40,000 യുക്രൈൻ പൗരന്മാരെ റഷ്യ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി: യുക്രൈൻ ഉപ പ്രധാനമന്ത്രി

തങ്ങളുടെ 40,000 പൗരന്മാരെ റഷ്യ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് യുക്രൈൻ ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്ചുക്. തങ്ങളുടെ പൗരന്മാരെ റഷ്യ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അധികൃതരെ അറിയിക്കാതെയാണ് റഷ്യ ഇത് ചെയ്തതെന്നും ഇറിന ആരോപിച്ചു. (ukraine people russia attack)
ഇതിനിടെ, ഒരു ലക്ഷം യുക്രൈൻ അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക അറിയിച്ചു. പ്രസിഡൻ്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘യുക്രൈൻ അഭയാർത്ഥികളെ സഹായിക്കുക എന്നത് പോളണ്ടോ മറ്റ് ഏതെങ്കിലും രാജ്യങ്ങളോ മാത്രം ചെയ്യേണ്ടതല്ല. ലോക രാജ്യങ്ങൾക്ക് സഹായിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. അമേരിക്ക ഇതിനു തയ്യാറാണെന്ന് യുക്രൈനികൾ മനസ്സിലാക്കണം. ഞങ്ങൾ ഒരു ലക്ഷം യുക്രൈൻ അഭയാർത്ഥികളെ സ്വീകരിക്കും.’- ബൈഡൻ ട്വീറ്റ് ചെയ്തു.
റഷ്യ ജനാധിപത്യത്തിൻറെ കഴുത്തുഞെരിക്കുകയാണെന്ന് ബൈഡൻ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. നുണകൾ കൊണ്ട് യുദ്ധത്തെ ന്യായീകരിക്കാനുള്ള ശ്രമമാണ് വ്ലാഡിമിർ പുടിൻ നടത്തുന്നതെന്നും യുഎസ് പ്രസിഡൻ്റ് ആരോപിച്ചു.
ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണ് സെലെൻസ്കി. അദ്ദേഹം ഒരു ജൂതനും നാസികളുടെ കൂട്ടക്കൊലയിൽ കുടുംബം നഷ്ടപ്പെട്ട വ്യക്തിയുമാണ്. പുടിൻ സ്വേച്ഛാധിപതികളെ പോലെ പെരുമാറുകയും തൻ്റെ വിശ്വാസം ശരിയെന്ന്കരുതുകയും ചെയ്യുന്നു. എന്നാൽ എക്കാലവും അധികാരത്തിൽ തുടരാൻ കഴിയില്ലെന്ന് ഓർക്കണമെന്നും ബൈഡൻ പറഞ്ഞു.
Read Also : മാനുഷിക ഇടനാഴി, 5,000-ത്തിലധികം പേരെ ഒഴിപ്പിച്ചതായി യുക്രൈൻ
നാറ്റോ സഖ്യത്തെ കുറിച്ചുള്ള പ്രസ്താവനയിൽ ബൈഡൻ പുടിനെ വിമർശിച്ചു. റഷ്യയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സാമ്രാജ്യത്വ പദ്ധതിയായി നാറ്റോ വിപുലീകരണത്തെ ചിത്രീകരിക്കാൻ പുടിൻ ആഗ്രഹിക്കുന്നു. എന്നാൽ ഇതുവെറും നുണയാണ്. നാറ്റോ പ്രതിരോധ സഖ്യമാണെന്നും റഷ്യയുടെ നാശത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം മുതൽ സ്ഥാപിതമായ നിയമങ്ങളെ വെല്ലുവിളിക്കുകയാണ് റഷ്യ ചെയ്യുന്നത്. അന്താരാഷ്‌ട്ര നിയമാധിഷ്‌ഠിത ഉത്തരവ് നിലവിൽ വരുന്നതിന് മുമ്പ് യൂറോപ്പിനെ തകർത്ത യുദ്ധമുറ പുറത്തെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ആ അവസ്ഥയിലേക്ക് മടങ്ങി പോകാനാവില്ലെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയെ സമ്മർദ്ദത്തിലാക്കാൻ കൂടുതൽ ഉപരോധങ്ങളെക്കുറിച്ചും മറ്റ് സാമ്പത്തിക നടപടികളെക്കുറിച്ചും ബൈഡൻ സംസാരിച്ചു.
റഷ്യൻ ആക്രമണത്തിൽ ജനവാസ മേഖലയിലെ 4,500 കെട്ടിടങ്ങൾ തകർന്നതായി യുക്രൈൻ അറിയിച്ചു. 100 വാണിജ്യ കേന്ദ്രങ്ങൾ, 400 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 150 ഓളം ആശുപത്രി കെട്ടിടങ്ങളും നിലംപൊത്തി. നാശനഷ്ടത്തിന്റെ വ്യാപ്തി കൃത്യമായി പറയാൻ കഴിയില്ലെന്നും യുക്രൈൻ ഭരണകൂടം അറിയിച്ചു.
Story Highlights: ukraine people russia attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here