പെട്രോൾ പമ്പുകൾ തുറക്കണമെന്ന് കളക്ടറുടെ നിർദേശം

കോഴിക്കോട് ജില്ലയിലെ പെട്രോൾ പമ്പുകൾ നാളത്തെ ഹർത്താൽ ദിനത്തിലും തുറക്കണമെന്ന് ജില്ലാ കളക്ടർ. ആംബുലൻസ് ഉൾപ്പടെയുള്ള അവശ്യ സർവീസുകളെ ഹർത്താൽ ബാധിക്കാതിരിക്കാനാണ് പെട്രോൾ പമ്പുകൾ തുറക്കാൻ കളക്ടർ നിർദേശിച്ചത്. തുറന്ന് പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾക്ക് സുരക്ഷയൊരുക്കാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
അതേസമയം, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണമെന്നും അവശ്യസാഹചര്യത്തിൽ അല്ലാതെ ആർക്കും അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി വിധി പകർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
Read Also : ദിലീപ് നാളെയും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം
കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിൻ്റെ പകർപ്പ് കൈമാറി. അതിന് ശേഷമാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. പണിമുടക്കുടക്കിന് ഡയസ്നോൺ പ്രഖ്യാപിക്കാത്ത നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് അനുസരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവ് സർക്കാർ പൂർണമായും അനുസരിക്കുകയാണ് വേണ്ടത്. അതല്ലാതെ ഗവൺമെന്റിന് മറ്റ് വഴികളില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ സർക്കാർ മനസിലാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പരിശോധിക്കുമെന്ന് ഐഎന്‍ടിയുസി നേരത്തേ വ്യക്തമാക്കിയിരുന്നു. സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത ഇന്നത്തെ ദേശീയ പണിമുടക്കിനെ തുടർന്ന് അടച്ചിട്ടിരുന്ന കൊച്ചിയിലെ തീയറ്ററുകൾ തുറന്നു. ആറ് മണിക്ക് ശേഷമുള്ള ഷോകൾ ഇന്നുണ്ടാകും. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ രാവിലെ തീയറ്ററുകൾ തുറന്നിരുന്നില്ല. നാളെയും വൈകിട്ട് തീയറ്ററുകളിൽ പ്രദർശനമുണ്ടാകും.
Story Highlights: Collector’s order to open petrol pumps
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here