തെവാട്ടിയ ദ ഫിനിഷർ!; ഗുജറാത്തിന് ആവേശജയം

ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ആവേശജയം. 5 വിക്കറ്റിനാണ് തങ്ങളുടെ ആദ്യ ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ജയിച്ചുകയറിയത്. 159 റൺസിൻ്റെ വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ഗുജറാത്ത് 5 വിക്കറ്റ് നഷ്ടത്തിൽ 2 പന്തുകൾ ബാക്കിനിൽക്കെ വിജയം കുറിയ്ക്കുകയായിരുന്നു. 40 റൺസെടുത്ത് പുറത്താവാതെ നിന്ന രാഹുൽ തെവാട്ടിയ ആണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. ഹാർദ്ദിക് പാണ്ഡ്യ (33), മാത്യു വെയ്ഡ് (30), ഡെവിഡ് മില്ലർ (30) എന്നിവരും ഗുജറാത്തിനായി തിളങ്ങി.
മോശം തുടക്കമാണ് ഗുജറാത്തിനും ലഭിച്ചത്. ദുഷ്മന്ത ചമീര എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ശുഭ്മൻ ഗിൽ (0) പുറത്തായി. താരത്തെ ദീപക് ഹൂഡ പിടികൂടുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ വിജയ് ശങ്കറിൻ്റെ (4) കുറ്റി തെറിപ്പിച്ച ചമീര ഗുജറാത്തിനെ വീണ്ടും ബാക്ക്ഫൂട്ടിലാക്കി. മൂന്നാം വിക്കറ്റിൽ മാത്യു വെയ്ഡും ഹാർദ്ദിക് പാണ്ഡ്യയും ചേർന്ന കൂട്ടുകെട്ടാണ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.
നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ ഹാർദ്ദിക് തകർപ്പൻ ഫോമിലായിരുന്നു. വെയ്ഡും ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തി. എന്നാൽ, കൃണാൽ പാണ്ഡ്യയും രവി ബിഷ്ണോയും പന്തെറിഞ്ഞ് തുടങ്ങിയതോടെ മധ്യനിരയിൽ റണ്ണൊഴുക്ക് കുറഞ്ഞു. ഇതോടെ കൂറ്റനടിക്ക് ശ്രമിച്ച് ഹാർദ്ദിക്ക് പുറത്തായി. 28 പന്തിൽ 33 റൺസെടുത്ത ഹാർദ്ദിക്കിനെ കൃണാൽ പാണ്ഡ്യ മനീഷ് പാണ്ഡെയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ വെയ്ഡുമൊത്ത് 57 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഹാർദ്ദിക് പുറത്തായത്. ഏറെ വൈകാതെ വെയ്ഡും (30) മടങ്ങി. വെയ്ഡിനെ ഹൂഡ കുറ്റി പിഴുത് പുറത്താക്കുകയായിരുന്നു.
അഞ്ചാം വിക്കറ്റിൽ ഡേവിഡ് മില്ലറും രാഹുൽ തെവാട്ടിയയും ഒത്തുചേർന്നെങ്കിലും റൺ വരൾച്ച തുടർന്നു. ഒടുവിൽ ദീപക് ഹൂഡ എറിഞ്ഞ 16ആം ഓവറിൽ 22 റൺസടിച്ചാണ് ഗുജറാത്ത് കളി തിരിച്ചുപിടിച്ചത്. കൂറ്റൻ ഷോട്ടുകളിലൂടെ കളി തിരിച്ച സഖ്യം 18ആം ഓവറിൽ വേർപിരിഞ്ഞു. 21 പന്തുകളിൽ 30 റൺസെടുത്ത മില്ലറെ ആവേശ് ഖാൻ ലോകേഷ് രാഹുലിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. തെവാട്ടിയയുമായിച്ചേർന്ന് 60 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തിയ ശേഷമാണ് മില്ലർ പുറത്തായത്. എന്നാൽ, ഉറച്ചുനിന്ന തെവാട്ടിയ അഭിനവ് മനോഹറുമായിച്ചേർന്ന് ഗുജറാത്തിനെ ആവേശജയത്തിലെത്തിച്ചു. മനോഹറും (15) തെവാട്ടിയയും (40) നോട്ടൗട്ടാണ്.
Story Highlights: gujarat titans won lucknow super giants ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here