ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി എടുക്കാം അഞ്ച് പ്രതിജ്ഞകള്‍

ആരോഗ്യമുള്ള ചര്‍മത്തിനായി പലരും പല വഴികളും പരീക്ഷിക്കാറുണ്ട്. പിന്നീട് മടുക്കുമ്പോള്‍ അതെല്ലാം പാതി വഴിയില്‍ ഉപേക്ഷിക്കുകയും ചെയാറുണ്ട് പലരും. സ്ഥിരതയുള്ള ചില തീരുമാനങ്ങളാണ് ഇത്തരം താല്‍ക്കാലിക പൊടിക്കൈകളേക്കാള്‍ ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതെന്നാണ് വിദഗ്ധരുടെ പക്ഷം. ചര്‍മത്തിന്റെ ആരോഗ്യവും സൗന്ദര്യവുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഉടനടി എടുക്കേണ്ട അഞ്ച് പ്രതിജ്ഞകളാണ് താഴെപ്പറയുന്നത്.
സീസണേതുമാകട്ടെ, സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കും
ചൂട് കാലത്ത് മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ എന്നാണ് പലരുടേയും ധാരണ. എന്നാല്‍ ചര്‍മം എളുപ്പത്തില്‍ പ്രായമാകുന്നത് തടയാനും അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്നതിനും വേണ്ടി എല്ലാ സീസണുകളിലും ഉപയോഗിക്കേണ്ട മരുന്ന് തന്നെയാണ് സണ്‍സ്‌ക്രീന്‍ ലോഷന്‍. സണ്‍സ്‌ക്രീന്‍ ലോഷനുകളെ നിത്യേനെയുള്ള ചര്‍മ സംരക്ഷണത്തിന്റെ ഭാഗമാക്കുക എന്ന പ്രതിജ്ഞയാണ് ചര്‍മത്തിന്റെ ആരോഗ്യത്തിനായി ആദ്യം എടുക്കേണ്ടത്.
ഇനിയൊരിക്കലും മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങില്ല
പുറത്തിറങ്ങുമ്പോള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായാണ് പലരും മേക്കപ്പ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ രാവിലെ എത്ര തന്നെ മേക്കപ്പ് ഉപയോഗിച്ചാലും രാത്രി അത് കൃത്യമായി നീക്കം ചെയ്യാന്‍ ഒരിക്കലും മടിക്കരുത്. സോള്‍വെന്റ് ബേസ്ഡ് റിമൂവര്‍ ഉപയോഗിച്ചോ മറ്റ് ക്ലെന്‍സിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചോ മേക്കപ്പ് നീക്കം ചെയ്യണം. ഇല്ലെങ്കില്‍ ഗുരുതര ചര്‍മ പ്രശ്‌നങ്ങളുണ്ടാകാന്‍ ഇടയുണ്ട്. കൂടാതെ മേക്കപ്പ് റിമൂവ് ചെയ്യാതിരിക്കുന്നത് കണ്ണിനും ചുണ്ടിനും ദോഷകരവുമാണ്.
അനാവശ്യമായി മുഖചര്‍മത്തില്‍ തൊട്ടുകൊണ്ടിരിക്കില്ല
അനാവശ്യമായി ചര്‍മത്തില്‍ തൊടില്ല എന്ന നിസാര കാര്യം പാലിച്ചാല്‍ തന്നെ മുഖക്കുരു ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങളും ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. അനാവശ്യമായി മുഖത്ത് തൊട്ടാല്‍ കൈയിലെ അണുക്കള്‍ ചര്‍മത്തിലെത്തുകയും മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. കുരുക്കള്‍ ഇടക്കിടെ കുത്തിപ്പൊട്ടിക്കുന്ന ശീലം ഒഴിവാക്കിയേ തീരൂ.
കാലാവധി കഴിഞ്ഞ മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കും
പല വ്‌ലോഗര്‍മാരും നിര്‍ദേശിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങി പരീക്ഷിച്ചുനോക്കുന്നത് സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവരുടെ പതിവാണ്. ഇത്തരത്തില്‍ മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ പലരുടേയും മുറികളില്‍ കുന്നുകൂടാറുണ്ട്. ഉപയോഗിക്കാതെ വച്ച പല ഉല്‍പ്പന്നങ്ങളും കാലാവധി കഴിഞ്ഞാലും കളയാന്‍ പലവര്‍ക്കും മടി തോന്നുകയും ചെയ്യും. എന്നാല്‍ ഒരു കാരണവശാലും കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഗുരുതര ചര്‍മ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി നിര്‍ബന്ധമായും ഈ പ്രതിജ്ഞ എടുക്കേണ്ടതുണ്ട്.
പുകവലിക്കില്ല
ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്നും പുകവലി ഹാനികരമാണെന്നുമുള്ള ധാരണ പുകവലിക്കുന്നവര്‍ക്ക് പോലുമുണ്ട്. എന്നാല്‍ ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും പുകവലി ബാധിക്കുമെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയില്ല. സ്ഥിരമായി പുകവലിക്കുന്നത് ചര്‍മം വരണ്ട് പോകാനും തിളക്കവും ഓജസും നശിക്കാനും മൃദുത്വം ഇല്ലാതാകുന്നതിനും ഇടയാക്കും. ചര്‍മത്തെ ശ്രദ്ധിക്കുന്നവര്‍ പുകവലി നിര്‍ബന്ധമായും ഒഴിവാക്കണം.
Story Highlights: skin care tips you must follow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here