Advertisement

തിരുവനന്തപുരം ​ന​ഗരത്തിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി

March 24, 2022
Google News 1 minute Read

ബസ് സമരം ഭാ​ഗികമെന്ന സൂചന നൽകി തിരുവനന്തപുരം ​ന​ഗരത്തിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു. മറ്റ് ജില്ലകളിലെ സമരം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ സമരവും. ചാര്‍ജ് വര്‍ധനവിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സമരക്കാര്‍ക്ക് അറിയാം. പക്ഷേ ഈ പരീക്ഷാസമയത്ത് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരം ശരിയാണോ എന്ന് ആത്മപരിശോധന നടത്തണം.

Read Also : കോഴിക്കോട് കെ.എസ്.ആർ.ടി.സി അധിക സർവീസില്ല; മന്ത്രിയുടെ നിർദേശം അവ​ഗണിച്ചു

ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനം വൈകിയെന്ന് പറയാനാകില്ല. ഇതിനെല്ലാം കൃത്യമായ നടപടിക്രമങ്ങളുണ്ട്. എല്ലാ മേഖലകളെയും ബാധിക്കുന്നതിനാല്‍ ഓരോരുത്തര്‍ക്കായി വേഗം വേഗം ചാര്‍ജ് കൂട്ടാന്‍ കഴിയുന്നതല്ല. പൊതുജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം ഭാഗം കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ. ചാര്‍ജ് വര്‍ധനവുണ്ടാകില്ലെന്ന നിഷേധാത്മകമായ സമീപനമാണ് സര്‍ക്കാര്‍ തീരുമാനിച്ചതെങ്കില്‍ സമരത്തിന് ന്യായീകരണമുണ്ടായേനെ. ഇനിയും ചര്‍ച്ച വേണമെന്നാണ് പറയുന്നതെങ്കില്‍ അതിനും സര്‍ക്കാര്‍ തയ്യാറാണെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

ബജറ്റില്‍ കെ എസ് ആര്‍ ടി സിക്ക് തുകവകയിരുത്തിയപ്പോഴും സ്വകാര്യ ബസ് മേഖലയെ അവഗണിച്ചതിലും ബസുടമകള്‍ക്ക് അമര്‍ഷമുണ്ട്. സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന എണ്ണായിരത്തോം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.

Story Highlights: Private buses ply in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here