്ങിനിടയില്‍ ഒരു അമേരിക്കന്‍ പൗരന്‍കൊല്ലപ്പെട്ടതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ഒരു അമേരിക്കന്‍ പൗരന്‍ കൊലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്നതായും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ഇല്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബിങ്കണ്‍ മറുപടി നല്‍കി.


റഷ്യ യുക്രൈന്‍ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോള്‍ രൂക്ഷമായ ഷെല്ലാക്രമാണ് യുക്രൈന്‍ നഗരങ്ങളില്‍ നടക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ചെര്‍ണിവില്‍ ഭക്ഷണം വാങ്ങാന്‍ നിന്നവര്‍ക്ക് നേരെ റഷ്യന്‍ സൈന്യം വെടിവെച്ചതിനെ തുടര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെട്ടു. കീവിലെ അമേരിക്കന്‍ എംബസിയാണ് വാര്‍ത്ത പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.അധിനിവേശത്തിന്റെ ഇരുപത്തിയൊന്നാം ദിനത്തില്‍ യുക്രൈന്റെ കൂടുതല്‍ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ. കരിങ്കടലിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം റഷ്യന്‍ സേന ഏറ്റെടുത്തിരുന്നു. ഇതോടെ യുക്രൈന്റെ കടല്‍വഴിയുള്ള അന്താരാഷ്ട്രവ്യാപാരവും നിലച്ചു.

അതേസമയം, യുക്രൈന്റെ കിഴക്കന്‍ മേഖലകളില്‍ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ 21 പേര്‍ മരിച്ചെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. അധിനിവേശം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ചെച്നിയന്‍ സൈനികര്‍ യുക്രൈന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യന്‍ അധിനിവേശ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു തീയറ്ററിനുനേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന ആരോപണവും യുക്രൈന്‍ ഉന്നയിച്ചിരുന്നു. റഷ്യന്‍ വിമാനമെത്തി നാടക തീയറ്ററിന്റെ മധ്യഭാഗം തകര്‍ത്തെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചിരിക്കുന്നത്. ആയിരങ്ങള്‍ക്ക് രക്ഷയായിരുന്ന ഈ കെട്ടിടം തകര്‍ക്കാനുള്ള റഷ്യയുടെ മനപൂര്‍വമായ ശ്രമം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് കൗണ്‍സിലര്‍ പറഞ്ഞു. ആക്രമണത്തില്‍ എന്തൊക്കെ നാശനഷ്ടങ്ങളുണ്ടായെന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വന്‍ നഗരങ്ങള്‍ വൈകാതെ കീഴടക്കുമെന്ന് റഷ്യന്‍ പ്രതിരോധ വക്താവ് പറഞ്ഞു. കീവിലെ പാര്‍പ്പിട സമുച്ചയത്തിനു നേരെ കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

Story Highlights: Ukrainian police say an American citizen was killed in a Russian shelling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here