വീണ്ടും ഗോസംരക്ഷകരുടെ ക്രൂരത; യുപിയിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിന് മർദനം

ഉത്തർപ്രദേശിലെ മഥുരയിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിന് ക്രൂരമർദനം. അറവുമാലിന്യങ്ങൾ കൊണ്ടുപോയ വാഹനത്തിൻ്റെ ഡ്രൈവറെ ഗോസംരക്ഷകർ വളഞ്ഞിട്ട് തല്ലിചതച്ചു. വാഹനത്തിൽ പശുക്കളോ ഗോമാംസമോ കടത്തിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ 16 പേർക്കെതിരെ കേസ്. ആക്രമണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ഞായറാഴ്ച രാത്രി മഥുരയിലെ റാൽ ഗ്രാമത്തിലാണ് സംഭവം. അറവുമാലിന്യങ്ങളുമായി ഹത്രാസിലെ സിക്കന്ദറുവിലേക്ക് പോകുകയായിരുന്നു മുഹമ്മദ് ആസിഫ്. കൂടെ രണ്ട് കൂട്ടാളികളും ഒപ്പമുണ്ടായിരുന്നു. രാത്രി 8:00 മണിയോടെ റാൽ ഗ്രാമത്തിന് സമീപം എത്തിയപ്പോൾ ജനക്കൂട്ടം അക്രമിക്കുകയായിരുന്നു. പശു സംരക്ഷകർ യുവാവിനെ അതിക്രൂരമായി മർദിച്ചു.
പശുവിറച്ചിയും കന്നുകാലിക്കടത്തും ആരോപിച്ചാണ് മുഹമ്മദിനെ ജനക്കൂട്ടം മർദിച്ചത്. ആക്രമണത്തിൽ ജെയ്ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. അറവുമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ശുചീകരണ യജ്ഞത്തിന്റെ ഭാഗമാണ് മുഹമ്മദ് പോയതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Story Highlights: muslim man assaulted over cow smuggling in up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here