Advertisement

‘തെയ്യം കെട്ടി കഴിഞ്ഞാൽ താണുവണങ്ങും, വേഷമഴിച്ചാൽ അവഗണന’; കരിവെള്ളൂരിലെ ജാതിപ്രശ്‌നത്തെ കുറിച്ച് തുറന്നെഴുതി ശരണ്യ

March 19, 2022
2 minutes Read
sharanya about karivellur caste issue

മകൻ ഇതരമതസ്ഥയെ വിവാഹം കഴിച്ചതിന് കണ്ണൂരിൽ പൂരക്കളി മറത്തുകളി കലാകാരനെ ക്ഷേത്രക്കമ്മിറ്റി വിലക്കിയെന്ന വാർത്ത പുറത്ത് വന്നതോടെയാണ് പാർട്ടി ഗ്രാമമായ കരിവെള്ളൂരിൽ പുറംലോകമറിയാതെ മൂടികിടന്ന ജാതി പ്രശ്‌നം കേരളം അറിയുന്നത്. കരിവെള്ളൂരിലെ ജാതിപ്രശ്‌നം അന്യമതസ്ഥരെ വിവാഹം ചെയ്യുന്നവർ മാത്രമല്ല നേരിടുന്നത്, കീഴ് ജാതിയിൽപ്പെട്ടവരെ വിവാഹം ചെയ്തവർക്കും അപ്രഖ്യാപിത ഭ്രഷ്ടും വിലക്കുമാണ് പ്രദേശത്തെ ക്ഷേത്രങ്ങളിൽ. മതിർന്നവർ മാത്രമല്ല, കുട്ടികളും ഈ വിലക്കിന് ഇരകളാണ്. ഇതലൊരാളാണ് കരിവെള്ളൂർ സ്വദേശിയും മാധ്യമപ്രവർത്തകയുമായ ശരണ്യ എം ചാരു എന്ന യുവതിയും. താൻ നേരിട്ട ജാതി വിവേചനത്തെ കുറിച്ച് തുറന്നെഴുതുകയാണ് ശരണ്യ. ( sharanya about karivellur caste issue )

കരിവെള്ളൂരിലെ ജാതിക്കോമരങ്ങൾ ഭാഗം 4

തെയ്യക്കാരനെ വിലക്കുന്ന ക്ഷേത്രങ്ങൾ. അഥവാ ദൈവങ്ങൾക്ക് പോലും ക്ഷേത്രവിലക്ക് കൽപിക്കുന്നവർ.
‘തെയ്യം കെട്ടി കഴിഞ്ഞാൽ മാത്രമാണ് തെയ്യക്കാരെ ആളുകൾ ബഹുമാനിക്കുന്നതും താണ് വണങ്ങി കൈകൂപ്പി തൊഴുന്നതും. അല്ലാത്തപ്പോൾ അവർക്ക് നമ്മളെ ഒന്നും യാഥൊരു വിലയുമില്ല. മുന്നിൽ കണ്ടാൽ പോലും ചിലപ്പോൾ തിരിച്ചറിയില്ല.’ ഒരു തവണ എങ്കിലും ഇങ്ങനെ പറയാത്ത തെയ്യം കലാകാരന്മാർ ഉണ്ടാകില്ല നാട്ടിൽ. സംഭവം അത്രയ്ക്ക് സത്യവുമാണ്.

Read Also : വീട് വിലക്കുന്ന മിശ്ര വിവാഹങ്ങൾ

കാരണം പറയാം, ജാതിയിൽ താഴ്ന്ന ആളുകളെന്ന് സമൂഹം കരുതി പോകുന്ന അതായത്, മലയ, പുലയ, വണ്ണാൻ തുടങ്ങിയ ജാതിക്കാർ ആണ് മിക്കവാറും തെയ്യം കലയിൽ ഏർപ്പെടുന്ന വിഭാഗങ്ങൾ. നായരെയോ നമ്പൂതിരിയെയോ വാണിയനെയോ തെയ്യം കെട്ടി ആരും കണ്ടിട്ടില്ലല്ലോ. ഇവരുടെ ക്ഷേത്രങ്ങളിൽ ആണ് താഴ്ന്ന ജാതിക്കാരെന്ന് അവർ പറയുന്ന മറ്റ് ആളുകൾ പോയി തെയ്യം കെട്ടുന്നത്. അത് കൊണ്ട് തന്നെ തെയ്യ വേഷം കെട്ടി നിൽക്കുന്നതിന് മുമ്പോ ശേഷമോ അവരെ ആരും പരിഗണിക്കാറില്ലെന്നതാണ് വാസ്തവം. കിട്ടുന്ന പരിഗണനകൾ ആവശ്യങ്ങൾക്ക് വേണ്ടി ഉള്ളതുമായിരിക്കും.
തെയ്യക്കാരുടെ ഭാഷയിൽ കരിവെള്ളൂർ എന്നത് കരിവെള്ളൂർ ദേശമാണ്. കരിവെള്ളൂർ പെരുമലയൻ എന്നത് വിശേഷപ്പെട്ട സ്ഥാനവും. സമുദായത്തിൽ പെട്ട ഏറ്റവും പ്രായം ചെന്ന ആചാരക്കാരനാണ് പെരുമലയ സ്ഥാനം നൽകി പോരുന്നത്. ഇദ്ദേഹമാണ് ഇന്നാട്ടിലെ എല്ലാ തെയ്യങ്ങളെയും നിയന്ത്രിക്കേണ്ട, തെയ്യങ്ങൾക്ക് കാർമ്മികത്വം വഴിക്കേണ്ട ആൾ. നിലവിൽ കരിവെള്ളൂർ ദേശത്ത് രണ്ട് പെരുമലയന്മാർ ഉണ്ട്. അതെങ്ങനെ സംഭവിച്ചു എന്നത് അവിടെ നിൽക്കട്ടെ. അതൊരു നീണ്ട കഥയും, കേസ് നടക്കുന്ന വിഷയവുമാണ്.
ഈ പറഞ്ഞ രണ്ട് പെരുമലയാൻമാരിൽ ഒരാളായ ഹരി പെരുമലയാൻ കഴിഞ്ഞ നാല് വർഷത്തിലധികമായി ക്ഷേത്രങ്ങളിൽ നിന്ന് പരസ്യമായി തെയ്യം കെട്ടുന്നതിന് വിലക്ക് നേരിടുന്നു എന്നതാണ് എന്റെ വിഷയം. ഇദ്ദേഹത്തിന്റെ രണ്ട് മക്കൾ പല ക്ഷേത്രങ്ങളിൽ നിന്നും ഇറങ്ങി പോരേണ്ടി വരുന്നു എന്നതും ജീവിക്കാൻ പോലും മാർഗ്ഗമില്ലാതെ ബുദ്ദിമുട്ടുന്നു എന്നതുമാണ് എന്റെ പ്രയോറിറ്റി. കോവിഡിനെ അതിജീവിക്കാൻ തന്നെ ഒരുപാട് പാടുപെട്ട മനുഷ്യരോട്, തെയ്യമല്ലാതെ മറ്റൊരു തൊഴിലും ചെയ്യാൻ വശമില്ലാത്ത ആളുളോട് ആണ് ഈ ക്രൂരത. കഴിഞ്ഞ ദിവസം പൂരം കൊട്ടുന്നതിൽ നിന്ന് പോലും വിലക്കി ക്ഷേത്രകമ്മിറ്റി ഇവരെ തിരികെ അയക്കുകയായിരുന്നു എന്നതൊക്കെ ഞെട്ടലോടെ മാത്രമേ കേൾക്കാൻ പോലും കഴിയൂ.
തൊഴിൽ ചെയ്ത് ജീവിക്കാനുള്ള ഒരു മനുഷ്യന്റെ ഏറ്റവും ബേസിക്ക് ആയ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് ക്ഷേത്രങ്ങൾ നടത്തുന്നത്. ഇവരാണ് തെയ്യം കെട്ടുന്നതെങ്കിൽ കലശം വയ്ക്കില്ലെന്ന് പറയുക, കലശമില്ലാതെ തെയ്യം നടത്താൻ സാധ്യമല്ലാത്ത ക്ഷേത്രങ്ങളെ പ്രതിസന്ധിയിലാക്കുക, ചെണ്ട കൊട്ടാൻ പോലും സമ്മതിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ എത്ര മാത്രം ക്രൂരമാണെന്ന് മാത്രം ചിന്തിച്ചാൽ മതി. ഇതൊക്കെ ചെയ്യുന്നത് ഇതേ കരിവെള്ളൂരിലെ വിവിധ ക്ഷേത്രങ്ങളിലെ ആളുകൾ തന്നെ ആണെന്നതാണ് വിചിത്രമായ മറ്റൊരു കാര്യം.
തെയ്യം കെട്ടുന്നതിന് ഓരോ ഗ്രൂപ്പിനും കൃത്യം വിഭജിക്കപ്പെട്ട ഏരിയകൾ ഉണ്ട്. നിലവിൽ വളരെ കൃത്യമായും, പരസ്യമായും ഈ കൂട്ടർ വിലക്കപ്പെടുന്നു എന്നത് കൊണ്ട് തന്നെ ഇവരുടെ ഏരിയകളിലുള്ള, വീടിനോട് ചേർന്ന് നിൽക്കുന്ന ക്ഷേത്രങ്ങളിൽ പോലും മറ്റുള്ളവർ വന്ന് തെയ്യം കെട്ടി പോകുന്ന അവസ്ഥയാണ്. പാരമ്പര്യമായി തെയ്യം തൊഴിലാക്കി ജീവിക്കുന്ന ഒരു കുടുംബത്തെ മാനസികമായും ശാരീരികമായും ഒറ്റപ്പെടുത്താൻ ഇതിൽ കൂടുതൽ എന്ത് വേണം. കോലധാരിയായിരിക്കെ താണ് വണങ്ങി കാലിൽ പിടിക്കാൻ പോലും മടിയില്ലാത്ത, ദേവിയായും ദേവനായും ഉറഞ്ഞാടുന്ന, വീര പുരുഷനായും ഉഗ്ര മൂർത്തിയായും പകർന്നാട്ടം നടത്തുന്ന അതേയാളുകൾക്കാണ്, ദൈവത്തിന് തന്നെയാണ് ഇവരീ വിലക്കേർപ്പെടുത്തുന്നത്. ഭ്രഷ്ട്ട് കല്പിച്ചു പുറത്ത് നിർത്തുന്നത്.
പരസ്യമായി ഒരാളെ വിലക്കുക, ക്ഷേത്രങ്ങളിൽ കയറുന്നതിന് ഭ്രഷ്ട്ട് കല്പിക്കുക എന്നതൊക്കെ ഏത് കാലത്തെ നിയമങ്ങൾ ആണ്? എന്നോ നിരോധിക്കപ്പെട്ട ഈ കാര്യങ്ങളൊക്കെ ഇപ്പോഴും നടപ്പിലാക്കുന്ന ആളുകളോട് എങ്ങനെയാണിനി പ്രതികരിക്കേണ്ടത്? ഏത് കാലത്തിനി ഇവരൊക്കെ മാറി ചിന്തിക്കുമെന്നാണ് കരുതേണ്ടത്?
തുടരും…

Story Highlights: sharanya about karivellur caste issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top