‘ചാമ്പിക്കോ’ വിഡിയോയുടെ പേരില്‍ മദ്രസാ അധ്യാപകനെ പുറത്താക്കിയെന്നത് വ്യാജ പ്രചരണം; അറിഞ്ഞിട്ടേയില്ലെന്ന് പള്ളി കമ്മിറ്റി

ഭീഷ്മപര്‍വം എന്ന ചിത്രത്തില്‍ കുടുംബ ഫോട്ടോയെടുക്കുന്നതിന് തൊട്ടുമുന്‍പ് മമ്മൂട്ടി പറയുന്ന ‘ചാമ്പിക്കോ’ എന്ന ഡയലോഗിനും പിന്നീടുള്ള മാസ് ഇരുത്തത്തിനും സോഷ്യല്‍ മീഡിയയില്‍ ഒട്ടനവധി അനുകരണങ്ങളുണ്ടായി. വീട്ടിലേയും ഓഫിസിലേയും സുഹൃത്ത് വലയത്തിലേയും ‘ഭീഷ്മരെ’ പിടിച്ച് നടുവിലിരുത്തി ഒരുപാട് പേര്‍ ചാമ്പിക്കോ എന്ന് പറഞ്ഞ് ഗ്രൂപ്പ് ഫോട്ടോകളെടുത്തു. ഈ ട്രെന്‍ഡിന്റെ ചുവട് പിടിച്ചാണ് മദ്രസാ അധ്യാപകന്റെ കൂടെ ഫോട്ടോയെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ വിഡിയോയും പുറത്തെത്തിയത്. മറ്റെല്ലാ ചാമ്പിക്കോ വിഡിയോകളും പോലെ കാണാന്‍ രസമുള്ള, സന്തോഷം തോന്നുന്ന ഒരു ചെറു വിഡിയോ. എന്നാല്‍ കുട്ടികള്‍ക്കൊപ്പം വിഡിയോയെടുത്ത മദ്രസാ അധ്യാപകനെ പുറത്താക്കിയെന്ന ഒരു വാര്‍ത്ത പ്രചരിച്ചതോടെ വിഡിയോയുടെ രസം മങ്ങി. കുഞ്ഞുങ്ങളുടെ സന്തോഷത്തിന് ഒപ്പം നിന്ന ആ അധ്യാപകനെ എന്തിന് പുറത്താക്കിയെന്നതില്‍ ചുറ്റി സോഷ്യല്‍ മീഡിയയിലാകെ വലിയ ചര്‍ച്ചകള്‍ വന്നു. ഒടുവില്‍ ഇപ്പോള്‍ ഈ പ്രചരണങ്ങളുടെ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മലപ്പുറം അരിമ്പ്ര പാലത്തിങ്ങല്‍ പള്ളിക്കമ്മിറ്റി.(the truth behind chambikko viral video)
വിഡിയോയിലുള്ള അധ്യാപകനെ പുറത്താക്കിയെന്നത് പോയിട്ട് ഈ സംഭവങ്ങളും വിവാദങ്ങളും അറിഞ്ഞിട്ട് പോലുമില്ലെന്നാണ് പള്ളി കമ്മിറ്റി സെക്രട്ടറി ട്വന്റിഫോറിനോട് പറയുന്നത്. മിസ്ബാഹുല്‍ ഹുദാ മാദ്രസയിലെ എട്ടാം ക്ലാസിലെ അവസാന ദിവസം പിരിയുമ്പോള്‍ കുട്ടികളും അധ്യാപകനും കൂടിയെടുത്ത വിഡിയോയാണ് വൈറലായത്. അധ്യാപകനെക്കുറിച്ച് കുട്ടികളോ രക്ഷിതാക്കളോ പരാതിപ്പെട്ടിട്ടില്ലല്ലോ. പിന്നെ ഞങ്ങളെന്തിന് അദ്ദേഹത്തെ പുറത്താക്കണമെന്നാണ് പള്ളി കമ്മിറ്റി സെക്രട്ടറി ചോദിക്കുന്നത്.
ഭീഷ്മ പര്‍വ്വത്തിലെ രംഗത്തെക്കുറിച്ചോ ചാമ്പിക്കോ ട്രെന്‍ഡിനെക്കുറിച്ചോ വിഡിയോയിലുള്ള ഉസമാന്‍ ഫൈസിക്കും വലിയ ധാരണയുണ്ടായിരുന്നില്ല. കുട്ടികളുടെ ആഗ്രഹത്തിന് വെറുതെ പോസ് ചെയ്യുക മാത്രമായിരുന്നു. ബി ജി എം ചേര്‍ത്ത് മനോഹരമാക്കി അധ്യാപകനോടുള്ള സ്‌നേഹ സൂചകമായി വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ആദ്യമായി വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കുറച്ച് സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഏറ്റെടുത്തതോടെയാണ് മദ്രസാ അധ്യാപകനെ പുറത്താക്കിയെന്ന തെറ്റായ വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്. പള്ളിക്കമ്മറ്റിയോ മദ്രസാ അധ്യാപകരോ വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ അറിയാത്ത യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണ് പ്രചരിക്കപ്പെട്ടത്. പള്ളി കമ്മിറ്റി സെക്രട്ടറി നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ വിവാദങ്ങള്‍ക്ക് ഇപ്പോള്‍ അവസാനമാകുകയാണ്.
Story Highlights: the truth behind chambikko viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here