Advertisement

രാജ്യസഭാ സീറ്റ് കിട്ടാത്തതുകൊണ്ടല്ല ഫേസ്ബുക്ക് പോസ്റ്റിട്ടത്; പത്മജ

March 20, 2022
Google News 1 minute Read

രാജ്യസഭാ സീറ്റ്‌ കിട്ടാത്തതുകൊണ്ടാണ് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിട്ടത് എന്ന പ്രചാരണം തെറ്റാണെന്ന് വിശദീകരിച്ച് മറ്റൊരു ഫേസ് ബുക്ക് പോസ്റ്റുമായി പത്മജ വേണു​ഗോപാൽ രം​ഗത്ത്. തന്റെ പേര് രാജ്യസഭാ സീറ്റിന് പരിഗണിക്കുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും പാർട്ടി നേതാക്കൾക്ക് അർഹതയുണ്ട് എന്ന തോന്നിയ ആൾക്ക് തന്നെയാണ് സീറ്റ് കൊടുത്തിരിക്കുന്നതെന്നും അവർ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

രാജ്യസഭ സീറ്റ്‌ കിട്ടാത്തത് കൊണ്ടാണ് ഞാൻ ഇന്നലെ പോസ്റ്റ്‌ ഇട്ടത് എന്ന ചിലരുടെ കമന്റ്‌ കണ്ടു. രാജ്യസഭ സീറ്റിനായി ഞാൻ ഒരു പരിശ്രമവും നടത്തിയില്ല. ഡൽഹിയിലോ, തിരുവനന്തപുരത്തോ പോയിട്ടില്ല. എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ നിരുപദ്രവകരമായി ഈ സന്ദർഭത്തിൽ പറഞ്ഞു എന്ന് മാത്രം. ചില ആൾക്കാർ എന്നെ അധിക്ഷേപിക്കുന്നത് കാര്യങ്ങൾ അറിയാതെ തെറ്റിദ്ധരിച്ചാണ്. എന്നെ നേരിട്ട് അറിയുന്നവർക്ക് എന്റെ വ്യക്തിത്വം അറിയാം. അധികാരത്തിന്റെ ഗുണങ്ങളെക്കാൾ വ്യക്തിഹത്യകളും ആക്രമണങ്ങളും ദോഷങ്ങളുമാണ് ഞാൻ ജീവിതത്തിൽ നേരിട്ടിട്ടുള്ളത്.

Read Also : പത്മജുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടില്ല; ജെബി മേത്തർ

സ്ത്രീയെന്ന നിലയിൽ ഒരുപാട് അധിക്ഷേപങ്ങളും വ്യക്തിഹത്യകളും ഞാൻ കാലങ്ങളായി നേരിടുന്നുണ്ട്. മുമ്പ് ഇത് കേൾക്കുമ്പോൾ വേദനിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഈ അധിക്ഷേപങ്ങളും പരിഹാസങ്ങളും ഒന്നും എന്റെ മനസ്സിനെ തളർത്തുന്നില്ല. പറയാനുള്ളത് ഇനിയും പറയും. പാർട്ടി നേതാക്കൾക്ക് അർഹതയുണ്ട് എന്ന തോന്നിയ ആൾക്ക് തന്നെയാണ് സീറ്റ് കൊടുത്തിരിക്കുന്നത്. എന്നെപ്പറ്റിയുള്ള വിമർശനങ്ങളും പ്രശംസകളും ഞാൻ ഒരുപോലെ സ്വീകരിക്കുന്നു. മോശം കമന്റ് എഴുതുന്നവർ എന്നെ നേരിട്ട് അറിയാത്ത, എന്നെപ്പറ്റി തെറ്റിദ്ധാരണയുള്ളവരാണ്. അവരോട് എനിക്കൊരു ശത്രുതയും ഇല്ല. – പത്മജ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യസഭാ സ്ഥാനാർത്ഥിത്വത്തെപ്പറ്റി പരോക്ഷമായി സൂചിപ്പിക്കുന്ന തരത്തിലുള്ള പത്മജ വേണു​ഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സ്ഥാനാർത്ഥി ജെബി മേത്തർ ട്വന്റിഫോറിനോട് പറഞ്ഞു. വിമർശനങ്ങൾ ഉന്നയിക്കാൻ പാർട്ടിയിൽ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. വിമർശനം ഉന്നയിക്കുന്നവരും നേതൃത്വത്തിന്റെ തീരുമാനം അം​ഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺ​ഗ്രസ് നേതൃത്വം തനിക്ക് നൽകിയത് മറ്റാർക്കും ലഭിക്കാത്ത അവസരമാണെന്നും, ഏല്പിച്ച ചുമതല ഭം​ഗിയായി നിർവഹിക്കാൻ പരിശ്രമിക്കുമെന്നും ജെബി മേത്തർ വ്യക്തമാക്കി.

മനസ് വല്ലാതെ മടുത്തിരിക്കുകയാണെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണ് താനെന്നും സൂചിപ്പിച്ച് കഴിഞ്ഞ ദിവസം പത്മജ വേണു​ഗോപാൽ ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു.

Story Highlights: Facebook post padmaja vemugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here